Day 1: Singapore – Sydney

സിംഗപ്പൂർ ഉള്ള VFS വിസ സർവീസിൽ നിന്നും ഓസ്‌ട്രേലിയൻ വിസയും എടുത്ത്, ഫ്ലൈറ്റ് ടിക്കറ്റും, റൂമും ബുക്ക് ചെയ്ത്, കൂടെ കുറച്ചു സിംഗപ്പൂർ ഡോളർ മാറ്റി ഓസ്‌ട്രേലിയൻ ഡോളറും ആക്കി എല്ലാം കഴിഞ്ഞാണ് വീട്ടിൽ ഓസ്‌ട്രേലിയൻ ട്രിപ്പിനെ കുറിച്ചുള്ള കാര്യങ്ങൾ അവതരിപ്പിക്കുന്നത്. വീട്ടുകാർ ആദ്യം ഒന്ന് ഞെട്ടിയെങ്കിലും അധികം വഴക്ക് കേൾക്കേണ്ടി വന്നില്ല, വാപ്പിച്ചിയുടെ ഭാഗത്തുനിന്നും യാത്രക്കുള്ള പെർമിഷൻ കിട്ടി. സംഭവം എല്ലാം തീരുമാനിക്കുമെങ്കിലും വീട്ടിൽ പറയാതെ കാര്യപ്പെട്ട കുരുത്തക്കേടുകൾ ഒന്നും ഒപ്പിക്കാറില്ല. സിംഗപ്പൂരിൽ മുൻപ് ഞാൻ വർക്ക് ചെയ്തിരുന്ന കമ്പനിയിലെ കുറച്ചു ഫ്രണ്ട്സും അവരുടെ ഫാമിലിയും ആയിട്ടാണ് ഓസ്‌ട്രേലിയക്കുള്ള ട്രിപ്പ് പ്ലാൻ ചെയ്തത്. ശശാങ്ക് & ജാൻവി, സമീർ & നേഹ, നവീൻ & വർഷ പിന്നെ ഞാനും. മൊത്തം 7 പേരുണ്ട്. അധികം പരിപാടികൾ ഒന്നുമില്ല Sydney, Melbourne ഇവിടെ രണ്ടു സ്ഥലങ്ങൾ ഒന്ന് കറങ്ങണം. എല്ലായിടത്തും ഉള്ള താമസവും റെന്റൽ കാറും ഒക്കെ നേരത്തെ തന്നെ ബുക്ക് ചെയ്തിട്ടുണ്ട്. കൂട്ടത്തിൽ എല്ലാവർക്കും ഡ്രൈവ് ചെയ്യാൻ അറിയാമെങ്കിലും സിംഗപ്പൂർ ലൈസൻസ് എന്റെ കൈയ്യിൽ മാത്രമേ ഉണ്ടായിരുന്നുള്ളു. അത് കൊണ്ട് ഈ ട്രിപ്പിലെയും ഡ്രൈവിങ്ങ് എന്ന ഉത്തരവാദിത്തം ഞാൻ ഏറ്റെടുത്തു. രാവിലെ 10 മണിക്ക് നേരിട്ട് സിഡ്‌നിയിലേക്കാണ് ഫ്ലൈറ്റ്, ഇടയ്ക്കു ഇറങ്ങേണ്ട ആവശ്യം ഒന്നും ഇല്ല. ബോർഡിങ്ങ് പാസ് ഒക്കെ എടുക്കാൻ വേണ്ടി നിന്നപ്പോൾ എന്റെ പാസ്പോർട്ട് മാത്രം അവിടെ ഉണ്ടായിരുന്ന അമ്മച്ചി വാങ്ങി മാറ്റിവെച്ചു. മിക്ക സ്ഥലത്തും ഇങ്ങനെ ഒരു പണി എനിക്ക് കിട്ടാറുള്ളതുകൊണ്ട് കൂടെയുള്ളവരെ സമാധാനിപ്പിച്ചു ഞാൻ അമ്മച്ചിയേയും വെയിറ്റ് ചെയ്തു നിന്നു. 5 മിനിറ്റ് കഴിഞ്ഞപ്പോൾ അമ്മച്ചി വന്നു ഒരു സോറി പറഞ്ഞു എന്റെ പാസ്സ്പോർട്ടും ബോർഡിങ്ങ് പാസും ഒക്കെ തിരിച്ചു തന്നു. കൗതുകം ലേശം കൂടുതൽ ഉള്ളതുകൊണ്ട് അമ്മച്ചിയോട് എന്താ പറ്റിയതെന്ന് ചോദിച്ചു. കൂടുതൽ ഒന്നുമില്ല വിസയിൽ ഉള്ള പാസ്പോർട്ട് നമ്പറും എന്റെ പാസ്പോർട്ട് നമ്പറും തമ്മിൽ ചെറിയ ഒരു വ്യത്യാസം. പുല്ല് ചോദിക്കേണ്ടായിരുന്നു, നാണക്കേടായി. എന്തായാലും അമ്മച്ചിയോടു ഇനി ഓസ്‌ടേലിയ ചെന്നിറങ്ങുമ്പോൾ പണികിട്ടുവോ എന്ന് ചോദിച്ചു. പേടിക്കേണ്ട അമ്മച്ചി തന്നെ എംബസിയിൽ വിളിച്ചു നമ്പർ അപ്ഡേറ്റ് ചെയ്തു എന്ന് പറഞ്ഞു. ഇതൊക്കെ കാണുമ്പോൾ ആണ് നമ്മുടെ നാട്ടിലെ ചില ഉദ്യോഗസ്ഥരെ എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നത്. നവീനും വർഷയും വേറെ ഫ്ലൈറ്റിൽ ആണ് പോകുന്നത്. കുറെ തവണ പ്ലാൻ അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ മാറ്റിയതുകൊണ്ട് ടിക്കറ്റ്സ് എടുത്തപ്പോൾ ചെറിയ ഒരു അമളിപറ്റി. ഞങ്ങൾ രാത്രിയിൽ സിഡ്നി എത്തും നവീനും വർഷയും അടുത്ത ദിവസം രാവിലെയും. എന്തായാലും ടെർമിനലിന്റെ അകത്തേക്ക് കയറുന്നതിനു മുൻപ് ഒരുമിച്ചു ഒരു ഫോട്ടോ എടുത്തു.

എല്ലാവരും ഒരുമിച്ചാണ് ഇരുപ്പ്, ബജറ്റ് എയർലൈൻസ് ആയതുകൊണ്ട് ഫുഡ് ഒക്കെ നമ്മൾ ക്യാഷ് കൊടുത്തു വാങ്ങണം. കുറച്ചു നേരം കഴിഞ്ഞപ്പോൾ സംസാരം ഒക്കെ മതിയാക്കി എല്ലാവരും ഉറങ്ങാൻ തയ്യാറെടുത്തു. കൈയ്യിൽ ഉണ്ടായിരുന്ന ടാബിൽ കുറച്ചു Netflix സീരീസ് ഡൗൺലോഡ് ചെയ്തു വെച്ചിട്ടുണ്ടായിരുന്നു. ഞാൻ “Stranger Things” സീരീസ് കണ്ടുതുടങ്ങി. കുറെ കഴിഞ്ഞപ്പോൾ എല്ലാവർക്കും വിശന്നു തുടങ്ങിയെന്നു തോന്നുന്നു, ഉറക്കത്തിൽ നിന്നും എഴുന്നേറ്റു വെറുതെ തെക്കുവടക്കു നോക്കി ഇരുപ്പായി. ഫ്ലൈറ്റിൽ ഓടി നടന്നിരുന്ന ഒരു കുട്ടിയെ വിളിച്ചു വിശക്കുന്നു എന്ന് പറഞ്ഞു. അന്നത്തെ മെനു വിശദമായി പറഞ്ഞുതന്നെങ്കിലും ആകെ കേട്ടുപരിചയം സാൻഡ്‌വിച്ച് എന്ന വാക്കാണ്. എല്ലാവരും ഓരോ സാൻഡ്‌വിച്ച് ഓർഡർ ചെയ്തു. വലിയ മെച്ചമൊന്നും ഉണ്ടായില്ലെങ്കിലും വിശപ്പുള്ളതിനാൽ എല്ലാവരും അത് തട്ടി കയറ്റി. കൂട്ടത്തിൽ ഞാൻ മാത്രമേ നോൺ വെജിറ്റേറിയൻ ഉള്ളു. പിന്നെ സമീർ വല്ലപ്പോഴും ഒരു ചിക്കൻ പീസ് കഴിക്കും അത്രേ ഉള്ളു. ബാക്കിയെല്ലാവരും പക്കാ വെജിറ്റേറിയൻ ആണ്, ഫുഡിങ്ങ് ഒക്കെ എന്തായി തീരുവോ ആവോ, കണ്ടറിയാം.

പഴയ ഓഫീസിലെ ഓർമകളും തമാശകളും ഒക്കെ പറഞ്ഞു നീണ്ട 8 മണിക്കൂർ യാത്ര കഴിഞ്ഞു അവസാനം രാത്രി 8 മണി ആയപ്പോഴേക്കും സിഡ്‌നി എത്തി. ഫുൾ 8 ആണെല്ലോ പടച്ചോനെ, 8-ന്റെ പണി ആകുവോ ആവോ. ഇമ്മിഗ്രേഷന് നിൽക്കുമ്പോൾ ചെറിയ ഒരു ടെൻഷൻ ഉണ്ടെങ്കിലും, സിംഗപ്പൂർ വെച്ചു അമ്മച്ചി തന്ന ആത്മവിശ്വാസത്തിൽ ഞാൻ അവിടെ ഇരുന്ന ഓഫീസറുടെ നേരെ എന്റെ പാസ്പോർട്ട് നീട്ടി. അമ്മച്ചി കാത്തു, പുള്ളിക്കാരൻ ഒന്നും ചോദിച്ചില്ല, എല്ലാം സെറ്റ്. അങ്ങനെ ഞങ്ങൾ സിഡ്നി ഇന്റർനാഷണൽ എയർപോർട്ടിൽ ഇനി എന്തുചെയ്യണം എന്നറിയാതെ മുഖത്തോടു മുഖം നോക്കി നിന്നു. ഒരു ക്ഷീണം ഉള്ളതുകൊണ്ട് എന്തെങ്കിലും കഴിച്ചാലോ എന്നുള്ള എന്റെ അഭിപ്രായത്തോട് എല്ലാവരും ഓക്കേ പറഞ്ഞു. അവിടെ ടെർമിനലിന്റെ അകത്തുതന്നെ ഒരു റെസ്റ്റോറന്റിൽ കയറി ഞങ്ങൾ ഡിന്നർ ഓർഡർ ചെയ്തു. ഞാൻ കൂടെ ഒരു കട്ടൻ കാപ്പിയും. രാവിലെ മുതൽ കാപ്പി ഒന്നും കുടിച്ചിട്ടില്ല. ഇപ്പോഴാണ് സമാധാനം ആയത്. അങ്ങനെ ഡിന്നർ ഒക്കെക്കഴിഞ്ഞു airbnb വഴി ബുക്ക് ചെയ്ത അപ്പാർട്ട്മെന്റിലേക്ക് പോകാൻ പുറത്തേക്കു ഇറങ്ങി. നല്ല തണുപ്പും, നല്ല കാറ്റും. ഞങ്ങൾ 5 പേരും പിന്നെ എല്ലാവരുടെയും ലഗേജുമുണ്ട്. ഒരു വണ്ടിയിൽ എന്തായാലും കയറില്ല. ബാംഗ്ലൂർ ഉള്ള ഓട്ടോറിക്ഷ ഡ്രൈവറെ ഓർമിപ്പിച്ചുകൊണ്ട് ഒരു ചെറിയ ട്രാവലർ ഞങ്ങളുടെ അടുത്ത് വന്നു നിറുത്തി. എങ്ങോട്ടാ എന്ന് ചോദിച്ചു, സ്ഥലം പറഞ്ഞതും 75$ പറഞ്ഞു. സത്യം പറഞ്ഞാൽ കുറച്ചു ദൂരം ഉണ്ട്. എന്തായാലും വേണ്ടില്ല തണുപ്പത്ത് നിൽക്കേണ്ടല്ലോ, എല്ലാവരും സാധനങ്ങൾ ഒക്കെ വണ്ടിയിൽ കേറ്റി നേരെ റൂമിലേക്ക് വിട്ടു. റൂമിന്റെ കീ ഒരു ബോക്സിൽ വെച്ച് അത് നമ്പർ ലോക്ക് ചെയ്തിട്ടുണ്ട്. തുറക്കാനുള്ള നമ്പർ ഒക്കെ ഓണർ നേരത്തെ തന്നെ സമീറിന് അയച്ചു കൊടുത്തു. സമീർ ആണ് അക്കൊമൊഡേഷൻ ഒക്കെ നോക്കുന്നത്, ശശാങ്ക് ട്രിപ്പ് പ്ലാനിങ്ങും, ഡ്രൈവിംഗ് ഞാനും. എല്ലാവർക്കും ഓരോ പണി കൊടുത്തിട്ടുണ്ട്. റൂം ഒക്കെ തുറന്നു അകത്തുകയറി. നല്ല വിശാലമായ 3 ബെഡ്‌റൂം അപ്പാർട്ട്മെന്റ് ആണ്. അവർ എല്ലാവരും ഓരോ ഓരോ റൂം എടുത്തു, പതിവ് പോലെ ഞാൻ ലിവിങ് റൂമിലെ സോഫ ബെഡ്ഡും കൈക്കലാക്കി. പെട്ടിയും പ്രമാണങ്ങളും ഒക്കെ എടുത്തു വെച്ച്, നാളത്തെ ബ്രേക്ഫാസ്റ്റിനു കുറച്ചു ബ്രഡ് ഒക്കെ വാങ്ങാം എന്ന് കരുതി ഞങ്ങളെല്ലാവരും പുറത്തേക്കു ഇറങ്ങി. കട പോയിട്ട് ഒരു മനുഷ്യകുഞ്ഞു പോലും ഇല്ല പരിസരത്തൊന്നും. എല്ലാവരും ഉറക്കമായെന്നു തോനുന്നു. എന്തായാലും ഇറങ്ങിയതല്ലേ, അടുത്ത ജംഗ്ഷൻ വരെ ഒന്ന് പോയി നോക്കാം എന്ന് പറഞ്ഞു. അവിടെ ഒരു പെട്രോൾ പമ്പ് ഉണ്ട്, കൂടെ ഒരു ചെറിയ സ്റ്റോറും. അത്യാവശ്യത്തിനുള്ള സാധനങ്ങൾ ഒക്കെ അവിടെ കിട്ടും. 2 പാക്കറ്റ് ബ്രെഡും, കുറച്ചു ഫ്രൂട്ട്സും, വെള്ളവും ഒക്കെ വാങ്ങി ഞങ്ങൾ തിരിച്ചു റൂമിലേക്ക് നടന്നു.

തിരികെ റൂമിൽ എത്തി എല്ലാവരും കിടക്കാൻ തയ്യാറായി. അപ്പോഴാണ് ഓസ്‌ട്രേലിയയെ കുറിച്ചുള്ള നഗ്നമായ ആ സത്യം സമീർ പറയുന്നത്. ചിലപ്പോൾ റൂമിൽ ഒക്കെ പാമ്പ് കയറും, ബാത്ത്റൂമിൽ ഒക്കെ പോകുമ്പോൾ ശ്രദ്ധിക്കണം എന്ന്. ലിവിങ് റൂമിലെ സോഫയിൽ കിടക്കാൻ തീരുമാനിച്ച എന്റെ പകുതി ജീവൻ അപ്പൊത്തന്നെ പോയി. അന്ന് രാത്രി സമാധാനമായിട്ടു ഉറങ്ങാനും പറ്റിയില്ല.

[തുടരും]

Leave a Reply