Day 9: Fox Glacier – Hokitika

രാവിലെ എഴുന്നേറ്റു റെഡി ആയി പരിപാടികൾ തുടങ്ങുന്നതിനു മുൻപ് ഞാൻ ഹോട്ടലിനു പുറത്തേക്കു ഒന്നു കറങ്ങാൻ ഇറങ്ങി. റോഡിന്റെ അപ്പുറം ഒരു റെസ്റ്റോറന്റ് കണ്ടു നേരെ അങ്ങോട്ട് കയറി. ഒരു ബ്രേക്ഫാസ്റ്റ് ഓർഡർ ചെയ്തു, പതിവ് പോലെ കട്ടൻ ചായയും ഉണ്ട് കൂട്ടിന്. മിക്ക ദിവസങ്ങളിലും ഞാൻ ഒറ്റയ്ക്ക് ഒന്ന് കറങ്ങാൻ ഇറങ്ങാറുണ്ട്. ചിലപ്പോൾ വൈകിട്ട് അല്ലെങ്കിൽ രാവിലെ. പരിസരം ഒക്കെ ഒന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണല്ലോ. ചിലപ്പോഴൊക്കെ അവിടുത്തെ ആൾക്കാരുമായി സംസാരിക്കും. ഇന്ന് രാവിലെ ഇറങ്ങിയപ്പോൾ രണ്ടു ബസ് ഡ്രൈവേഴ്‌സിനെ പരിചയപെട്ടു. ടൂർ വന്ന ഒരു വലിയ ടീമിന്റെ ബസ് ഡ്രൈവേഴ്സ് ആണ് രണ്ടു പേരും. അവരിൽ നിന്നാണ് അവിടെ അടുത്ത് തന്നെയുള്ള Fox Glacier ഹൈക്കിങ് ഉണ്ടെന്നു പറഞ്ഞറിഞ്ഞത്. നമ്മുടെ പ്ലാനിൽ ഇല്ലാതിരുന്ന ഐറ്റം ആണ് അത്. കേട്ടപ്പോൾ നല്ല പഞ്ച് ഉള്ളതുകൊണ്ട് എന്തായാലും ഒന്ന് അനേഷിച്ചു നോക്കാം എന്ന് കരുതി ഞാൻ ഹൈക്കിങ് നടത്തുന്ന കമ്പനിയുടെ ഓഫീസിലേക്ക് രണ്ടും കല്പിച്ചു കയറി. മലമുകളിൽ ആയതിനാൽ കാർ ഓടിച്ചു അങ്ങോട്ടേക്ക് പോകാൻ പറ്റില്ല. ഹെലികോപ്റ്റർ ആണ് ആകെയുള്ള ഓപ്ഷൻ. അവരുടെ റേറ്റും മറ്റു കാര്യങ്ങളും ഒക്കെ ചോദിച്ചറിഞ്ഞു ഞാൻ നമ്മുടെ ടൂർ ഗ്രൂപ്പിൽ ഒരു മെസ്സേജ് ഇട്ടു, ചാക്കോയോട് അഭിപ്രായം ചോദിച്ചു. കേട്ടപാടെ ചാക്കോ ഓക്കേ പറഞ്ഞതും പിന്നാലെ ചറ പറ എല്ലാവരും അവരുടെ സമ്മതം അറിയിച്ചു. അധികം താമസിച്ചില്ല ഹൈക്കിങ്ങിന്റെ ഓഫീസിൽ ഫുൾ നമ്മുടെ പിള്ളേരെകൊണ്ട് നിറഞ്ഞു. 400 ന്യൂ സിലൻഡ്‌ ഡോളർ ആണ് ഒരാൾക്ക് ഹെലിക്കോപ്റ്ററിൽ റൈഡ് അടക്കം ഹൈക്കിങ്ങിനു ചാർജ്. 14 പേരും ഓക്കേ പറഞ്ഞു കൈ കൊടുത്തു.

യാത്ര അവസാനിക്കുന്തോറും കാലാവസ്ഥയും കുറച്ചു മോശം ആയിത്തുടങ്ങിയിട്ടുണ്ട്. ഇപ്പോൾ ഇടയ്ക്കിടയ്ക്ക് മഴയുണ്ട് കൂടാതെ നല്ല കാറ്റും. അതുകൊണ്ട് ഇന്നത്തെ Glacier ഹൈക്ക് കാലാവസ്ഥ അനുകൂലം ആണെങ്കിൽ മാത്രമേ ഉണ്ടാകു എന്ന് ഒരു മുന്നറിയിപ്പും അവർ തന്നു. ഉച്ചക്ക് 2 മണിക്കുള്ള ബാച്ചിൽ ആണ് ഞങ്ങൾ 14 പേരും പോകാൻ തീരുമാനിച്ചിരിക്കുന്നത്. 1 മണിക്ക് വിളിച്ചു തീരുമാനം പറയാം എന്നുള്ള ഉറപ്പിൽ ഞങ്ങൾ ഒരു ചെറിയ ട്രെക്കിനു വേണ്ടി അവിടെ അടുത്തുതന്നെയുള്ള Matheson Lake Walk കാണാൻ പോയി. അവിടെ എത്തിയപ്പോഴേക്കും മഴയും കുറച്ചു കനത്തു പെയ്യാൻ തുടങ്ങി. തണുപ്പും മഴയും നല്ല കോമ്പിനേഷൻ ആണ്. തറവാട് വീട്ടിൽ ആണെങ്കിൽ ഉമ്മറത്ത് പോയി ഇരുന്നു ഒരു കട്ടൻ ചായയും കുറച്ചു കപ്പലണ്ടി വറുത്തതും കൊറിച്ചു മഴയും ആസ്വദിച്ചു ഇരിക്കാമായിരുന്നു. തൽകാലം തറവാട് വീടിനു പകരം Matheson Lake Cafe-യും, കട്ടൻ ചായക്ക്‌ പകരം ഒരു ഹോട്ട് ചോക്ലേറ്റും വെച്ച് അഡ്ജസ്റ്റ് ചെയ്തു അവിടെ ഇരുന്നു മഴ ആസ്വദിച്ചു.

Glacier ഹൈക്കിനു പറഞ്ഞിരുന്ന സമയം ആയി, എല്ലാവരും ആകാംഷയോടെ കാത്തിരുന്ന കാൾ ചാക്കോയുടെ ഫോണിൽ വന്നു. കാലാവസ്ഥ മോശം ആയതിനാൽ സംഭവം ക്യാൻസൽ ചെയ്തു. കോട മഞ്ഞു ഉള്ളതിനാൽ ഹെലികോപ്റ്ററിന്റെ ഡ്രൈവർക്കു വിസിബിലിറ്റി കിട്ടില്ലത്രെ. ഞാൻ ആദ്യമായി ഓർഗനൈസ് ചെയ്ത പരിപാടി അങ്ങനെ 14 നിലയിൽ പൊട്ടിയതിൽ നിർവൃതിയടഞ്ഞു ഞങ്ങൾ നേരെ Jade Court Hotel-ലെക് വണ്ടിവിട്ടു. Hokitika-യിൽ ആണ് ഇന്നത്തെ സ്റ്റേ. അവിടുന്ന് അടുത്ത ദിവസം Christchruch-ലേക്കും പോകും. ട്രിപ്പ് ഏകദേശം തീരാറായി. കാര്യമായ ഹൈക്കിങ്ങോ ഒന്നും ഇനിയില്ല. അടുത്ത രണ്ടു ദിവസം കുറച്ചു റിലാക്സ്ഡ് ആണ്. ഏകദേശം 160 KM ഉള്ളു ഇന്ന് ഡ്രൈവ് ചെയ്യാൻ. ഇരുട്ടുന്നതിനു മുൻപ് തന്നെ ഹോട്ടലിൽ എത്തി. എല്ലാവരും റൂം സെറ്റാക്കുന്ന സമയം കൊണ്ട് അടുത്തുള്ള ഒരു ബേക്കറിയിൽ പോയി രണ്ട് പഫ്‌സും ഒരു കോളയും വാങ്ങി ഉച്ചയൂണ് അങ്ങനെ കഴിച്ചിലാക്കി. തിരികെ റൂമിൽ എത്തിയപ്പോഴേക്കും എല്ലാവരും സെറ്റ് ആയിട്ടുണ്ടായിരുന്നു. ഡിന്നർ ഇന്ന് ഒരുമിച്ചാക്കാം എന്ന് ചാക്കോ പറഞ്ഞു. എന്തായാലും ധാരാളം സമയം ഇനിയും ഉള്ളതുകൊണ്ട് മുഷിഞ്ഞ ഡ്രസ്സ് അലക്കാം എന്നുകരുതി ഞാൻ റിസെപ്ഷനിലേക്കു പോയി. ഇന്ന് ഞങ്ങളുടെ ഗ്രൂപ്പ് മാത്രമേ അവിടെ സ്റ്റേ ഉള്ളു. അവിടുത്തെ കാര്യങ്ങൾ ഒക്കെ നോക്കുന്നത് ഒരു അമ്മച്ചിയും. അവിടെ ചെന്നു അലക്കണം എന്നുള്ള എന്റെ ആവശ്യം ഞാൻ അറിയിച്ചു. അതെന്താ ഇവിടെ മെഷീൻ ഉണ്ട് ഡ്രസ്സ് കൊണ്ടുവന്നു അലക്കിക്കൊള്ളൂ എന്ന് പെർമിഷൻ തന്നു. സംസാരത്തിനിടയിൽ അമ്മച്ചി പിന്നെ നല്ല പരിചയമായി. അമ്മച്ചി ഒറ്റക്കല്ല, ഒരു മകൻ ഉണ്ട്, പകൽ ഒക്കെ ചെക്കൻ ഉണ്ടാകും സഹായത്തിനു. വൈകുന്നേരം ആയാൽ ചെക്കൻ പോകും. 10 N$ ആണ് അലക്കാനും ഉണക്കാനും കൂടി. ഞാൻ പോയി ഡ്രസ്സ് ഒക്കെ എടുത്തു വന്നപ്പോഴേക്കും അമ്മച്ചി പുതിയ ഓഫർ തന്നു. ഡ്രസ്സ് എല്ലാം അവിടെ വെച്ചോളൂ അമ്മച്ചി തന്നെ അലക്കി ഉണക്കി വെച്ചോളാം എന്ന്. ആദ്യം ഒന്ന് വണ്ടർ അടിച്ചെങ്കിലും ഞാൻ സമ്മതിച്ചു. പഴ്സിൽ നിന്നും പൈസ എടുത്തു നീട്ടിയപ്പോൾ അമ്മച്ചി വേണ്ട എന്ന് പറഞ്ഞു. വീണ്ടും വണ്ടർ അടിച്ചു. ഇനി എനിക്ക് വട്ടായതാണോ അതോ അമ്മച്ചിക്ക് വട്ടായതാണോ? ഒരു പിടിയും കിട്ടുന്നില്ല. എന്തായാലും ഞാൻ നിർബന്ധിച്ചു അമ്മച്ചിക്ക് 10 N$ കൊടുത്തു. പിന്നീട് വന്നു വാങ്ങിച്ചോളാം എന്ന് പറഞ്ഞു. അപ്പൊ വീണ്ടും ഓഫർ, ഡ്രസ്സ് എല്ലാം മടക്കി റൂമിൽ വെച്ചാകാം എന്നായി. ഈശ്വരാ എനിക്ക് വണ്ടർ അടിക്കാൻ മാത്രമേ നേരം ഉള്ളോ? അങ്ങനെ എല്ലാം സെറ്റ് ആക്കി ഞാൻ തിരികെ റൂമിൽ ചെന്ന് വിവരങ്ങൾ ഒക്കെ എല്ലാവരോടും പറഞ്ഞു. തങ്കപ്പനും ചാക്കോയും അപ്പൊ തന്നെ അലക്കാനുള്ള ഡ്രസ്സ് എടുത്തു പോകാൻ നിന്നെങ്കിലും പിന്നെ അത് ഒഴിവാക്കി.

കുറച്ചു നേരത്തെ വിശ്രമത്തിനു ശേഷം ഡിന്നർ കഴിക്കാൻ എല്ലാവരും കൂടി നല്ല ഒരു റെസ്റ്റോറന്റ് നോക്കി പുറത്തേക്കു ഇറങ്ങി. ബീച്ച് സൈഡ് ആണ് ഈ ടൗൺ. നല്ല കാറ്റും കടലിന്റെ ഇരമ്പലും ഒക്കെ ഉണ്ട്. കൂടെ നല്ല തണുപ്പും. അടുത്ത് കണ്ട കൊള്ളാവുന്ന ഒരു റെസ്റ്റോറന്റിൽ കയറി ഫുഡ് ഓർഡർ ചെയ്തു. ട്രിപ്പ് അവസാനിക്കുന്നതിന് ഒരു ആശ്വാസവും, അതിലേറെ വിഷമവും ആയിരുന്നു അന്നത്തെ ഡിന്നറിന്റെ സംസാര വിഷയം. കള്ളനും ഇടയ്ക്കൊന്നു കയറിവന്നെങ്കിലും പെട്ടന്ന് തന്നെ വിഷയം മാറി. കുറെ ഇരുട്ടി കട പൂട്ടാറായപ്പോഴാണ് എല്ലാവരും തിരിച്ചു റൂമിൽ പോകുന്നതിനെ കുറിച്ച് ആലോചിക്കുന്നത്. അങ്ങനെ അന്നത്തെ ഒരു ദിവസം കൂടി നല്ല ഫുഡ് കഴിച്ചു അവസാനിപ്പിച്ചുകൊണ്ട് ഞങ്ങൾ തിരിച്ചു റൂമിലേക്ക് നടന്നു. Hokitika ടൗൺ സെന്ററിൽ ഉള്ള ഒരു ക്ലോക്ക് ടവറിന്റെ ഒരു ഫോട്ടോയും എടുത്തു വേഗം തന്നെ ഞാനും തിരിച്ചു നടന്നു.

[തുടരും]

Leave a Reply