Day 10: Hokitika – Christchruch

New Zealand ട്രിപ്പിന്റെ അവസാന ദിവസമാണിന്ന്. ഹൈക്കിങ്ങും കാഴ്ച്ചകളും ഒക്കെ ഇന്ന് അവസാനിക്കും. വൈകുന്നേരം ആകുമ്പോൾ Christchruch എത്തണം. നാളെയാണ് തിരിച്ചു Singapore-ലേക്കുള്ള ഫ്ലൈറ്റ്. ഞാൻ കുളിച്ചു റെഡിയായി പതിവ് പോലെ എല്ലാവരുടെയും കണ്ണുവെട്ടിച്ചു അടുത്തുള്ള ബേക്കറിയിലേക്ക് പോകാൻ റൂമിൽ നിന്നും ഇറങ്ങി. എന്നെ കണ്ടതും ഐഷു കയ്യോടെ പിടികൂടി, ബ്രേക്ഫാസ്റ്റ് അവർ റൂമിൽ ഉണ്ടാക്കിയിട്ടുണ്ട് അത് കഴിച്ചാൽ മതിയെന്നു പറഞ്ഞു ഭീഷണിപ്പെടുത്തി. ഐഷുവിന്റെ ഭീഷണിക്കുമുന്നിൽ എനിക്ക് വഴങ്ങേണ്ടി വന്നു. അങ്ങനെ അവിടുന്ന് ബ്രേക്ഫാസ്റ്റ് കഴിഞ്ഞു ഞങ്ങൾ ഞങ്ങളുടെ അവസാന ദിവസത്തെ യാത്രക്ക് ഒരുങ്ങി. നേരെ പോകുന്നത് Devils Punchbowl വെള്ളച്ചാട്ടം കാണാനാണ്. അവിടെ എത്തിയപ്പോഴക്കും മഴയും ചെറുതായി പെയ്തു തുടങ്ങി. കുറച്ചു നടക്കാനും മല കയറാനും ഒക്കെ ഉണ്ട് വെള്ളച്ചാട്ടത്തിന്റെ അടുത്ത് എത്താൻ. നടന്നു മതിയായവർ അവിടെ ദൂരെ കാറിൽ തന്നെ ഇരുന്നു വെള്ളച്ചാട്ടം ആസ്വദിച്ചു. ഇടക്ക് രണ്ട് മൂന്ന് ചെറിയ അരുവികൾ കടക്കേണ്ടതുണ്ട്. തറവാട്ടുപറമ്പിലെ തോടും മറ്റും ചാടി കടന്ന നമുക്ക് അതൊരു വലിയ ടാസ്ക്ക് ആയിരുന്നില്ല. ചെളി വെട്ടി കയറ്റി മിനുക്കി ഇട്ടിരുന്ന തോട് അങ്ങോട്ടും ഇങ്ങോട്ടും അനിയന്മാരോടൊത്തു ചാടി ഇടിച്ചതിനു വെല്ലുമ്മയുടെ കൈയ്യിൽ നിന്നും കിട്ടിയ വഴക്കിനു ഒരു കണക്കുമില്ല. തറവാട്ടിൽ ആ തോട് ഇപ്പോഴും ഉണ്ടെങ്കിലും വഴക്കുപറയാൻ ആരും ഇല്ല. ഒരു ടൈം മെഷീൻ ഉണ്ടായിരുന്നെകിൽ ആ കാലഘട്ടത്തിലേക്കു പോയി വീണ്ടും കുരുത്തക്കേട് കാണിച്ചു കുറച്ചുകൂടി വഴക്കുകേൾക്കാമായിരുന്നു. എന്തായാലും അരുവി മുറിച്ചുകിടക്കാൻ എല്ലാവർക്കും ഒരു കൈ സഹായം ചെയ്തു ഞങ്ങൾ നേരെ വെള്ളച്ചാട്ടത്തിന്റെ തൊട്ടടുത്ത് എത്തി. അവിടെ ഒരു പ്ലാറ്റ്‌ഫോം പണിതുവെച്ചിട്ടുണ്ട് അവിടെ നിന്നാൽ അടിപൊളിയായി അത് ആസ്വദിക്കാം. മഴചാറ്റലും, തണുപ്പും, വെള്ളച്ചാട്ടത്തിന്റെ ഒച്ചയും എല്ലാം കൂടി ആകെ മൊത്തം ഒരു ടമാർ പഠാർ ഫീൽ ആയിരുന്നു. കൂടുതൽ എന്തുപറയാൻ, മഴക്കാറ് കണ്ട മയിലിനെ പോലെ ഗോപാലൻ അവിടെ ഡാൻസും തുടങ്ങി.

ആകെ മൊത്തം നനഞ്ഞു ഒരു പരുവമായി തിരികെ കാറിൽ വന്നു. നേരെ ഒരു കേവ് കാണാൻ ആണ് പോകുന്നത്. ശരിക്കും നമ്മുടെ ഇടുക്കിയിലെ അഞ്ചുരുളി പോലെ ഒരു സ്ഥലം. കുറച്ചുനാൾ മുൻപ് നാട്ടിലുള്ള ഫ്രണ്ട്സുമായി അവിടെ ഒന്നു പോയിരുന്നു. മഴ പെയ്യുന്നുണ്ട്, മഴ പെയ്തു വഴിയെല്ലാം കൊഴ കൊഴ പരുവം ആയിട്ടുണ്ട്. ഇടയ്ക്കു തെന്നി വീഴാൻ പോയെങ്കിലും വിദഗ്‌ദ്ധമായ കഴിവ്കൊണ്ട് ഞാൻ അതൊക്കെ അഡ്ജസ്റ്റ് ചെയ്തു മുന്നോട്ടു നടന്നു. കുന്നിന്റെ സൈഡിൽ കൂടി ഇരുന്നും നിരങ്ങിയും ഒക്കെ ഒരു വിധം ഞങ്ങൾ താഴെ ഗുഹാമുഖത്തു എത്തിപ്പെട്ടു. ഇതിലൂടെ Cave Exploring ഉണ്ട്, സമയവും കുറച്ചു മനക്കട്ടിയും ഒക്കെ ഉണ്ടങ്കിൽ അതും കൂടി ചെയ്യാനുള്ള സൗകര്യം ഉണ്ട് അവിടെ. ഞങ്ങൾ എന്തായാലും അതിനു മുതിർന്നില്ല. കുറച്ചു നേരത്തെ ഫോട്ടോസെഷനു ശേഷം ഞങ്ങൾ തിരികെ കാർ പാർക്കിങ്ങിൽ എത്തി. ഇനി നേരെ Christchruch-ലേക്കാണ് പോകുന്നത്. ട്രിപ്പിൽ പറഞ്ഞിരുന്ന എല്ലാ പരിപാടികളും ഇതോടു കൂടി അവസാനിച്ചു.

അതികം ഇരുട്ടുന്നതിനു മുൻപ് തന്നെ Christchruch-ലെ YHA Backpackers ഹോസ്റ്റലിൽ എത്തി. തോടൊക്കെ ചാടി കിടന്നു എന്റെ ഹൈക്കിങ്ങ് ഷൂ ആകെ നനഞ്ഞു ചള കൊളമായി. ഇനി നാളെ അതുമിട്ട് ഫ്ലൈറ്റിൽ കയറിയാൽ മാലാഖ മിക്കവാറും എന്നെ ഫ്ലൈറ്റിനു പുറത്താക്കും. പുതിയ ഒരു ഷൂ വാങ്ങാം എന്ന് കരുതി ഒന്ന് ഫ്രഷ് ആയി ഞാൻ പുറത്തേക്കു വന്നു. റിസപ്ഷനിൽ വക്കച്ചൻ നിൽപ്പുണ്ട്, കാര്യം ചോദിച്ചപ്പോൾ പുള്ളിക്കാരന്റെ ഷൂവും പൊളിഞ്ഞു, പുതിയ ഒരെണ്ണം വാങ്ങാൻ പോകാൻ നിക്കുകയാണെന്നു പറഞ്ഞു. അങ്ങനെ ഞങ്ങൾ രണ്ടുപേരും കൂടി ഷൂ വാങ്ങാൻ ഇറങ്ങി. 6 മണിയായപ്പോഴേക്കും കടകൾ ഒക്കെ അടച്ചു തുടങ്ങി. കുറച്ചു കറങ്ങിയെങ്കിലും ഞങ്ങൾ രണ്ടുപേരും ഓരോ ഷൂ സ്വന്തമാക്കി തിരിച്ചു റൂമിലേക്ക് വന്നു. ഇന്ന് ഒരുമിച്ചുള്ള അവസാന ദിവസം ആയതുകൊണ്ട് ഗ്രൂപ്പ് വക ഡിന്നർ ഉണ്ട്. ഡ്രൈവേഴ്‌സിന് ഇന്നും സ്പെഷ്യൽ പരിഗണനയുണ്ട്, ഫുഡിന് ഷെയർ ഇടേണ്ട. മറ്റുള്ളവരുടെ വക ഒരു ട്രീറ്റ് ആണ്. ഒന്നുമില്ലെങ്കിലും ഇത്രെയും ദിവസം തട്ടലും മുട്ടലും ഒന്നും ഇല്ലാതെ സേഫ് ആയി കൊണ്ടുനടന്നതെല്ലേ. ചെറിയ ഒരു ചിലവ്. ഫ്രീ ഡിന്നർ അല്ലെ വെറുതെ കളയേണ്ട എന്ന് കരുതി അതികം സമയം കളയാതെ ഞങ്ങൾ റെസ്റ്റോറന്റിലേക്കു പോയി. അടുത്തുതന്നെ ഉള്ള ഒരു റെസ്റ്റോറന്റിൽ വിളിച്ചു മേവിസ് കുട്ടി ടേബിൾ ഒക്കെ ബുക്ക് ചെയ്തിട്ടുണ്ട്. 8 മണി ആയപ്പോൾത്തന്നെ എല്ലാവരും റെഡി ആയി റെസ്റ്റോറന്റിൽ എത്തി. ചാക്കോ ഇത്രെയും ദിവസത്തെ യാത്രയിലെ കാര്യങ്ങൾ പറഞ്ഞു സഹകരിച്ച എല്ലാവര്ക്കും നന്ദി പറഞ്ഞു. ഒരു ഫോർമാലിറ്റി പ്രസംഗം. ഡ്രൈവേഴ്‌സിന് എല്ലാവർക്കും ഒരു ഉപഹാരം എന്ന പോലെ രണ്ട് ചോക്ലേറ്റ് ബാർ കൊടുത്തു, എനിക്കും കിട്ടി. കള്ളനെ പിടിക്കാൻ ഇറങ്ങിയതിനു ധീരതയ്ക്കുള്ള അവാർഡ് അയി രണ്ട് ചോക്ലേറ്റ് ബാർ വേറെ. പിന്നെ ട്രിപ്പിലെ ബെസ്റ്റ് മെമ്പർ എന്ന നിലക്ക് വേറെ രണ്ടെണ്ണവും. അവാർഡ് ദാനം ഒക്കെ കഴിഞ്ഞപ്പോൾ കൈയ്യിൽ ചോക്ലേറ്റ് കുറെ ആയി. ഇനി തിരിച്ചു പോകുമ്പോൾ ഓഫീസിലെ ഫ്രണ്ട്സിനു വേറെ ചോക്ലേറ്റ് ഒന്നും വാങ്ങേണ്ട. അങ്ങനെ കൈനിറയെ ചോക്ലേറ്റുമായി വിഭവസമൃദ്ധമായ ഡിന്നറും കഴിഞ്ഞു എല്ലാവരും തിരികെ ഹോട്ടലിലേക്ക് നടന്നു. മേവിസ് ആയിരുന്നു ഈ സർപ്രൈസ് അവാർഡ് പരിപാടി സംഘടിപ്പിച്ചത്.

ആദ്യമേ പറഞ്ഞിരുന്നെല്ലോ ഞാനും ഗിസല്ലയും വേറെ ഫ്ലൈറ്റിൽ ആണ് ഇങ്ങോട്ടു വന്നത്. തിരിച്ച് സിംഗപ്പൂരിലേക്കും ഞങ്ങളുടെ ഫ്ലൈറ്റ് വേറെ ആണ്. ഞങ്ങൾക്ക് മറ്റുള്ളവരെക്കാളും കുറച്ചു നേരത്തെ തന്നെ എയർപോർട്ടിൽ പോകണം. ചാക്കോ രാവിലെ തന്നെ കൊണ്ടാക്കാം എന്നുപറഞ്ഞു എല്ലാം സെറ്റ് ആക്കി. നാളെ രാവിലെ റിസപ്ഷനിൽ മീറ്റ് ചെയ്യാം എന്ന് പറഞ്ഞു ചാക്കോയെ ഗുഡ് നൈറ്റ് പറഞ്ഞു വിട്ടു. ഡിന്നറിനു ശേഷം കുറച്ചു മധുരം ആകാം എന്ന് ഗിസല്ല പറഞ്ഞപ്പോൾ ഞങ്ങൾ കുറച്ചുപേർ അടുത്ത് കണ്ട ഒരു ഷോപ്പിൽ കയറി ഐസ്ക്രീം ഓർഡർ ചെയ്തു. ഈ യാത്രയിലെ നല്ല നിമിഷങ്ങളുടെ കൂടെ ഓർമയിൽ വെക്കാം എന്നു പറഞ്ഞു കൂടെ ഒരു സെൽഫിയും.

[തുടരും]

2 comments

Leave a Reply