Day 8: Wanaka – Fox Glacier

മെസ്സേജിനു എന്താ മറുപടി കൊടുക്കുക എന്നുകരുതി അന്തം വിട്ടു ഇരിക്കുമ്പോഴേക്കും അടുത്ത മെസ്സേജ് വന്നു. അവർ കുറച്ചുപേരുകൂടി അടുത്തുള്ള “Kika” റെസ്റ്റോറന്റിൽ ഡിന്നർ കഴിക്കാൻ പ്ലാൻ ഉണ്ട്, എന്നോടും വരുന്നോ എന്ന്. കൈയിൽ ഉണ്ടായിരുന്ന ഇൻസ്റ്റന്റ്‌ ന്യൂഡിൽസ് പാക്കറ്റ് തിരിക്കെ ബാഗിൽ വെച്ച് ഞാൻ “Ok” എന്ന് മറുപടി കൊടുത്തു. കൂട്ടത്തിൽ ഒരു ഫുഡ് പ്രാന്തി ഉണ്ട്, മേവിസ്. ഓൾടെ പരിപാടിയാണ് ഫുഡ് കഴിക്കാൻ പറ്റിയ സ്ഥലങ്ങൾ ഒക്കെ കണ്ടുപിടിക്കുക എന്നത്. എന്തായാലും ഞങ്ങൾ കുറച്ചുപേർ Kika റെസ്റ്റോറന്റിൽ ഡിന്നർ കഴിക്കാൻ പോയി. ഒരു പ്രത്യേക സ്വീകരണം ആയിരുന്നു അവിടെ. ആദ്യമായിട്ടാണ് ഫുഡ് കഴിക്കാൻ കേറിയിട്ടു ഇങ്ങനത്തെ ഒരു അനുഭവം. അവിടെ ഞങ്ങളെ സെർവ് ചെയ്ത പെൺകുട്ടി ഓരോ ഫുഡ് ഐറ്റംസും കൊണ്ട് വെക്കുമ്പോൾ അതിൽ ഇട്ടിട്ടുള്ള ഉപ്പു മുതൽ കർപ്പൂരം വരെയുള്ള സാധനങ്ങൾ പറഞ്ഞു തന്നു. കൂടാതെ എങ്ങനെ അത് ഉണ്ടാക്കിയെന്നും. അതിനെ വായുംനോക്കി ഇരുന്നതുകൊണ്ട് ആ കുട്ടി പറഞ്ഞ പകുതി കാര്യങ്ങളും ഞാൻ കേട്ടതുപോലും ഇല്ല. എന്തായാലും ഫുഡ് ഒക്കെ നല്ല കിടിലൻ ആയിരുന്നു. ഫുഡ് നല്ലപോലെ തട്ടി കേറ്റി ഏമ്പക്കവും വിട്ടു ഞങ്ങൾ എല്ലാവരും തിരികെ ഹോട്ടലിൽ എത്തി. ഇനി ഒന്ന് വിശാലമായി ഉറങ്ങണം, നാളെ കുറച്ചു വൈകി എഴുന്നേറ്റാൽ മതി എന്ന് പറഞ്ഞിട്ടുണ്ട് ചാക്കോ.

രാവിലെ എഴുന്നേറ്റു തൊട്ടുമുന്നിലുള്ള ഒരു ബേക്കറിയിൽ കയറി ഒരു പഫ്‌സും പതിവ് പോലെ ഒരു കട്ടൻ കാപ്പിയും ഓർഡർ ചെയ്തു കഴിച്ചു. ഇന്നലെ പരിചയപ്പെട്ട പയ്യനെ കാർ എടുക്കാൻ പാർക്കിങ്ങിൽ പോയപ്പോൾ വീണ്ടും കണ്ടു. ഒരു തവണ കൂടി “Hey bro” പറഞ്ഞു ഞാൻ കാറുമെടുത്തു പൊന്നു. അവിടെ തൊട്ടടുത്തുതന്നെയുള്ള Wanaka Lake കാണാൻ ആദ്യം പോയി. Wanaka Tree എന്ന പേരിൽ ഒരു മരം കായലിൽ വളർന്നുനിൽപ്പുണ്ട്. കൂടെ ഉണ്ടായിരുന്ന റബേക്കാ അപ്പോഴേക്കും ഇന്റർനെറ്റ് നോക്കി കുറെ ഹിസ്റ്ററി ഒക്കെ പറഞ്ഞെങ്കിലും എനിക്ക് ഒരു പിണ്ണാക്കും മനസ്സിലായില്ല. ഞാൻ പോയി രണ്ടു ഫോട്ടോയും എടുത്തു കുറച്ചു നേരം അവിടെ കാറ്റും കൊണ്ട് നടന്നു. നേരത്തെ പ്ലാൻ ചെയ്തിരുന്ന Sky Diving കാറ്റ് കാരണം ക്യാൻസൽ ചെയ്തു എന്ന് പറഞ്ഞു ചാക്കോയ്ക്ക് മെസ്സേജ് വന്നു. കുറച്ചുപേർ ചാടാനും, ബാക്കിയുള്ളവർ ഹൈക്കിങ്ങിനുമാണ് പ്ലാൻ ചെയ്തിരുന്നത്. എന്തായാലും പരിപാടി ക്യാൻസൽ ചെയ്ത സ്ഥിതിക്ക് എല്ലാവരും ഹൈക് ചെയ്യാം എന്ന് തീരുമാനിച്ചു. തിരികെ പോയി കാർ എടുത്തു നേരെ Glendhu Bay-യിലേക്ക് വിട്ടു, ഇന്നവിടെയാണ് ഹൈക്കിങ്ങ്. ട്രിപ്പിന്റെ അവസാന ദിവസങ്ങൾ അടുക്കുന്തോറും ഹൈക്കിങ്ങിന്റെ നീളവും ചെറുതായി വന്നുതുടങ്ങി. കൂടെയുണ്ടായിരുന്നവർ പലരും നല്ലപോലെ അവശരായിട്ടുണ്ടായിരുന്നു, ഞാനും. നല്ല വെയിൽ ഉണ്ടെങ്കിലും തണുപ്പും നല്ല കാറ്റും ഉണ്ട്. എല്ലാ സെറ്റപ്പും എടുത്തു ഞാനും ഹൈക്കിങ്ങിനു റെഡി ആയി. അങ്ങേയറ്റം നമ്മൾ നേരത്തെ കണ്ട Wanaka Lake വേറെ ഒരു വശത്താണ് അവസാനിക്കുന്നത്. ഒരു കടലിടുക്ക് പോലെ ഉണ്ട് കാണാൻ. കുറെ നേരത്തെ നടത്തത്തിനു ശേഷം വായിൽ പത വന്നു തുടങ്ങിയപ്പോഴേക്കും അവിടെ എത്തി. മറ്റുള്ളവരെ വെയിറ്റ് ചെയ്തിരിക്കുന്ന നേരം കൊണ്ട് കുറെ വെള്ളവും കൈയ്യിൽ ഉണ്ടായിരുന്ന എനർജി ബാറും കുറെ എടുത്തു കഴിച്ചു അവിടെ റസ്റ്റ് എടുത്തു. അങ്ങോട്ടേക്ക് നടക്കുമ്പോൾ അവിടെ ഉള്ള കാഴ്ചകൾ കാണാനും തിരിച്ചു പോകുമ്പോൾ എങ്ങനെ എങ്കിലും കാറിൽ കേറിപ്പറ്റിയാൽ മതിയെന്നുമാണ് ചിന്ത. അങ്ങനെ ഇന്നത്തെ ഹൈക്കിങ്ങും കഴിഞ്ഞു ഒരുവിധം തിരിച്ചെത്തി.

കുറച്ചു അധികം യാത്രചെയ്യാൻ ഉണ്ട് ഇന്നത്തെ സ്റ്റേ ബുക്ക് ചെയ്തിരിക്കുന്ന Fox Glacier Hostel-ലേക്ക്. ഏകദേശം 280KM ഉണ്ടെങ്കിലും വഴിയിൽ നല്ല കാഴ്ചകൾ ഉള്ളതിനാൽ സമയം പോകുന്നത് അറിയില്ല, കൂടാതെ കോസ്റ്റൽ റോഡും. ഇടയ്ക്കു Knights Point ലുക്ക് ഔട്ട് പോയിന്റിൽ ഒന്ന് ചവിട്ടി. കാലാവസ്ഥയും ചെറുതായി വയലെന്റ് ആയിത്തുടങ്ങിയിട്ടുണ്ട്. ഇടയ്ക്കിടയ്ക്ക് മഴയും നല്ല കാറ്റും ഒക്കെയാണ്. വലിയ ഒരു മലയുടെ മേലെ ആയതിനാൽ ലുക്ക് ഔട്ട് പോയിന്റിൽ നിന്നാൽ കടലിലേക്ക് നല്ല വ്യൂ കിട്ടും. കടലിന്റെ അപ്പുറം Australia ആണെന്ന് ചാക്കോ പറഞ്ഞെങ്കിലും ഞാൻ ഗൂഗിൾ മാപ്പ്സ് എടുത്തു ഒന്നും കൂടി ചെക്ക് ചെയ്തു. സത്യം, പാവം ചാക്കോയെ വെറുതെ തെറ്റിധരിച്ചു. നേരം കുറച്ചു ഇരുട്ടിയിട്ടാണ് ഹോട്ടലിൽ എത്തിയത്. മഴയും നല്ല പോലെ പെയ്യുന്നുണ്ട്. നല്ല ക്ഷീണം ഉള്ളതുകൊണ്ട് അവരുടെ തന്നെ റെസ്റ്റോറൻറ്റിൽ നിന്നും ഡിന്നർ കഴിക്കാൻ എല്ലാവരും തീരുമാനിച്ചു. ഫുഡിങ് ഒക്കെ നടക്കുന്നതിന്റെ ഇടക്കാണ് ചാക്കോ അടുത്ത പ്രോഗ്രാം പ്ലാൻ അവതരിപ്പിച്ചത്. Glow Worms കാണാൻ പോകാം എന്ന്. മിന്നാമിനുങ്ങ് ആണെന്ന് ഞാൻ ആദ്യം മനസ്സിൽ ഉറപ്പിച്ചു. നമ്മളിതൊക്കെ കുറെ കണ്ടതല്ലേ. അതുകൊണ്ടു ഞാൻ ഇല്ല എന്ന് പറഞ്ഞെങ്കിലും എല്ലാവരും ഇത് കാണണം എന്ന് ചാക്കോയ്ക്ക് നിർബന്ധം. എന്നാ പിന്നെ പോയേക്കാം എന്നുറപ്പിച്ചു പെട്ടിയും കിടക്കയും ഒക്കെ റൂമിൽ കൊണ്ട് വെച്ചു. നൈറ്റ് ഹൈക്കിങ്ങിനു വേണ്ടി കരുതിയിരുന്ന ഹെഡ്ലാമ്പും എടുത്തു എല്ലാവരും എന്തോ കള്ളന്മാരെ പോലെ അടുത്തുതന്നെയുള്ള ഒരു ചെറിയ കാട്ടിലേക്ക് കയറി. മൊത്തം കുറ്റാകൂരിരുട്ട് ഒരു സാധനവും കാണാൻ പറ്റുന്നില്ല. പോരാത്തതിന് മഴയും. ഇതിന്റെ ഇടയ്ക്കു എന്ത് Glow Worms എന്നും പറഞ്ഞു കുറച്ചു കൂടി ഉള്ളിലേക്ക് നടന്നു. ചാക്കോ പറഞ്ഞത് കേൾക്കാതെ അവിടെ ഇരുന്നിരുന്നെങ്കിൽ നഷ്ടമായേനെ. മരങ്ങളെല്ലാം നിന്ന് ക്രിസ്തുമസ്സിനു ലൈറ്റ് ഇട്ടിരിക്കുന്ന പോലെ ഫുൾ നീല നിറത്തിൽ തിളങ്ങുന്നു. അടിപൊളി, പൊളിച്ചു. ശെരിക്കും കാണണമെങ്കിൽ ലൈറ്റ് ഓഫ് ആക്കണം. കുറച്ചു പാടാണ് ഇതിന്റെ ഫോട്ടോസ് എടുക്കാൻ. ഒരു ലോ ലൈറ്റ് കാമറ കൂടി വാങ്ങേണ്ടിവരുമെന്നു തോനുന്നു. എന്തായാലും തൽക്കാലത്തേക്ക് അവിടെ കൂടിനിന്നു എല്ലാവരും ഒരു ഫോട്ടോ എടുത്തു നേരെ റൂമിലേക്ക് നടന്നു.

തിരികെ വക്കച്ചനുമായി റൂമിൽ എത്തി, പതിവ് പോലെ ഞാൻ ഫോൺ എടുത്തു പുറത്തേക്കു പോയി. വീട്ടിൽ വിളിച്ചു വാപ്പിച്ചിക്കു സ്റ്റാറ്റസ് അപ്ഡേറ്റ് കൊടുക്കാൻ ഉള്ളതാണ്. തിരികെ വന്നപ്പോൾ വക്കച്ചന് ഒരു സംശയം ആരെയാ വിളിക്കണേ ഫ്രണ്ട്സിനെ ആണോ എന്ന്. ഞാൻ പറഞ്ഞു ഫാദർ ആണെന്ന്. ഒരു ചെറിയ അമ്പരപ്പോടെ വക്കച്ചൻ ചോദിച്ചു എന്നും വിളിക്കാറുണ്ടോ എന്ന്. കൊല്ലത്തിൽ ഒരിക്കൽ ക്രിസ്തുമസ്സിനോ ന്യൂ ഇയറിനോ ഒക്കെ മക്കളിൽ നിന്നും കാൾ വന്നിരുന്ന വക്കച്ചന് അതൊരു അത്ഭുതം ആയിരുന്നു. എന്നോട് ഞാൻ നല്ല കുട്ടി ആണെന്നും ഇതൊന്നും മുടക്കരുത് എന്നും പറഞ്ഞപ്പോൾ വക്കച്ചന്റെ ഒച്ച ചെറുതായി ഇടറുന്നുണ്ടായിരുന്നു. “Its ok” എന്ന് പറഞ്ഞു ഞാൻ വക്കച്ചനെ ഒന്ന് കെട്ടിപിടിച്ചു സമാധാനിപ്പിച്ചു. സീൻ അതികം വഷളാകുന്നതിനു മുൻപ് ഞാൻ ഒന്ന് ഫ്രഷ് ആകാൻ വേണ്ടി പോയി. കുളിയൊക്കെ കഴിഞ്ഞു തിരിച്ചു വന്നപ്പോഴേക്കും വക്കച്ചൻ ഉഷാറായിട്ടുണ്ടായിരുന്നു. പിന്നെ കൂടുതൽ ഒന്നും പറയാൻ നിന്നില്ല, ഗുഡ് നൈറ്റ് പറഞ്ഞു ഞാൻ ഉറങ്ങാൻ കിടന്നു. എന്താണെന്നറിയില്ല നല്ല സമാധാനമുള്ള ഒരു ഉറക്കമായിരുന്നു അന്നത്തേത്.

[തുടരും]

2 comments

Leave a Reply