Day 6: Te Anau – Kinloch Lodge

ഭാഗ്യം. മൊബൈലും മറ്റു സാധനങ്ങളും എല്ലാം അവിടെ തന്നെ ഉണ്ട്. ചാക്കോച്ചനെ വിളിക്കാൻ വേണ്ടി മൊബൈൽ എടുത്തപ്പോഴാണ് മെസ്സേജ് കാണുന്നത്. എല്ലാവരും അവിടെ പാൻട്രിയിലാണ്. Milford Sound-ലെ ഹൈക്കിങ്ങ് ഇല്ലാതിരുന്നതുകൊണ്ട് എല്ലാവർക്കും കുറച്ചു ആരോഗ്യം ബാക്കി ഉണ്ട്. അപ്പോപ്പിന്നെ കുറച്ചു നേരം കൂടിയിരുന്നു വിശേഷങ്ങൾ ഒക്കെ പറഞ്ഞു തീർക്കാൻ തീരുമാനിച്ചു കൂടിയതാണ്. തമാശകളും യാത്രക്കിടയിലെ മണ്ടത്തരങ്ങളും ഒക്കെ പങ്കുവെച്ചു സമയം കുറെ കഴിഞ്ഞു ഇരുട്ടിയാണ് എല്ലാവരും റൂമികളിലേക്ക് പോയത്. സംസാരത്തിലെ മെയിൻ വിഷയം കള്ളൻ ആയിരുന്നു. അന്നാണ് ഐഷു ആ സത്യം തുറന്നു പറഞ്ഞത്. ആദ്യം വിചാരിച്ചിരുന്നത് ഞാൻ ആയിരുന്നു ആ കള്ളൻ എന്ന്. ഒരു കള്ളലക്ഷണം ഉണ്ടെങ്കിലും കട്ടിലിൽ പകച്ചുള്ള എന്റെ ഇരുപ്പും, പിന്നീട് നഷ്ടപെട്ട ബാഗിന് വേണ്ടിയുള്ള ഇൻവെസ്റ്റിഗേഷനിൽ എന്റെ ആത്മാർത്ഥതയും കണ്ടു ആ സംശയം ഇല്ലാതായി. മെച്യുരിറ്റി ഉള്ള ഒരു ക്യാരക്റ്റർ ആണ് ഐഷുവിന്റെത്. പൈസയും, പാസ്സ്പോർട്ടും ഒക്കെ നഷ്ടപ്പെട്ടിട്ടും നല്ല സ്ട്രോങ്ങ് ആയി കാര്യങ്ങൾ എല്ലാം ഫേസ് ചെയ്തു. എല്ലാ ബാങ്കിലും വിളിച്ചു ലോസ്റ്റ് കാർഡ് റിപ്പോർട്ട് ചെയ്യുകയും, വെല്ലിങ്ങ്ടണിലുള്ള സിങ്കപ്പൂർ എംബസ്സിയിൽ വിളിച്ചു ട്രാവൽ പെർമിറ്റ്‌ എല്ലാം സ്വയം ശെരിയാക്കുകയും ചെയ്തു. കുറച്ചു ടെൻഷൻ അടിച്ചെങ്കിലും എന്നിലുള്ള തെറ്റിധാരണ മാറിയതിൽ എനിക്ക് സമാധാനം ആയി. പിന്നീടുള്ള ദിവസങ്ങളിൽ മോഷണശ്രമം ഒഴിവു സമയങ്ങളിൽ പറഞ്ഞു ചിരിക്കാനുള്ള ഒരു കോമഡി ആയി മാറി. ഒരു പക്ഷെ ഇന്നത്തെ കാലഘട്ടത്തിൽ മറ്റെന്തിനേക്കാളും നഷ്ടപ്പെടാതെ സൂക്ഷിക്കേണ്ടത് മൊബൈൽ ആണെന്ന് പറയാം. ഒരു എമർജൻസി സിറ്റുവേഷനിൽ വിളിക്കേണ്ട നമ്പർ പോലും നമ്മളിൽ പലർക്കും കാണാതെ അറിയില്ല. നമ്മുടെ ബാങ്കിങ്, സോഷ്യൽ മീഡിയ, പേഴ്സണൽ ലൈഫ്, എല്ലാം ഈ ഒരു സാധനത്തിൽ ആണ് ഉള്ളത്. കുറച്ചു പേരുടെ നമ്പർ എങ്കിലും മനഃപാഠമാക്കി വെക്കുന്നത് നന്നായിരിക്കും എന്ന് തോന്നി.

[6 Nov 2019] Kinloch Lodge, Glenorchy ആണ് ഇന്നത്തെ ഡെസ്റ്റിനേഷൻ. ഫസ്റ്റ് ദിവസം തന്നെ ചാക്കോ പോകേണ്ട സ്ഥലങ്ങൾ എല്ലാം ഗൂഗിൾ മാപ്‌സിൽ സെറ്റ് ചെയ്തു ഷെയർ ചെയ്തിരുന്നു. കൂടാതെ ഈ സ്ഥലങ്ങളിലെ ഓഫ്‌ലൈൻ മാപ്പ്‌സും എല്ലാവരും ഡൌൺലോഡ് ചെയ്യാനും പറഞ്ഞിരുന്നു. എപ്പോഴും യാത്രകളിൽ ഓഫ്‌ലൈൻ മാപ്പ്സ് സേവ് ചെയ്തു വെക്കേണ്ടത് അത്യാവശ്യമാണ്. ഇന്റർനെറ്റ് യൂസേജ് കുറയ്ക്കാനും, ഇന്റർനെറ്റ് കണക്ഷൻ ഇല്ലെങ്കിലും വഴി കണ്ടുപിടിക്കാനും ഇത് ഉപകരിക്കും. Te Anau നിന്നും വന്ന വഴിയിലൂടെ Queenstown കടന്നു വേണം പോകാൻ. Routeburn Track ആണ് ഇന്ന് ഹൈക്കിങ്ങിനു തിരഞ്ഞെടുത്തിട്ടുള്ളത്. നടന്നു വലിയ ശീലം ഒന്നും ഇല്ലാത്തതുകൊണ്ട് രാവിലെ എഴുന്നേറ്റപ്പോൾ ചെറിയ ഒരു കാലുവേദന ഉണ്ടായിരുന്നു. കൈയ്യിൽ കരുതിയിരുന്ന ഫസ്റ്റ് എയ്ഡ് കിറ്റിൽ നിന്നും മസ്സിൽ പെയ്‌നിനുള്ള ഒരു സ്പ്രേ എടുത്തു കാച്ചാം പീച്ചാം അടിച്ചു ഉഷാറായി. കാലിനു ചെറിയ ഒരു വേദന ഉള്ളതിനാൽ ഇന്നത്തെ ഹൈക്ക് ഗിസല്ലയും തങ്കപ്പനും കൂടി ലീഡ് ചെയ്യാൻ പറഞ്ഞു. ചാക്കോയെ ട്രിപ്പിന് വേണ്ടി ഉള്ള ചെറിയ സഹായങ്ങൾ ചെയ്തുകൊടുക്കുന്നത് കൊണ്ട് ഒരു അസിസ്റ്റന്റ് ട്രിപ്പ് ലീഡർ എന്ന പൊസിഷനിലേക്കു അപ്പോഴേക്കും എന്നെ പ്രമോട്ട് ചെയ്തിരുന്നു.

അധികം വൈകാതെ തന്നെ Routeburn എത്തി. ഹൈക്കിനു മുൻപും കുറച്ചു സ്പ്രേ എടുത്തു കാലിൽ അടിച്ചു, വെറുതെ ഒരു ബലത്തിന്. ചാക്കോയെ വിളിച്ചു ഇന്ന് സ്വീപ്പിങ്ങ് ഞാൻ ചെയ്തോളാം എന്ന് അറിയിച്ചു. ഗ്രൂപ്പിൽ ഏറ്റവും ഒടുവിൽ പോകുന്ന ആളാണ് സ്വീപ്പർ. കൂട്ടത്തിൽ ആരെയും മിസ് ആകാതെ നോക്കുകയാണ് സ്വീപ്പറുടെ ചുമതല. അതുകൊണ്ട് ഇന്നത്തെ ഹൈക്ക് കുറച്ചു സ്ട്രെസ് കുറവായിരുന്നു. ആവശ്യത്തിന് സമയം എടുത്തു എല്ലാവരെയും അടിച്ചുവാരികൂട്ടി ആണ് ഞാൻ നടന്നിരുന്നത്. ഇടക്കുവെച്ചു ദാമുവും, വൈഫ് റാണിയും ആയി കുറച്ചു നടന്നു. രണ്ടു പേരും റിട്ടയർ ആയി ലോകം ചുറ്റാൻ തീരുമാനിച്ചു ഇറങ്ങിയതാണ്. എന്നെക്കുറിച്ചും, നാടിനെ കുറിച്ചും ഒക്കെ കുറെ ചോദിച്ചു. ഇന്ത്യ എന്ന് പറഞ്ഞാൽ ചെന്നൈ, മുംബൈ ആണ് എല്ലാവർക്കും ചോദിക്കാൻ ഉള്ളത്. എന്നാൽ ദൈവത്തിന്റെ സ്വന്തം നാട് എന്ന് പറഞ്ഞു ഞാൻ കേരളത്തെ പരിചയപ്പെടുത്തി. കേരളത്തിൽ ഇങ്ങനെ ഉള്ള സ്ഥലങ്ങൾ ഉണ്ടോ എന്നായി പിന്നെ ചോദ്യം. മുൻപ് മൂന്നാർ പോയ ട്രിപ്പിന്റെ കുറച്ചു കിടുക്കാച്ചി ഫോട്ടോസ് ഞാൻ അവരെ മൊബൈലിൽ കാണിച്ചു കൊടുത്തു. രണ്ടാളും ശെരിക്കും വണ്ടറടിച്ചു പോയി. അല്ല പിന്നെ, നമ്മൾ മലയാളികളോടാണ് കളി.

ഹൈക്ക് ഒരു ചെറിയ അരുവിയുടെ അരികിൽ ആണ് അവസാനിച്ചത്. അരുവിക്കപ്പുറമായി നമ്മുടെ ഇടുക്കിയിലെ കുറവൻ കുറത്തി മലയും. ഇടുക്കി ഡാമിന്റെ ഒരു കുറവ് മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളു. എന്തായാലും ഒരു ടാസ്ക് കൂടി കമ്പ്ലീറ്റ് ചെയ്തതിന്റെ സന്തോഷത്തിൽ നടുനിവർത്തി നീണ്ടുനിവർന്ന് ഒന്ന് കിടന്നു, കൂടെ ഒരു ഫോട്ടോയും. എന്റെയുള്ളിലെ ആർക്കിടെക്റ്റ് അവിടെ ഒരു ഡാം പണിയാൻ പ്ലാൻ ഇട്ടെങ്കിലും ഏഷ്യയിലെ ഏറ്റവും വലിയ ആർച് ഡാം എന്ന സ്ഥാനം നമ്മുടെ സ്വന്തം ഇടുക്കിക്ക് തന്നെ സമ്മാനിച്ചുകൊണ്ട് ഞാൻ തിരിച്ചു നടന്നു.

ഫസ്റ്റ് ദിവസം വാങ്ങിവെച്ചിരുന്ന ഭക്ഷണ സാധനങ്ങൾ ഒക്കെ ഏതാണ്ട് തീരാറായി. തിരികെ പോകുന്ന വഴിക്കു Queenstown-ലെ ഒരു സൂപ്പർമാർക്കറ്റിൽ കയറി ഇനി അടുത്ത കുറച്ചു ദിവസത്തേക്കുള്ള സാധനങ്ങളും, കുടിവെള്ളവും ഒക്കെ വാങ്ങി സ്റ്റോക്ക് ചെയ്തു. ഇടക്കുവെച്ചു Devil’s staircase എന്ന ലുക്കൗട്ട് പോയിന്റിൽ ഒന്ന് ചവിട്ടി. ഇൻസ്റ്റാഗ്രാമിലെ ബൂമറാങ്ങ് ഷോട്ട് ഒരെണ്ണം എടുക്കാം എന്നുപറഞ്ഞു ഗോപാലൻ എന്നെ വിളിച്ചു. എന്താ സംഭവം എന്നെനിക്കു അറിയില്ല. ഒരു സ്റ്റെപ്പ് പഠിപ്പിച്ചുതന്നിട്ടു അത്പോലെ ചെയ്താൽ മതി എന്നുപറഞ്ഞു. പിന്നെ ഒന്നും നോക്കിയില്ല പാറപുറത്തു കയറി സ്റ്റെപ്പോടു സ്റ്റെപ്പ്.

നീണ്ട ഒരു സീനിക് ഡ്രൈവ് കഴിഞ്ഞു ഞങ്ങൾ നേരെ ലോഡ്ജിൽ എത്തി. ഒരു ലേക്കിന്റെ അരികിലാണ് ലോഡ്ജ്, നല്ല വ്യൂ ഉണ്ട്. രാവിലെ സൺറൈസ് കാണാം എന്ന് പറഞ്ഞു ദാമു എല്ലാവരെയും ഒന്ന് ഉഷാറാക്കി. റൂം കീസ് വാങ്ങാൻ ദാമു പോയ നേരം ഞങ്ങൾ എല്ലാവരും കുറച്ചു നേരം ആ വ്യൂ ആസ്വദിച്ചു അവിടെ നിന്നു.

രണ്ടുപേരുടെ മുറികളാണ് ഇന്ന് എല്ലാവർക്കും, ഞാനും തങ്കപ്പനും ഒരു റൂം എടുത്തു. റൂമിലേക്ക് ലഗേജ് എല്ലാം കയറ്റിവെച്ചു, ഞാൻ എന്റെ ഫ്ലാസ്ക്കും എടുത്തു ഒരു കട്ടൻ കാപ്പി ഉണ്ടാക്കാൻ കിച്ചണിലേക്കു കയറി. ഇൻസ്റ്റന്റ് കാപ്പി ആണ്. കുറച്ചു ചൂടുവെള്ളം മാത്രം ഒഴിച്ചാൽ മതി, സാധനം റെഡി. അവിടെ ചെന്നപ്പോൾ ഇന്ന് പ്ലാൻ ചെയ്തിരുന്ന കമ്മ്യൂണിറ്റി കുക്കിങ്ങിന്റെ ബഹളം. എല്ലാവരും എന്തെങ്കിലും ഒരു ഐറ്റം അതിലേക്കായി ഡൊണേറ്റ് ചെയ്യണം. എന്നിട്ടു ഒരുമിച്ചു കൂടി ഒരു ചറ പറ കുക്കിങ്ങ്. ഡ്രൈവേഴ്‌സിന് ഒരു പ്രതേക പരിഗണന ഉണ്ട്. വണ്ടി ഓടിച്ചു ക്ഷീണിച്ചു വരുന്നതിനാൽ ഗ്രൂപ്പ് കുക്കിങ്ങിൽ നിന്നും അവരെ ഒഴിവാക്കിയിട്ടുണ്ട്. ഫുഡ് കഴിക്കാൻ ടൈം ആകുമ്പോൾ കൈയും കഴുകി ചെന്നിരുന്നാൽ മതി. എന്റെ കുക്കിങ്ങ് കഴിവുകൾ വെളിപ്പെടുത്താൻ അവസരം കിട്ടിയിട്ടും, എല്ലാവരുടെയും ആരോഗ്യവും അടുത്ത കുറച്ചു ദിവസത്തെ യാത്രയും കണക്കിലെടുത്തു കിച്ചണിൽ നിന്നും ഞാൻ സ്വയം മാറി നിന്നു. കുറച്ചു തിളച്ചവെള്ളം ഞാൻ ഫ്ലാസ്കിൽ ഒഴിച്ച് കാപ്പിപൊടിയും ഇട്ടു റൂമിനു പുറത്തുള്ള തടി ബെഞ്ചിൽ വിശാലമായ ലേക്ക് നോക്കി ഞാൻ ഇരുന്നു. അവിടെ ബെഞ്ചിൽ ഒറ്റക്ക് ചൂട് കട്ടൻകാപ്പി ആസ്വദിച്ചു കൊണ്ടിരിക്കുന്ന എന്റെ അടുത്ത് വന്നു ഗിസല്ല ചോദിച്ചു. “Why are you sitting alone?’ ഡ്രൈവ് ചെയ്യുന്നതിനാൽ ഗിസല്ലയും കുക്കിങ്ങിൽ നിന്നും ഫ്രീ ആയിരുന്നു. “Hey, nothing. Just enjoying the view” എന്ന് മറുപടി കൊടുത്തു. സ്പിൻ ചെയ്തു വരുന്ന ബോൾ മാസ്റ്റർ ബ്ലാസ്റ്റർ സ്വീപ്പ് ചെയ്തു ബൗണ്ടറി പായിക്കുന്നതു പോലെ, ബഞ്ചിന്റെ നടുവിൽ നിന്നും ഒരെറ്റത്തേക്കു നീങ്ങി ഗിസല്ലയോടും കൂടെ ഇരുന്നോളാൻ ഞാൻ സമ്മതം അറിയിച്ചു.

[തുടരും]

3 comments

Leave a Reply