Day 5: Queenstown – Te Anau

ഇന്റർനെറ്റിൽ ഇങ്ങനെ ഒരു ക്യാപ്സ്യൂൾ അക്കോമഡേഷൻ കൺസെപ്റ്റ് കണ്ടിട്ടുണ്ടെങ്കിലും ആദ്യമായിട്ടാണ് ഒന്നിൽ ഒരു രാത്രി ഉറങ്ങാൻ പോകുന്നത്. ഞാൻ അടക്കം എല്ലാവർക്കും ഇതൊരു ഫസ്റ്റ് ടൈം എക്സ്പീരിയൻസ് ആണ്. അതുകൊണ്ടാകണം രാവിലെ തന്നെ ട്രിപ്പ് ലീഡർ “ചാക്കോ” ഒരു സസ്പെൻസ് ഉണ്ടെന്നു പറഞ്ഞത്. 8 ക്യാപ്സ്യൂൾ അടങ്ങിയ ഒരു മുറി ആയിരുന്നു എന്റേത്. അതിൽ മേലെയുള്ള ക്യാപ്സ്യൂൾ ഒരെണ്ണം ഞാൻ എടുത്തു. സോളോ ട്രിപ്പ് പോകുമ്പോഴോ, ചെറിയ ഒരു ടീം ആയിട്ട് പോകുമ്പോഴോ ഒക്കെ ഇത് നല്ല ഒരു ഓപ്ഷൻ ആണ്. പൈസ കുറച്ചു ലാഭിക്കാം എന്ന ഒരു അഡ്വാൻറ്റേജും ഉണ്ട്. കൂടെ ചിലപ്പോൾ ഒരു പരിചയവും ഇല്ലാത്തവർ ആയിരിക്കും. എല്ലാവരും ഒരേ ഇന്ററസ്റ്റ് ഷെയർ ചെയ്യുന്നതിനാൽ കുറെ സംസാരിക്കാനും അവരുടെ ട്രാവൽ എസ്‌പീരിയൻസിൽ നിന്നും പലതും പഠിക്കാനും കഴിയും. കാഴ്ചകൾ കാണുന്നതിനോടൊപ്പം പല സംസ്കാരങ്ങളും, ജീവിതരീതികളും ഒക്കെ മനസ്സിലാക്കുകയാണെല്ലോ യാത്രയുടെ ഉദ്ദേശ്യം തന്നെ. പുറമെ നിന്ന് അപരിചിതർ ആരും ഞങ്ങളുടെ റൂമിൽ ഉണ്ടായിരുന്നില്ല. എന്തായാലും എല്ലാവരും കൂടി നിന്ന് ഒരു ഫോട്ടോ എടുത്ത ശേഷം ബാക്കിയുള്ളവർ അവരവരുടെ റൂമിലേക്ക് പോയി.

നേരം വെളുത്തു, രാവിലത്തെ ചടങ്ങുകൾ ഒക്കെ കഴിഞ്ഞു അന്നത്തെ പരിപാടികൾ തുടങ്ങുന്നതിനു മുൻപ് പുറത്തേക്കു ഒന്ന് ഇറങ്ങി. ഫസ്റ്റ് ഡേ കള്ളൻ കയറി, ബാഗ് കൊണ്ട് പോയതിന്റെ കൂടെ എന്റെ പുതിയ ഒരു ജാക്കറ്റ് കൂടി കൊണ്ടുപോയിരുന്നു. രണ്ടു ദിവസമായി ഒരു വിൻഡ് ബ്രേക്കർ വെച്ചാണ് അഡ്ജസ്റ്റ് ചെയ്തിരുന്നത്. ജാക്കറ്റ് കൂടി നോക്കാം എന്ന് കരുതി പുറത്തേക്കു ഇറങ്ങിയെങ്കിലും കടകൾ ഒന്നും അങ്ങനെ തുറന്നിട്ടില്ല. എന്നാൽ പിന്നെ ബ്രേക്ഫാസ്റ്റ് കഴിക്കാം എന്ന് കരുതി അടുത്ത് കണ്ട റെസ്റ്റോറന്റിൽ കയറി. നോക്കിയപ്പോൾ ചാക്കോയും, വക്കച്ചനും അവിടെ ഉണ്ട്. രണ്ടുപേർക്കും 65-നു മുകളിൽ പ്രായം ഉണ്ട്. ഒരു ഇംഗ്ലീഷ് ബ്രേക്ഫാസ്റ്റ് (രണ്ടു ബ്രഡ്, ഒരു മുട്ട പുഴുങ്ങിയത്, ബെക്ഡ് ബീൻസ്, ഒരു കട്ടൻ കാപ്പി) ഓർഡർ ചെയ്തു അവരുടെ കൂടെ കൂടി. ഉമ്മറത്ത് ചാരുകസേരയിൽ ഇരുന്ന്, പ്രഷറിന്റെയും, ഷുഗറിന്റെയും മരുന്ന് കഴിച്ചു തീർക്കേണ്ടതല്ല റിട്ടയർമെന്റ് ജീവിതം എന്ന് അവരുടെ തമാശകൾ പറഞ്ഞുള്ള പൊട്ടിചിരിയിൽ നിന്നും എനിക്ക് അവർ മനസ്സിലാക്കിത്തന്നു. മൂത്താപ്പ എന്ന് കൂട്ടുകാർ വിളിച്ചു കളിയാക്കുമെങ്കിലും ഈ ഗ്രൂപ്പിൽ ഏറ്റവും പ്രായം കുറവ് എനിക്കാണ്. എന്നാലും ഞങ്ങളുടെ ഇടയിൽ അങ്ങനെ ഒരു വ്യതാസം തോന്നിയില്ല. പ്രായം മനസ്സിന്റെ ഒരു തോന്നലാണെന്നു പറയുന്നതിന്റെ പൊരുൾ ശരിക്കും അന്നാണ് മനസ്സിലായത്.

ഇന്നത്തെ ഡെസ്റ്റിനേഷൻ Te Anau ആണ്. റോഡിന്റെ ഇരുവശത്തും നല്ല ലാൻഡ്‌സ്‌കേപ്പ് ആണ്, കൂടെ നല്ല തണുപ്പും. ഗോപാലൻ ഇടയ്ക്ക് വിൻഡോ താഴ്ത്തി ഫോട്ടോസ് എടുക്കുന്നുണ്ട്. വൈകിട്ട് റൂമിൽ എത്തിയാൽ എല്ലാ ഫോട്ടോസും ഗ്രൂപ്പിൽ ഷെയർ ചെയ്യും. ആളൊരു ഫോട്ടോ പ്രാന്തൻ കൂടിയാണ്. ഇന്നത്തെ ഹൈക് Miford Sound എന്ന സ്ഥലത്താണ്. സൗത്ത് ഐലന്റിലുള്ള ഏതു ടൂർ പാക്കേജ് എടുത്താലും ഇതൊരു മെയിൻ സ്ഥലമാണ്. ഇടയ്ക്കു Mossy forest-ൽ ചെറിയ ഒരു ട്രെക്ക് ഉണ്ട്, വണ്ടി നേരെ അങ്ങോട്ടേക്ക് വിട്ടു. അവിടെ എത്തിയപ്പോഴേക്കും ചെറുതായി മഴപെയ്തു തുടങ്ങി. എല്ലാവരും റെയിൻ ജാക്കറ്റും ഒക്കെ ഇട്ടു കാടുകാണാൻ ഇറങ്ങി. പായൽപിടിച്ചു കിടക്കുന്ന ഒരു കാട്. കേൾക്കുമ്പോൾ ഒരു താൽപര്യക്കുറവ് തോന്നുമെങ്കിലും കാട്ടിലേക്ക് കയറിയപ്പോൾ മട്ടാകെ മാറി. മഴച്ചാറ്റൽ ഉള്ളത് കൊണ്ടാണോ എന്നറിയില്ല, കണ്ണിനും മനസ്സിനും ഒരു പോലെ കുളിരുത്തരുന്ന ഒരു ഫ്രഷ്‌നെസ്സ് ഫീൽ ഉണ്ടായിരുന്നു.

കാട്ടിലെ നടത്തം ഒക്കെ കഴിഞ്ഞു തിരികെ എത്തിയപ്പോൾ തങ്കപ്പനെ കാണാനില്ല. ഒരു അരമണിക്കൂർ കഴിഞ്ഞു തങ്കപ്പനെ കണ്ടുപിടിച്ചു. കാടിന്റെ സൗന്ദര്യമാസ്വദിച്ചു പുള്ളിക്കാരൻ രണ്ട് റൌണ്ട് അടിച്ചു. എന്തായാലും യാത്ര തുടർന്നു. ഇടയിൽ “The Chasm” എന്ന ഒരു വെള്ളച്ചാട്ടം കാണാൻ പോയി. Milford Sound-ലെ ഹൈക്കിങ് താമസിക്കേണ്ട എന്ന് കരുതി ഇൻസ്റ്റാഗ്രാമിൽ ഇടാൻ പാകത്തിന് കുറച്ചു ഫോട്ടോസ് എടുത്തു വേഗം അവിടുന്നും വണ്ടിവിട്ടു. Milford Sound എത്തിയപ്പോഴേക്കും മഴ കുറച്ചു കട്ടിയായി. ട്രാക്ക് നനഞ്ഞു കിടക്കുന്നതിനാൽ അന്നത്തെ ഹൈക്കിങ് ക്യാൻസൽ ചെയ്തു മഴയിൽ കുറേനേരം അവിടെ കറങ്ങി നടന്നു. ഒരു കടലിടുക്ക് ആണ് സ്ഥലം. കപ്പൽ യാത്ര ഒക്കെ ഉണ്ട് എന്നു പറഞ്ഞറിഞ്ഞു, പക്ഷെ കാലാവസ്ഥ കുറച്ചു മോശം ആയതുകൊണ്ടാണെന്നു തോനുന്നു അതെല്ലാം തൽകാലം ക്യാൻസൽ ചെയ്തിരിക്കുന്നു.

നേരെ Te Anau ലക്ഷ്യമാക്കി കാർ എടുത്തു, വന്ന വഴിയേ തന്നെ വേണം തിരിച്ചു പോകാൻ. ഡ്രൈവിംഗ് ഏറ്റെടുത്തതിനാൽ എനിക്കും ഗോപാലനും കുശാലാണ്. ഞങ്ങൾ ഉറങ്ങാതിരിക്കാനും ഡ്രൈവിംഗ് മടുക്കാതിരിക്കാനും ഒക്കെ ഇടയ്ക്കിടയ്ക്ക് ചായ, കാപ്പി, ചോക്ലേറ്റ് എല്ലാം കൃത്യമായ ഇടവേളകളിൽ പിൻസീറ്റിൽ നിന്നും വന്നുകൊണ്ടേയിരിക്കും. നല്ല ലാൻഡ്‌സ്‌കേപ്പ് ഉള്ള സ്ഥലങ്ങളിൽ ഒക്കെ നിറുത്തി നിറുത്തി ഫോട്ടോസ് ഒക്കെ എടുത്തു ഒടുവിൽ ബുക്ക് ചെയ്ത Te Anau holiday park-ൽ എത്തി. നേരം കുറച്ചു ഇരുട്ടിയിരുന്നു. ഇന്ന് വക്കച്ചനും, തങ്കപ്പനും, ചാക്കോയും, ഞാനും ഒരു മുറിയിൽ ആണ്. പതിവ് പോലെ മുകളിലുള്ള ബെഡ് ഞാൻ എടുത്തു. റൂമിൽ വന്നാൽ ചാക്കോയ്ക്ക് നല്ല പണിയാണ്. ട്രിപ്പ് ലീഡർ എന്ന നിലയിൽ അന്നത്തെ ചിലവിന്റെ കണക്കും, നാളത്തേക്കുള്ള പ്ലാനിങ്ങും എല്ലാം ചെയ്യണം. ഇടയ്ക്കു പ്ലാനിങ്ങിൽ എന്നെയും വിളിക്കും. മറ്റു രണ്ടുപേരും ഫ്രഷ് ആയിവന്നപ്പോഴേക്കും നാളത്തേക്കുള്ള പ്ലാനിങ് എല്ലാം ഞങ്ങൾ രണ്ടുപേരും കൂടി തീർത്തു.

ഒന്ന് ഫ്രഷ് ആയിട്ടുവരാം എന്നും പറഞ്ഞു ഞാൻ റൂമിൽ നിന്നും ഇറങ്ങി. കുളിയും നനയും ഒക്കെ കഴിഞ്ഞു തിരികെ റൂമിൽ വന്നപ്പോൾ ആരെയും കാണാനില്ല. അപ്പുറത്തും ഇപ്പുറത്തും ഉള്ള റൂമുകളിലും ആരും ഇല്ല. പടച്ചോനെ, എല്ലാരേം കള്ളൻ വന്നു കട്ടോണ്ടുപോയോ? തലയണക്കടിയിൽ വെച്ചിരുന്ന പാസ്സ്പോർട്ടും, പേഴ്സും, മൊബൈലും ഒക്കെ അവിടെ തന്നെ ഉണ്ടാകുമായിരിക്കും.

[തുടരും]

One comment

Leave a Reply