Day 2: Christchruch

പറഞ്ഞുറപ്പിച്ചത് പോലെ കൃത്യം രാവിലെ 10:40-ന്  തന്നെ Christchruch ഇന്റർനാഷണൽ എയർപോർട്ടിൽ ലാൻഡ് ചെയ്തു. നമുക്ക് കൈയ്യിൽ കരുതാവുന്ന സാധനങ്ങളിൽ ഒരുപാട് കർശന നിയമങ്ങൾ ഉള്ള ഒരു രാജ്യം ആണ് New Zealand, പ്രകൃതിയെ ഒരുപാട് സ്നേഹിക്കുകയും ആ വ്യവസ്ഥയെ അതിന്റെ തനതായ രീതിയിൽ സൂക്ഷിക്കുകയും ചെയ്യുന്നവർ. അതുകൊണ്ടു തന്നെ ഭക്ഷണ സാധനങ്ങളും, ഫ്രൂട്സും ഒക്കെ കരുതി വേണം കൊണ്ടുപോകാൻ. ഷൂവിന്റെ അടിയിലുള്ള മണ്ണിനുപോലും മാമ്മൻമാർ ഇടിവെട്ട് ഫൈൻ അടിച്ചുതന്നേക്കും. നേരത്തെ തന്നെ ഇക്കാര്യങ്ങൾ ഗ്രൂപ്പിൽ ഷെയർ ചെയ്തതിനാൽ ഉടുക്കാനുള്ള ഡ്രസ്സ് അല്ലാതെ വേറെ ഒന്നും ഞാൻ എടുത്തിരുന്നില്ല. ഇമ്മിഗ്രേഷൻ വലിയ കുഴപ്പങ്ങൾ ഒന്നും ഇല്ലാതെ കഴിഞ്ഞു. ഞാനും ഗിസല്ലയും ഒരു ലോക്കൽ സിം കാർഡ് എടുക്കാൻ അവിടെ തേരാ പാരാ കുറച്ചു കറങ്ങി. കൂടെ ഉള്ള ഗ്രൂപ്പ് വരാൻ ഇനിയും 2 മണിക്കൂർ കൂടി എടുക്കും. അപ്പോഴേക്കും ബ്രേക്ഫാസ്റ്റ്  എന്ന ചടങ്ങും കൂടി തീർത്തേക്കാം എന്ന് ഞങ്ങൾ തീരുമാനിച്ചു. എയർപോർട്ടിന്റെ ഉള്ളിൽ തന്നെ ഉള്ള ഒരു റെസ്റ്റോറന്റിൽ നിന്നും ബ്രേക്ഫാസ്റ്റ്  മെനു നോക്കി ഒരെണ്ണം കറക്കി കുത്തി ഓർഡർ ചെയ്തു, കൂടെ ഒരു കട്ടൻകാപ്പിയും. ഭാഗ്യം വലിയ കുഴപ്പമില്ലാത്ത ഒരു തീരുമാനം ആയിരുന്നു അത്. 

ഫുഡിങ് കഴിഞ്ഞു ഗിസല്ലയുമായി കത്തിയടിച്ചു ഇരിക്കുമ്പോഴേക്കും അടുത്ത ഗ്രൂപ്പ് ലാൻഡ് ചെയ്തു എന്ന മെസ്സേജ് കിട്ടി. ഞാനും, ഗിസല്ലയും തിരികെ പോയി അവരെ എല്ലാവരെയും പരിചയപ്പെട്ടു. 2 ഫാമിലിയും, 4 ആണുങ്ങളും, 10 സ്ത്രീകളും അടങ്ങുന്ന ഒരു മൾട്ടി നാഷണൽ, മൾട്ടി കൾച്ചർ ടീം ആയിരുന്നെങ്കിലും എല്ലാവരും പരസ്പരം വളരെ പെട്ടന്ന് തന്നെ സെറ്റ് ആയി. റോഡ് ട്രിപ്പ് ആണെന്ന് നേരത്തെ സൂചിപ്പിച്ചിരുന്നെല്ലോ, അതിനായി ബുക്ക് ചെയ്തിരുന്ന 4 കാറുകൾ കളക്റ്റ് ചെയ്യാൻ ഞങ്ങൾ എല്ലാവരും എയർപോർട്ടിന് പുറത്തുള്ള റെന്റൽ ഓഫീസിലേക്ക് പോയി. പുറത്തിറങ്ങിയപ്പോൾ നല്ല തണുപ്പ്, ജാക്കറ്റ് ഒരെണ്ണം കൈയ്യിൽ കരുതിയിരുന്നതിനാൽ രക്ഷപെട്ടു. ഞാനും ഗോപാലനും ഒരു കാർ ഷെയർ ചെയ്തു ഡ്രൈവ് ചെയ്യാൻ തീരുമാനിച്ചു. ഗിസല്ല തങ്കപ്പനുമായി വേറെ ഒരു കാർ ഷെയർ ചെയ്തു. ഇനിയുള്ള 8 ദിവസത്തിൽ ഏകദേശം 3500 കിലോമീറ്ററുകളോളം ഓടിക്കാനുള്ളതുകൊണ്ട് രണ്ടുപേരും മാറി മാറി വേണം ഡ്രൈവ് ചെയ്യാൻ. ഏറ്റവും മുന്നിൽ ആയി ഞങ്ങളുടെ കാർ ഓടട്ടെ എന്ന തീരുമാനം ട്രിപ്പ് ലീഡർ അനൗൺസ് ചെയ്തു. ആദ്യം ഒന്ന് ഞെട്ടിയെങ്കിലും ഗൂഗിൾ മാപ്‌സ് ദേവതയെ മനസ്സിൽ ധ്യാനിച്ചു ഞാൻ തല ചെറുതായി ഇളക്കി എന്റെ പൂർണ്ണസമ്മതം അറിയിച്ചു. അങ്ങനെ ഈ ട്രിപ്പിലെ ലീഡിങ് കാർ ഡ്രൈവേഴ്സ് ആയി ഞാനും ഗോപാലനും ചുമതലയേറ്റു. ഗോപാലന്റെ വൈഫ്  ജാനുവും, വേറെ രണ്ടു പെൺകുട്ടികളുമാണ് ഞങ്ങളുടെ കാറിലെ മറ്റു യാത്രക്കാർ. ഗോപാലൻ അപ്പോത്തന്നെ വാട്സ്ആപ്പിൽ “Car-1” എന്ന ഗ്രൂപ്പും ഉണ്ടാക്കി ഞങ്ങളെ 4 പേരെയും ആഡ് ചെയ്തു.

കാറുകളുമായി അടുത്ത കുറച്ചു ദിവസത്തേക്കുള്ള ഭക്ഷണവും, വെള്ളവും സ്റ്റോക്ക് ചെയ്യാൻ അടുത്തുള്ള Westfield സൂപ്പർമാർക്കറ്റിലേക്ക് വിട്ടു. കുറച്ചധികം ഹൈക്കിങ്, പ്ലാനിൽ ഉണ്ടായിരുന്നതിനാൽ ഇടയ്ക്കു കഴിക്കാനുള്ള ചോക്ലേറ്റും, എനർജി ബാറുകളും വാങ്ങി കുറച്ചു ഞാനും കൈയ്യിൽ വെച്ചു.

കുറച്ചു നേരത്തെ വിൻഡോ ഷോപ്പിംഗിനു ശേഷം അന്നത്തെ രാത്രി തങ്ങാനുള്ള ഹോട്ടലിന്റെ അഡ്രസ്സ് ഗൂഗിൾ മാപ്പ്‌സിൽ സെറ്റ് ചെയ്തു വണ്ടി വീണ്ടും വിട്ടു. ഓരോ രാത്രിയും ഓരോ സ്ഥലത്താണ് സ്റ്റേ ബുക്ക് ചെയ്തിട്ടുള്ളത്. പൗരാണിക രീതിയിൽ പണി തീർത്ത… അല്ലെങ്കിൽ അത് വേണ്ട. കുഴപ്പം ഒന്നും എടുത്തുപറയാനില്ലാത്ത വൃത്തിയുള്ള 4 അപ്പാർട്മെന്റുകൾ. നീണ്ട ഒരു യാത്ര കഴിഞ്ഞതിനാൽ ഒന്ന് ഫ്രഷ് ആയതിനു ശേഷം അവിടെ അടുത്തുതന്നെ ഉള്ള ഒരു ഗാർഡൻ കാണാൻ ഇറങ്ങി.

അടുത്തുള്ള ടൗണിലും മറ്റു പാർക്കിലും ഒക്കെ തെണ്ടി തിരിഞ്ഞു ഡിന്നറും കഴിഞ്ഞു തിരികെ നേരെ റൂമിൽ എത്തിയപ്പോഴേക്കും എല്ലാവരും നല്ല ടയേർഡ് ആയിരുന്നു. അതികം വെറുപ്പിക്കാതെ എല്ലാവരോടും ഗുഡ് നൈറ്റ് പറഞ്ഞു ലിവിങ് റൂമിലെ വിശാലമായ എന്റെ സോഫ ബെഡിൽ ഉറങ്ങാൻ ഞാൻ സെറ്റ് ആയി. യാത്രാക്ഷീണം കൊണ്ടായിരിക്കണം പെട്ടന്നുതന്നെ ഉറങ്ങി, ഏകദേശം വെളുപ്പിന് 3 മണി ആയിട്ടുണ്ടാകും, വലിയ ഒരു നിലവിളി കേട്ടാണ് പിന്നെ ഞാൻ കണ്ണ് തുറന്നത്. എന്താ സംഭവം എന്ന് ആദ്യം ഒട്ടും മനസ്സിലായില്ല. പകുതി ഉറക്കത്തിൽ കണ്ണും തിരുമ്മി നോക്കിയപ്പോൾ മുന്നിൽ ഒരു കറുത്ത രൂപം.

[തുടരും]

3 comments

Leave a Reply