Day 11: Christchruch – Singapore

രാവിലെ ഒരു 8 മണി ആയപ്പോഴേക്കും ഞാനും ഗിസല്ലയും റെഡി ആയി റിസപ്ഷനിൽ ചാക്കോയെയും കാത്തുനിൽപ്പായി. 12 മണിക്കാണ് ഞങ്ങളുടെ ഫ്ലൈറ്റ്. ഒരേ സമയത്താണെങ്കിലും ഞങ്ങൾ രണ്ടു പേരും രണ്ടു വഴിക്കാണ് പോകുന്നത്. ഗിസല്ല നേരെ സിംഗപ്പൂർ ഡയറക്റ്റ് ഫ്ലൈറ്റ് ആണ്. ഞാൻ ചെറിയ ഒരു ലാഭം നോക്കിയതുകൊണ്ടു Auckland വഴി ആണ് പോകുന്നത്. 1:30 മണിക്കൂർ ആണ് Auckland-ലേക്ക്. അവിടെ അധികം നേരം ട്രാൻസിറ്റ് ഇല്ല എന്നാലും Auckland-ൽ ഉള്ള അനിയനെ വിളിച്ചു കാര്യം അവതരിപ്പിച്ചിട്ടുണ്ട്. അധികം വൈകിയില്ല ചാക്കോ വന്നു ഞങ്ങളെ രണ്ടുപേരെയും എയർപോർട്ടിൽ ഡ്രോപ്പ് ചെയ്തു. ബോർഡിങ്ങ് പാസ്സ് എല്ലാം എടുത്തതിനുശേഷം ഞങ്ങൾ ഒരിക്കൽക്കൂടി ബ്രേക്ഫാസ്റ്റ് കഴിക്കാൻ അതെ റെസ്റ്റോറന്റിൽ കയറി. കഴിഞ്ഞ 10 ദിവസത്തെ വിശേഷങ്ങളും, തമാശകളും, മണ്ടത്തരങ്ങളും ഒക്കെ പറഞ്ഞു ഞങ്ങളുടെ ബ്രേക്ഫാസ്റ്റ് അങ്ങനെ തീർന്നു. ബാക്കിയുണ്ടായിരുന്ന കുറച്ചു സമയം അവിടെ ഗിഫ്റ്റ് ഷോപ്പിൽ ഒക്കെ കുറച്ചു കറങ്ങി തീർത്തു. ബോർഡിങ്ങ് സമയമാകുന്നു, സിംഗപ്പൂർ വെച്ച് ഇനിയും കാണാമെന്നും, ഇടയ്ക്കു കട്ടൻ കാപ്പി കുടിക്കാൻ കൂടാമെന്നുമുള്ള വാഗ്ദാനത്തിന്മേൽ ഞങ്ങൾ അവിടെ നിന്നും രണ്ടുവഴിക്കു പിരിഞ്ഞു. Auckland-ലെക് പോകുന്ന വണ്ടി സ്റ്റാൻഡിന്റെ കിഴക്കുഭാഗത്തു പാർക്ക് ചെയ്തിട്ടുണ്ട് എന്നുള്ള അനൗൺസ്‌മെന്റ് വന്നു. പെട്ടിയും കിടക്കയും ഒക്കെ എടുത്തു ഞാൻ വണ്ടികേറി.

ഉച്ചക്ക് 1:30 ആയപ്പോഴേക്കും Auckland ഡൊമെസ്റ്റിക്ക് എയർപോർട്ടിൽ ലാൻഡ്‌ചെയ്തു. അനിയൻ ഒരുത്തൻ അവിടെ അടുത്ത് പണിയെടുക്കുന്നുണ്ട്. അവനെ വിളിച്ചു അപ്ഡേറ്റ് കൊടുത്തു. ഒരു 10 മിനിറ്റിനുള്ളിൽ അവിടെ എത്താം എന്ന് പറഞ്ഞു. രാജഗിരിയിൽ പഠിക്കുമ്പോൾ കൂടെയുണ്ടായിരുന്ന ദീപക്ക് എന്ന കൂട്ടുകാരനും ഇവിടെ തന്നെ ഉണ്ട്. പക്ഷെ അവൻ കുറച്ചു ദൂരെ ആണെന്ന് നേരത്തെ പറഞ്ഞിരുന്നു. MCA പഠിച്ചു ഒരു ഉപകാരവും കിട്ടാതെ, PSC എഴുതി ജോലിയും വാങ്ങി, അതും കളഞ്ഞു ഇപ്പൊ ഇവിടെ ട്രാൻസ്‍പോർട്ട് ഡിപ്പാർട്മെന്റിൽ എന്തോ ഒക്കെ ആണെന്ന് പറഞ്ഞു. ഞങ്ങളുടെ കൂടെ തന്നെ ഉണ്ടായിരുന്ന ഒരു കുട്ടിയേയും കെട്ടി കുട്ടികൾക്കൊക്കെ സർക്കാർ ചിലവിനു കൊടുക്കും എന്ന് പറഞ്ഞു ന്യൂ സിലാൻഡിലേക്കു വണ്ടി കയറിയതാണ് പുള്ളി. ഇപ്പോൾ സർക്കാരിനെ വൻ സാമ്പത്തിക മാന്ദ്യത്തിലാക്കാൻ മൂന്നാമത്തെ അപ്പീലും കൊടുത്തു ഇരിക്കുകയാണ് കക്ഷി. ടെർമിനലിന് പുറത്തേക്ക് ഇറങ്ങി സിംഗപ്പൂരിലേക്കുള്ള വണ്ടി എവിടെ ആണ് വരുന്നതെന്ന് അവിടെ നിന്നിരുന്ന ഒരു സെക്യൂരിറ്റിക്കാരനോട് ചോദിച്ചു. നിലത്തു വരച്ചിട്ടിരിക്കുന്ന ചുവന്ന വര നോക്കിപോയാൽ മതി ഇന്റർനാഷണൽ ടെർമിനൽ എത്തും എന്ന് പറഞ്ഞു. കണ്ണിമചിമ്മാതെ ഞാൻ ആ ചുവന്ന വരയും നോക്കി അവസാനം ലക്ഷ്യസ്ഥാനത്തു എത്തി. ഒരു 2 മിനിറ്റു കൂടി കഴിഞ്ഞപ്പോൾ അനിയൻ വന്നു. Auckland ഒക്കെ ഒന്ന് കറങ്ങി കാണണം എന്നുണ്ടായിരുന്നെങ്കിലും സമയക്കുറവ് കാരണം ആ പ്ലാൻ ഉപേക്ഷിച്ചു. നെടുമ്പാശ്ശേരിയിൽ കാർ പാർക്ക് ചെയ്‌തു നിൽക്കുമ്പോൾ വിസിലടിച്ചു ഓടിക്കുന്ന പോലെ ഇവിടെയും ഒരു സെക്യൂരിറ്റിക്കാരൻ നിപ്പുണ്ട്. ഇനി ഓന്റെ വഴക്കു കേൾക്കേണ്ട എന്ന് കരുതി തെളിവിനായി അവന്റെ കൂടെ ഒരു ഫോട്ടോയും എടുത്തു ഞാൻ ബൈ പറഞ്ഞു ടെർമിനലിന്റെ അകത്തു കയറി.

3:15PM ആണ് ഇനി സിംഗപ്പൂരിലേക്കുള്ള അടുത്ത ഫ്ലൈറ്റ്. നീണ്ട യാത്രയുണ്ട്, 11 മണിക്കൂർ. എന്നാലും ടൈംസോൺ വിത്യാസം കാരണം രാത്രി 8 മണിക്ക് സിംഗപ്പൂർ ലാൻഡ് ചെയ്യും. ആകെ മൊത്തം ബോറടിച്ചു ടെർമിനൽ മൊത്തം ഒന്ന് കറങ്ങി നടന്നു. ഇടയ്ക്കു ഒരു കട്ടൻകാപ്പിയും വാങ്ങി കുടിച്ചു കഴിഞ്ഞ ദിവസങ്ങളിലെ യാത്രകളുടെ ഫോട്ടോസ് നോക്കി സമയം കുറെ കളഞ്ഞു. ഒടുവിൽ ഫ്ലൈറ്റ് വന്നു. A380 മോഡൽ എയർബസ് ആണ് വണ്ടി. അതായതു രണ്ടു നിലയുള്ള ബീമാനം. സിംഗപ്പൂരിലെ പഴയ ഓഫീസിന്റെ മുകളിൽ നിന്നാൽ ഇത് ഇങ്ങനെ ഒരു അനക്കവും ഇല്ലാതെ ലാൻഡ് ചെയ്യുന്നത് കാണാമായിരുന്നു. അന്നു മുതൽ വിചാരിക്കുന്നതാണ് ഇതിൽ ഒന്ന് കയറണം എന്ന്. ബോർഡിങ്ങ് സമയം ആയി. ബോർഡിങ്ങ് പാസും എടുത്തു ഞാനും ക്യൂ നിന്നു. അവിടെ നിന്ന അമ്മച്ചി എന്റെ മാത്രം പാസ് എടുത്തു മാറ്റിവെച്ചു. ഈശ്വരാ എവിടെ പോയാലും എനിക്ക് ഇതാണല്ലോ അവസ്ഥ. എന്താ സംഭവം എന്നറിയാതെ വണ്ടറടിച്ചു നിന്നപ്പോൾ അമ്മച്ചി പറഞ്ഞു സിംഗപ്പൂർ വിസ കാണിക്കണം എന്ന്. ഹാവൂ സമാധാനം ആയി. Christchruch നിന്നും രണ്ടു ബോർഡിങ്ങ് പാസ്സും ഒരുമിച്ചു എടുത്തതുകൊണ്ടു അപ്പോൾ വിസ ചോദിച്ചിരുന്നില്ല. അതാണ് ഇവിടെ വന്നപ്പോൾ പണി കിട്ടിയത്. ഞാൻ വിസ കാണിച്ചു എല്ലാം സെറ്റ് ആക്കി ഫ്ലൈറ്റിലേക്കു കയറി. അങ്ങനെ കഴിഞ്ഞ 10 ദിവസം മറക്കാനാവാത്ത ഓർമ്മകൾ സമ്മാനിച്ച ന്യൂ സിലാൻഡ് എന്ന സുന്ദരമായ രാജ്യത്തോട് യാത്ര പറഞ്ഞു ഞാൻ ഫ്ലൈറ്റിൽ കയറി.

എന്റെ സാഹസികമായ ഈ യാത്ര ഇവിടെ അവസാനിക്കുന്നു. ഇത്രയും ദിവസം എന്റെ കൂടെ ഈ തള്ള് മുഴുവൻ കേട്ട് സഹിച്ചിരുന്ന എന്റെ എല്ലാ പ്രിയ സുഹൃത്തുക്കൾക്കും, ഓരോ ബ്ലോഗും വായിച്ചു അഭിപ്രായം പറയുകയും, ഇതിലുള്ള അക്ഷരതെറ്റുകൾ കണ്ടു പിടിക്കാൻ എന്നെ സഹായിച്ച എന്റെ കൂട്ടുകാർക്കും (ഒരു ഉപകാരം) ഒരായിരം നന്ദി.

Leave a Reply