Day 3: Christchruch – Tekapo

പടച്ചോനേ… കാത്തോളീ, മുന്നിൽ കണ്ട ആ കറുത്ത രൂപം പെട്ടന്നു മെയിൻ ഡോറിലൂടെ പുറത്തേക്ക് ഓടി മറഞ്ഞു. എന്താ സംഭവിച്ചത് എന്ന് ഒരു എത്തും പിടിയും കിട്ടാതെ കിറുങ്ങി ബെഡ്ഢിൽ ഇരിക്കുമ്പോൾ കൂടെ ഉണ്ടായിരുന്ന രണ്ടു പെൺകുട്ടികൾ, ഐഷുവും, റീനയും അവരുടെ മുറിയിൽ നിന്നും പുറത്തേക്കുവന്നു, കൂടെ ഗോപാലനും ജാനുവും. ആർക്കും ഒന്നും മനസ്സിലായില്ല, അപ്പോഴാണ് ഐഷു പറയുന്നത് അവരുടെ മുറിയിൽ ഒരാൾ കേറിയെന്നും, അവരുടെ ബാഗ് തുറന്നു മോഷണശ്രമം നടത്തി എന്നും. എല്ലാവരും എന്തോ ഒരർത്ഥത്തിൽ എന്നെ നോക്കുന്നുണ്ടായിരുന്നു. പരിചയമില്ലാത്ത സ്ഥലമായതുകൊണ്ടും നല്ല ധൈര്യം ഉള്ളതുകൊണ്ടും ഞാൻ തൽകാലം എന്റെ കട്ടിലിൽ തന്നെ ഇരിപ്പുറപ്പിച്ചു. ഗോപാലൻ കൈയ്യിൽ ഉണ്ടായിരുന്ന ഒരു ടോർച്ചും എടുത്തു വന്നപ്പോഴേക്കും എവിടെ നിന്നോ എനിക്കും കുറച്ചു ധൈര്യം കിട്ടി. സത്യം പറഞ്ഞാൽ അപ്പോഴാണ് ബോധം ശരിക്കും വീണത്. ഞങ്ങൾ എല്ലാവരും അവരവരുടെ ലഗ്ഗെജ് ഒക്കെ ഒന്നുകൂടെ വിശദമായി നോക്കി. അടിപൊളി, എന്റെ ഹൈക്കിങ് ബാഗ് കാണാനില്ല. എപ്പോഴും കൂടെ കരുതാം എന്നുള്ളത് കൊണ്ട് പാസ്സ്പോർട്ടും, ഒരു ക്യാമറയും പുതുതായി വാങ്ങിയ ഒരു സെൽഫി സ്റ്റിക്കും അതിലാണ് വെച്ചിരുന്നത്. ഇന്ത്യൻ കറൻസിയുടെ മൂല്യം പോലെ കൈയ്യിൽ ആകെ ഉണ്ടായിരുന്ന ധൈര്യം ചോർന്നുപോയി. കള്ളവണ്ടി പിടിച്ചും, കപ്പൽ കേറിയും, കടൽ നീന്തികടന്നും ഒക്കെ തിരിച്ചു നാട്ടിലേക്ക് പോകുന്ന രംഗങ്ങൾ മാറി മാറി മനസ്സിൽ പ്രിയദർശൻ മൂവി പോലെ മിന്നി മറഞ്ഞു. എന്തായാലും വേണ്ടില്ല പുറത്തിറങ്ങി നോക്കാം എന്ന് കരുതി ഞാനും ഗോപാലനും ഇല്ലാത്ത ധൈര്യം ഉണ്ടെന്നു കാണിച്ചു ഡോർ തുറന്നു പുറത്തേക്ക് ഇറങ്ങി. അവിടെ വരാന്തയിൽ കണ്ട കാഴ്ച്ച എന്റെ കരളലിയിച്ചു കളഞ്ഞു. ന്യൂ സിലൻഡിലെ ആ മീശ മാധവൻ എന്റെ പാസ്പോർട്ട് സുരക്ഷിതമായി അവിടെ ചാരുകസേരയിൽ വെച്ചിരിക്കുന്നു. ബാഗും, അതിലുണ്ടായിരുന്ന മറ്റു സാധനങ്ങൾ പോയെങ്കിലും കള്ളനോട് ഞാൻ മനസ്സിൽ ഒരുപാട് നന്ദി പറഞ്ഞു. പക്ഷെ ഐഷുവിന്റെ കുറെ പൈസയും, ഒരു മൊബൈലും, പാസ്‌പോർട്ടും ഒക്കെ ഉള്ള ഒരു ബാഗ് മൊത്തത്തിൽ പോയി കിട്ടി. ഒച്ച വെച്ചത് കൊണ്ടായിരിക്കും ഐഷുവിന്റെ പാസ്പോർട്ട് എടുത്തു മാറ്റി വെക്കാൻ മീശ മാധവന് സമയം കിട്ടാതെ പോയത്. പിന്നെ ഒന്നും പറയേണ്ട ബാക്കി 3 അപ്പാർട്മെന്റിലും പോയി എല്ലാവരോടും എല്ലാം ചെക്ക് ചെയ്യാൻ പറഞ്ഞു. ഞാനും ഗോപാലനും കൂടി ടോർച്ചും എടുത്തു സ്വയം ഇൻവെസ്റ്റിഗേഷൻ ഓഫീസർമാരായി ഐഷുവിന്റെ ബാഗ് പരിസരത്തു വല്ലതും ഉണ്ടോ എന്നറിയാൻ പുറത്തേക്കു ഇറങ്ങി. ട്രിപ്പ് ലീഡറോട് പോലീസിനെ വിളിക്കാനും പറഞ്ഞേൽപ്പിച്ചു. ഇൻവെസ്‌റ്റിഗേഷന്റെ ഭാഗമായി ഒരു കൈവിലങ്ങും ഞാൻ വഴിയിൽ നിന്നും കണ്ടെടുത്തു. പിന്നീട് പോലീസ് വന്നു കേസ് ഒക്കെ റിപ്പോർട്ട് ചെയ്യുന്നതിന്റെ ഇടക്കാണ് ഞാൻ കണ്ടുപിടിച്ച പ്രൈം എവിഡൻസ് കഴിഞ്ഞ ആഴ്ച ഹാലോവീൻ പാർട്ടി കഴിഞ്ഞു പോയ കുട്ടികൾ കളഞ്ഞ ടോയ് ആണെന്ന് മനസ്സിലായത്, അതും “മെയ്ഡ് ഇൻ ചൈന”. എന്നാലും എന്റെ ഇൻവെസ്റ്റിഗേഷൻ പാടവത്തെ കൂട്ടത്തിൽ ഉണ്ടായിരുന്ന ഓഫീസർ തോളത്തുതട്ടി അഭിനന്ദിച്ചു. പിന്നെ ഇതുതന്നെ ആയിരുന്നു കുറെ നേരം ചർച്ച. ഒന്നും ചെയ്യാൻ പറ്റാത്തതിനാലും, കേസ് റിപ്പോർട്ട് ചെയ്തു എന്ന സമാധാനത്തിലും എല്ലാവരോടും പോയി കിടന്നു ഉറങ്ങാൻ ട്രിപ്പ് ലീഡർ ഓർഡർ ഇട്ടു. എന്തായാലും ഈ സംഭവത്തോട് കൂടി ഞാൻ ഗ്രൂപ്പിൽ നല്ല ഹിറ്റ് ആയി.

നേരം പര പരാ എന്ന് വെളുത്തു, കഴിഞ്ഞ രാത്രിയിലെ സംഭവം വിശദമായി എല്ലാവരും ഡിസ്‌കസ് ചെയ്യുന്ന നേരത്തിനുള്ളിൽ ഞാൻ കുളിച്ചു റെഡി ആയി. കട്ടൻ കാപ്പിയോടുള്ള എന്റെ താല്പര്യം മനസ്സിലാക്കി, രാവിലെ തന്നെ ഫ്ലാസ്ക്കിൽ ചൂട് കട്ടൻ കാപ്പിയുമായി ഗിസല്ല വന്നു. യാത്രക്കിടയിൽ കുടിച്ചോളാം എന്ന് പറഞ്ഞു കുറച്ചു ഞാൻ എന്റെ ഫ്ലാസ്ക്കിലേക്കും പകർത്തി. എല്ലാവരും റെഡി ആയി, ഗോപാലൻ വന്നു കാറിന്റെ ചാവി എന്റെ നേരെ നീട്ടിയിട്ടു കാർ എടുത്തോളാൻ പറഞ്ഞു. ഫാർമേഴ്‌സ് കോർണർ ആണ് ഡെസ്റ്റിനേഷൻ എന്ന് ഗ്രൂപ്പിൽ മെസ്സേജും വന്നു. നേരെ ഫാർമേഴ്‌സ് കോർണറിലേക്ക്. ഒട്ടകമാണോ അതോ ആടാണോ എന്നൊരു സംശയം. ആദ്യമായിട്ടാണ് ഇങ്ങനെ ഒരു സാധനത്തിനെ കാണുന്നത്. അവിടെ എഴുതിവെച്ച ബോർഡിൽ Alpaca ആണെന്ന് വായിച്ചെടുത്തു. മൃഗങ്ങളെ ദൂരെ നിന്നുമാത്രം കാണാറുള്ളു, കുറച്ചു പേടി ഉണ്ട്. അതുകൊണ്ട് രണ്ടു മൂന്ന് ഫോട്ടോയുമെടുത്തു ഫാമിനോട് ചേർന്നു കിടക്കുന്ന അവരുടെ ഷോപ്പിൽ കുറച്ചു കറങ്ങി.

അവിടുന്ന് നേരെ ഒരു വൈനറിയിലേക്കു പോയി. വൈൻ ടേസ്റ്റിങ്ങിനുവേണ്ടി എല്ലാവരും കൈയ്യിൽ ഗ്ലാസ്സുമായി റെഡി ആയി. കേരളത്തിലെ ബീവറേജ്‌സ് Q ആണ് അപ്പോൾ മനസ്സിൽ വന്നത്. ഗോപാലൻ ഇടംകണ്ണിട്ടു ഇനി മൊത്തം ഓടിച്ചോളൂലെ എന്ന് എന്നോട് ചോദിച്ചു. തലകുലുക്കി ഞാൻ സമ്മതം മൂളി. അടുത്ത ഡെസ്റ്റിനേഷൻ ആയ Tekapo ഹോളിഡേ ഹോംസ് മാപ്പിൽ സെർച്ച് ചെയ്തു, പണിപാളി 130KM ഉണ്ട്. ഗോപാലനെ ഇനി ഡ്രൈവ് ചെയ്യാൻ പ്രതീക്ഷിക്കേണ്ട എന്ന് മനസ്സിലായി. കാർ സ്റ്റാർട്ട് ചെയ്തു നേരെ അന്നത്തെ സ്റ്റേ ആയ Tekapo ഹോളിഡേ ഹോംസിലേക്കു വിട്ടു. ഇടയ്ക്കു കുറച്ചു ബ്രേക്ക് ഒക്കെ എടുത്തു വെയിൽ ഒന്ന് താഴ്ന്നു വന്നപ്പോഴേക്കും ഡെസ്റ്റിനേഷൻ എത്തി. വരുന്ന വഴിക്കു Church of the Good Shepherd ഒന്നുകേറി എല്ലാവരും കുറച്ചു ഫോട്ടോസ് എടുത്തു.

ട്രിപ്പ് ലീഡർ വന്നു റൂമിന്റെ ചാവി എല്ലാവർക്കും കൈമാറി ഹൈക്കിങ്ങിനു റെഡി ആയിക്കോളാൻ ഉത്തരവിട്ടു. ആദ്യത്തെ ഹൈക്ക് ആണ്, എന്താണോ എന്തോ എന്നോടും ഗിസല്ലയോടും കൂടി ഹൈക്ക് ലീഡ് ചെയ്യാനും പറഞ്ഞു. മുതിർന്നവർ പറയുന്നത് അനുസരിക്കണമെല്ലോ, എതിരൊന്നും പറയാതെ ഞാൻ ആ വലിയ ഉത്തരവാദിത്തം ഏറ്റെടുത്തു. University of Canterbury, Mt John Observatory ആണ് ഹൈക്കിങ്ങിന്റെ എൻഡ് പോയിന്റ്. ഏകദേശം 4KM അപ്പ് ആൻഡ് ഡൌൺ ഉണ്ട്, നല്ല തണുത്ത കാറ്റും. വിശേഷങ്ങൾ ഒക്കെ പറഞ്ഞു അങ്ങനെ മലമുകളിൽ എത്തിയതറിഞ്ഞില്ല. നല്ല വ്യൂ, താമസിക്കുന്ന കോട്ടേജ് ഒരു തീപ്പെട്ടി കൂടുപോലെ കാണാം.

ഹൈക്കിങ് ഒക്കെ കഴിഞ്ഞു എല്ലാവരും തിരികെ റൂമുകളിൽ എത്തി. ഫ്രഷ് ആയി ഡിന്നർ കഴിക്കാൻ ഉള്ള തയ്യാറെടുപ്പിൽ ഞാൻ എന്റെ കൈയ്യിൽ ഉണ്ടായിരുന്ന കപ്പ് നൂഡിൽസ് കുറച്ചു തിളച്ച വെള്ളം ഒഴിച്ച് കഴിക്കാൻ പാകം ആക്കി എടുത്തു. സംഭവം ഇൻസ്റ്റന്റ് ആണെങ്കിലും എല്ലാവരുമായി വട്ടം കൂടിയിരുന്നു അന്നത്തെ വിശേഷങ്ങൾ ഒക്കെ പറഞ്ഞു ഡിന്നർ അങ്ങനെ കഴിച്ചിലാക്കി.

നാളത്തെ പ്രോഗ്രാം ട്രിപ്പ് ലീഡർ ഓടിച്ചു ഒന്ന് പറഞ്ഞുതന്നു. കുറച്ചു ദൂരം ഓടിക്കാനുണ്ട് എന്ന് പറഞ്ഞപ്പോൾ ഞാൻ ഗോപാലനെ ഒന്ന് നോക്കി. വളിച്ച ഒരു ചിരിയിൽ ഗോപാലൻ എല്ലാം നോക്കിക്കൊള്ളാം എന്നരീതിയിൽ കണ്ണിറുക്കി കാണിച്ചു. ഇന്ന് ആണുങ്ങൾ എല്ലാവരും ഒരുമിച്ചു ഒരു കോട്ടേജിൽ ആണ്. അത്യാവശ്യം കുറച്ചു ചളുവും തമാശകളും ഒക്കെ ഷെയർ ചെയ്തു ഗുഡ് നൈറ്റ് പറഞ്ഞു എല്ലാവരും കിടന്നു. കണ്ണൊന്നടച്ചപ്പോഴേക്കും മൊബൈലിൽ ഒരു മെസ്സേജ്.

[തുടരും]

3 comments

    1. ട്രിപ്പ് കഴിഞ്ഞു ഐഷു വെല്ലിങ്ടൺ പോയി ഒരു ട്രാവൽ പെർമിറ്റ് സങ്കടിപ്പിച്ചു. ☺️

Leave a Reply