Day 7: Kinloch – Wanaka

ഞാനും ഗിസല്ലയും അവിടെ ആ ബെഞ്ചിൽ വിശാലമായ ലേക്ക് നോക്കി ഞങ്ങളുടെ കട്ടൻകാപ്പി ആസ്വദിച്ചു, വിശേഷങ്ങളും യാത്രക്കിടയിലെ തമാശകളും ഒക്കെ പറഞ്ഞിരുന്നപ്പോഴേക്കും ഡിന്നർ റെഡിയായി. എല്ലാവരും കൂടി ഒരു വട്ടമേശ സമ്മേളനം പോലെ ഒച്ചപ്പാടും ബഹളവും ഒക്കെ ആയി ഡിന്നർ അങ്ങനെ തീർന്നു. കള്ളന്റെ വിഷയം ഇപ്പോൾ എല്ലാദിവസവും ഒരു മെയിൻ ടോപ്പിക് ആണ്. ഡിന്നർ കഴിഞ്ഞു നേരം കുറെ ഇരുട്ടിയെങ്കിലും കുറച്ചു നേരം കൂടി ഞാനും, തങ്കപ്പനും, വക്കച്ചനും അവിടെ ആ ബെഞ്ചിൽ ലേക്ക് നോക്കി സൊറ പറഞ്ഞു ഇരുന്നു. ആ തണുപ്പത്ത് തെളിഞ്ഞ ആകാശത്തിനു താഴെ എല്ലാ ടെൻഷനും മറന്നു അങ്ങനെ നിൽക്കുമ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ഫീൽ ആയിരുന്നു.

[7 Nov 2019] രാവിലെ തന്നെ കുളിയും തേവാരവും ഒക്കെ കഴിഞ്ഞു ഒരു കപ്പ് നൂഡിൽസുമായി ഞാൻ കിച്ചണിലേക്കു പോയി. ബ്രേക്ഫാസ്റ്റ് ചില ദിവസങ്ങളിൽ ഇങ്ങനെയാണ്. ചില ഹോട്ടലുകളിൽ മാത്രമേ ബ്രേക്ഫാസ്റ്റ് ഉള്ളു. അല്ലാത്തപ്പോഴെല്ലാം ഇതുപോലെ എന്തെങ്കിലും വെച്ചാണ് അഡ്ജസ്റ്റ് ചെയ്യുന്നത്. ഞങ്ങളുടെ ട്രിപ്പ് ഒരു സാധാരണ സൈറ്റ് സീയിങ്ങ് ട്രിപ്പ് ആയിരുന്നില്ല. അത് കൊണ്ടുതന്നെ പലപ്പോഴും ഏതെങ്കിലും ഒരു കാട്ടുമുക്കിലെ ഒരു ഹോട്ടലിലോ, ലോഡ്ജിലോ ഒക്കെ ആയിരിക്കും താമസം. അടുത്തൊന്നും ഒരു റെസ്റ്റോറന്റോ കടയോ ഒന്നും ഉണ്ടായിരിക്കില്ല. അത്യാവശ്യത്തിനു വേണ്ട ഭക്ഷണം ഇപ്പോഴും എല്ലാവരും കരുതണം. എല്ലാവരും റെഡിയായി ചാക്കോയ്ക്ക് മുന്നിൽ അന്നത്തെ പരിപാടികൾ എന്താണെന്നു അറിയാൻ അനുസരണയോടു കൂടി വട്ടം കൂടി നിന്നു. ഇന്ന് വൈകുന്നേരം Wanaka ആണ് എത്തിപ്പെടേണ്ടത്. ന്യൂ സീലാന്റിലെ പ്രധാനപ്പെട്ട സ്ഥലങ്ങളിൽ ഒന്നാണ് Wanaka. അവിടെയാണ് നാളത്തെ Sky Diving പരിപാടി ഏർപ്പാട് ചെയ്തിരിക്കുന്നത്. ട്രിപ്പ് തുടങ്ങുന്നതിനു മുൻപുതന്നെ ചാടാൻ താല്പര്യം ഉള്ളവർ അവരുടെ പേരു കൊടുത്തിരുന്നു. കുറച്ചു മാസങ്ങൾക്കുമുമ്പ് Australia പോയപ്പോൾ ഞാൻ ഒന്ന് ചാടിയതിനു വാപ്പിച്ചി വഴക്കു പറഞ്ഞത് ഓർമയുള്ളതുകൊണ്ട് ഇത്തവണ ഞാൻ പേരുകൊടുത്തില്ല. മാത്രമല്ല അത് ഒരു എക്സ്ട്രാ ഐറ്റം ആയിരുന്നു, ഒരു വൺ ടൈം എക്സ്പീരിയൻസിനു വേണ്ടി ചാടാം എന്നുമാത്രം. അന്ന് Sky Diving ചെയ്തതിനു ശേഷം യാത്രകൾക്ക് മുൻപുള്ള ഉപദേശങ്ങളിൽ വാപ്പിച്ചിക്കു കൂട്ടി ചേർക്കാൻ ഒരു ഐറ്റം കൂടി ആയി. ഓരോ ട്രിപ്പ് കഴിയുമ്പോഴും ലിസ്റ്റിൽ എഴുതി ചേർക്കാൻ പുതിയ എന്തെങ്കിലും ഒരു സാധനവും ആയിട്ടായിരിക്കും ഞാൻ തിരികെ പോരുന്നത്.

തള്ളൽ അവിടെ നിൽക്കട്ടെ. പോകുന്ന വഴിയിൽ Arrowtown-ൽ Historic Chinese Settlement കാണാൻ ഉണ്ടെന്നു പറഞ്ഞു. 1860-ൽ സ്വർണ്ണ ഖനികളിൽ ജോലിചെയ്യാനും മറ്റും ചൈനക്കാർ നിർമിച്ച ഒരു ചെറിയ സെറ്റപ്പ് ആയിരുന്നു അത്. അവർ ഉപയോഗിച്ചിരുന്ന കുടിലുകളും മറ്റു സാധനങ്ങളും ഒക്കെ ഇപ്പോഴും അവിടെ കാണാം. ആരും കാണാതെ മേശക്കടിയിലും കട്ടിലിന്റെ അടിയിലും വല്ല സ്വർണവും വീണിട്ടുണ്ടോ എന്നറിയാൻ ചെറുതായി ഒന്ന് തപ്പി നോക്കിയെങ്കിലും ഒന്നും കിട്ടിയില്ല. കുറച്ചുകൂടി നേരത്തെ വരേണ്ടതായിരുന്നു ഇവിടെ.

ചൈനക്കാരുടെ കരവിരുതുകൾ കണ്ടുകഴിഞ്ഞു Arrowtown-ൽ തന്നെയുള്ള ഒരു റെസ്റ്റോറന്റിൽ ഉച്ചയൂണ് കഴിക്കാൻ കയറി. ചോറും മീൻകൂട്ടാനും ഒന്നും കിട്ടിയില്ലെങ്കിലും തൽക്കാലം ഒരു ബർഗർ കഴിച്ചു തൃപ്തിയടഞ്ഞു. കാറിന്റെ ചാവി ഗോപാലന് കൈമാറി ഞാൻ ഒരു ഉച്ചയുറക്കത്തിന് പ്ലാൻ ഇട്ടു. ഞങ്ങളുടെ കാർ ആദ്യം പോകുന്നതിനാൽ ഇടയ്ക്കു നല്ല സ്ഥലങ്ങൾ കാണുമ്പോഴോ, റസ്റ്റ് എടുക്കാനോ ഒക്കെ വണ്ടി നിർത്താൻ ഉള്ള പെർമിഷനുണ്ട്. ഇടയ്ക്കു ഒരു പാർക്ക് കണ്ടപ്പോൾ നടു ഒന്ന് നിവർത്താൻ ഇറങ്ങി. ഗോപാലനും, ചാക്കോയും ഒക്കെ കുറെ നേരത്തേക്ക് കുട്ടികൾ ആയി മാറി.

Video

വണ്ടി നേരെ വിട്ടത് Rob Roy ട്രാക്കിലേക്കാണ്. ഇന്നത്തെ ഹൈക്കിങ്ങ് കുറച്ചു വ്യത്യസ്തമാണ്. സാധാരണ കാട്ടിലും മലയിലും ഒക്കെയാണെങ്കിൽ ഇന്ന് പരന്നു വിശാലമായി കിടക്കുന്ന ഒരു പുൽമേട്ടിലാണ് ഞങ്ങൾ ചെന്നത്. മെയിൻ റോഡിൽ നിന്നും ടാർ ചെയ്യാത്ത ഒരു ചെറുറോഡിലേക്കു വണ്ടി വളച്ചു വിട്ടപ്പോഴേ എല്ലാവരിലും ഒരു ഓഫ് റോഡ് അഡ്വഞ്ചർ ഫീൽ ഉണ്ടായിരുന്നു. കുറച്ചുനേരത്തെ തരിപ്പൻ യാത്രക്കൊടുവിൽ കാർപ്പാർക്കിങ്ങിൽ എത്തി. വണ്ടിയിൽ നിന്നും ഇറങ്ങി ഹൈക്കിങ്ങിന് വേണ്ടി റെഡി ആകുമ്പോൾ നല്ല തണുപ്പും, നല്ല കാറ്റും ഉണ്ടായിരുന്നു. ഒരു മഞ്ഞുമല കാണുകയാണ് ഹൈക്കിങ്ങിന്റെ ഉദ്ദേശമെങ്കിലും കുറച്ചു നടന്നപ്പോഴേക്കും ട്രാക്ക് ക്ലോസ് ചെയ്തിരുന്നു. വേറെ ഒരു ട്രാക്ക് ഉണ്ടായിരുന്നത് ഒന്ന് ട്രൈ ചെയ്യാം എന്ന് ഗോപാലൻ പറഞ്ഞപ്പോൾ എന്നാപ്പിന്നെ ആയിക്കോട്ടെ എന്നും പറഞ്ഞു കൈയ്യിൽ ഉണ്ടായിരുന്ന ഒരു Snickers എടുത്തു ഞാനും റെഡിയായി. ട്രാക്ക് ഒന്നുമാറിയെങ്കിലും കുറച്ചു ദൂരെയായി ആ മഞ്ഞുമല കാണാമായിരുന്നു. കുറച്ചു നേരം അവിടെ ഇരുന്നു മറ്റുള്ളവരെ കാത്തുനിൽക്കുമ്പോൾ ചെറുതായി മഞ്ഞു വീണുതുടങ്ങി. ഇത്രയും ദിവസത്തെ യാത്രയിലെ ആദ്യത്തെ അനുഭവം ആയിരുന്നു. ഏതൊരു ഹൈക്കിങ്ങിന്റെയും ഒരു പ്രത്യേകതയാണ്. കഷ്ട്ടപെട്ടു നടന്നു ഒടുവിൽ അവിടെ എത്തുമ്പോൾ കിട്ടുന്ന ആ ഒരു വ്യൂ, അല്ലെങ്കിൽ ആ ഫീൽ, ഗോപാലൻ ഇടയ്ക്കു പറയും “Its worth the pain”. ഇത്രയും ദിവസത്തെ ഹൈക്കിങ്ങിനിടയിൽ ശ്രദ്ധിച്ച ഒരു കാര്യം പറയാം. ട്രാക്കിൽ ഒരിടത്തും ഒരു വേസ്റ്റ് ബിൻ പോലും കാണാൻ കഴിഞ്ഞിരുന്നില്ല. എന്നാലും ട്രാക്കും പരിസരവും എല്ലാം ക്ലീൻ തന്നെയായിരുന്നു. ഒരു ഹൈക്കെർ പോലും ഒരു കടലാസോ പ്ലാസ്റ്റിക് കവറോ അവിടെ വലിച്ചെറിയുന്നുണ്ടായിരുന്നില്ല. മാത്രമല്ല എന്തെങ്കിലും കണ്ടാൽ അവർ അത് എടുത്തു കൈയ്യിൽ വെക്കുകയും തിരികെ ചെല്ലുമ്പോൾ അവിടെയുള്ള വേസ്റ്റ് ബിന്നിൽ കളയുകയും ചെയ്യും. നമ്മൾ ഇനിയും ഒരുപാട് മാറേണ്ടിയിരിക്കുന്നു എന്ന് മനസ്സിലായി.

വണ്ടി നേരെ Wanaka ലക്ഷ്യമാക്കി വിട്ടു. “ഒരു കാപ്പി” എന്ന് പറഞ്ഞപ്പോഴേക്കും പിൻസീറ്റിൽ നിന്നും ഐഷു ഒരു ചൂട് കാപ്പിയുണ്ടാക്കി തന്നു. ഗോപാലനെ കാർ ഏൽപ്പിച്ചു കാപ്പിയും കുടിച്ചു ഞാൻ ഒരു നീണ്ട റസ്റ്റ് എടുത്തു. ഇരുട്ടുന്നതിനു മുൻപുതന്നെ Wanaka എത്തി. ചാക്കോ റിസപ്ഷനിൽ പോയി ഫോർമാലിറ്റീസ് ഒക്കെ തീർക്കുന്ന നേരംകൊണ്ട് ഞാൻ കാർ പാർക്ക് ചെയ്യാൻ പോയി. ഹോട്ടൽ റെസ്റ്റോറന്റിന്റെ പിൻവശത്തു പാർക്ക് ചെയ്തു തിരിച്ചു നടക്കുമ്പോൾ ഒരു വിളി “Hey bro”. നോക്കിയപ്പോൾ അവിടെ വർക്കുചെയ്യുന്ന ഒരു പയ്യൻ ആണ്. ഈ നാട്ടുകാരനല്ല, ഇവിടെ ജോലിക്കു വന്നതാണ്. ജോലിക്കിടയിലെ ഒരു ബ്രേക്കിന് അവിടെ ഒരു സിഗരെറ്റ് വലിക്കാൻ വന്നതാണ്. എന്നോട് എവിടുന്നാ എന്താ എന്നൊക്കെ ചോദിച്ചു. ചെക്കൻ നല്ല ഫ്രീക് ആണെകിലും സംസാരിക്കാൻ കുഴപ്പം ഒന്നും ഇല്ല, ഡീസന്റ് ആണ്. അങ്ങനെ കുറച്ചു വിശേഷങ്ങൾ ഒക്കെ പറഞ്ഞു നിക്കുമ്പോഴേക്കും വക്കച്ചന്റെ മെസ്സേജ് വന്നു. ഇന്ന് ഞാനും, വക്കച്ചനും, തങ്കപ്പനും ഒരുമിച്ചു ഒരു മുറിയിൽ ആണ് എന്നും പറഞ്ഞു റൂം നമ്പർ ഷെയർ ചെയ്തു തന്നു. ഫ്രീക്കനോട് ബൈ പറഞ്ഞു ഒരു കൈയും കൊടുത്തു ഞാൻ റൂമിലേക്ക് പോയി.

Wanaka Hotel

നല്ല സൗകര്യം ഉള്ള ഹോട്ടൽ ആയിരുന്നു ഇന്നത്തേത്. Wanaka ടൗണിൽ തന്നെ ആയതുകൊണ്ട് പതിവിലും വ്യത്യസ്തമായി കുറച്ചു ആളും ബഹളവും ഒക്കെ ഉണ്ടായിരുന്നു ഹോട്ടലിന്റെ പുറത്ത്. തൊട്ടുമുന്നിൽ തന്നെ ഒരു സൂപ്പർമാർക്കറ്റും, കുറെ റെസ്റ്റോറന്റും ഒക്കെ ഉണ്ട്. എന്തായാലും ഞാൻ റൂമിന്റെ പുറത്തേക്കുള്ള ബാൽക്കണിയിൽ പോയി വീട്ടിലേക്ക് ഒന്ന് വിളിച്ചു. എന്നും രാത്രി വീട്ടിൽ വിളിച്ചു വാപ്പിച്ചിക്കു സ്റ്റാറ്റസ് അപ്ഡേറ്റ് കൊടുക്കാറുള്ളതാണ്. ഒന്ന് ഫ്രഷ് ആയി, പുറത്തുള്ള ചാരുകസേരയിൽ ഇരിക്കുമ്പോൾ ഗിസല്ല വിളിച്ചു ചോദിച്ചു. “Would you like to join us?”

[തുടരും]

Leave a Reply