Day 2: SYDNEY

നാഗരാജാവ് ഇനിയെങ്ങാനും കട്ടിലിൽ കയറി മറുതലയിൽ എന്നെയും നോക്കി ഇരിപ്പുണ്ടോ ആവോ. പേടി കാരണം ഉറക്കവും പോയി കിട്ടി. ഇടക്ക് ഇടക്ക് എഴുന്നേറ്റു നോക്കി ഇല്ലെന്നുറപ്പിച്ചു ഒരു കണക്കിന് നേരം ഞാൻ വെളുപ്പിച്ചെടുത്തു. സമീർ രാവിലെ എഴുന്നേറ്റു വന്നപ്പോൾ ഞാൻ അവിടെ കണ്ണും തുറന്നു കിടപ്പുണ്ട്. ഉറക്കം ഒക്കെ എങ്ങനെയുണ്ടായിരുന്നു എന്ന് ചോദിച്ചു. കുനിച്ചു നിറുത്തി രണ്ട് ഇടി കൊടുക്കാൻ ആണ് തോന്നിയതെങ്കിലും, നന്നായുറങ്ങി എന്ന് പറഞ്ഞു. ഞങ്ങൾ രണ്ടുപേരും ഓരോ കട്ടൻ കാപ്പി ഇടാൻ കിച്ചണിലേക്കു കേറി. എന്റെ കൈയ്യിൽ ഉണ്ടായിരുന്ന ഇൻസ്റ്റന്റ് കാപ്പിപ്പൊടി എടുത്തു കട്ടൻ സെറ്റ് ആക്കി അപാർട്മെന്റിന്റെ സൈഡിൽ ഉള്ള ചില്ലുവാതിൽ തുറന്നു പുറത്തേക്കു ഇറങ്ങി. തലേ ദിവസം വന്നപ്പോൾ, രാത്രി ആയതുകൊണ്ട് പുറത്തെ സെറ്റപ്പ് ഒന്നും കാണാൻ പറ്റിയിരുന്നില്ല. അവിടെ പുറത്തു ഒരു ബെഞ്ചും, ഒരു കോഫീ ടേബിളും ഒക്കെ ഉണ്ട്. കൂടാതെ നല്ല പച്ചപ്പുല്ലും പിടിപ്പിച്ചിട്ടുണ്ട്. ഇന്നത്ത പരിപാടികൾ ഒക്കെ എന്താണെന്നു ഞങ്ങൾ പ്ലാൻ ചെയ്യുന്നതിന്റെ ഇടയ്ക്കു ബാക്കി എല്ലാവരും ഉറക്കം ഒക്കെ കഴിഞ്ഞു കണ്ണും തിരുമ്മി എത്തി. ലേഡീസ് എല്ലാം റെഡി ആകുന്ന നേരം കൊണ്ട് അവിടെ ഉണ്ടായിരുന്ന ബ്രഡിൽ കുറച്ചു നുട്ടല്ലയും തേച്ചു, ഓരോ കട്ടൻ കാപ്പിയും ഉണ്ടാക്കി നേരെ ഉമ്മറപ്പടിയിൽ പോയി കുറച്ചു ഇളംവെയിൽ ആസ്വദിച്ചു നിന്നു. അപ്പോഴേക്കും നവീനും വർഷയും കൂടി റൂമിൽ എത്തി. ഇപ്പോഴാണ് കോറം ഫുൾ ആയത്.

എല്ലാവരും റെഡി ആയി സിറ്റി കാണാം എന്ന ഉദ്ദേശവുമായി റൂമിൽ നിന്നും ഇറങ്ങി. കുറച്ചു നേരം അവിടെ നിന്ന് രണ്ടു മൂന്ന് ഫോട്ടോസ് കൂടി എടുത്തു നേരെ അടുത്തുള്ള Riverwood ട്രെയിൻ സ്റ്റേഷനിലേക്ക് നടന്നു. കുറച്ചു നടക്കാനുണ്ടെങ്കിലും കാഴ്ച്ചകൾ ഒക്കെ കണ്ടു നടന്നെത്തിയത് അറിഞ്ഞില്ല. അവിടെ ചെന്നപ്പോൾ ട്രെയിൻ കേറാനുള്ള കാർഡ് എടുക്കണം. അങ്ങനെ അടുത്തുതന്നെയുള്ള ഒരു പെട്ടിക്കടയിൽ നിന്നും കാർഡും വാങ്ങി ഒരു 10$ ചാർജും ചെയ്തു നേരെ പ്ലാറ്റ്ഫോമിലേക്ക് നടന്നു. അധികം ഒച്ചപ്പാടും ബഹളവും തിരക്കും ഒന്നുമില്ലാത്ത ഒരു സ്റ്റേഷൻ. ഇനി ഞങ്ങൾ വന്നപ്പോഴേക്കും തിക്കും തിരക്കും ഒക്കെ കഴിഞ്ഞതാണോ എന്നും അറിയില്ല. എന്തായാലും ഞങ്ങൾക്ക് ഫ്രീ ആയി കുറച്ചു ഫോട്ടോസ് ഒക്കെ എടുക്കാൻ അവസരം കിട്ടി. കുറച്ചുനേരം കഴിഞ്ഞപ്പോഴേക്കും ട്രെയിൻ വന്നു. രണ്ടു നിലയുള്ള ട്രെയിൻ ആണ്. ഞാൻ ആദ്യമായിട്ടാണ് കാണുന്നത്. കൗതുകം കൂടുതൽ ഉള്ളതുകൊണ്ട് പൊട്ടൻ പൂരം കാണുന്നത് പോലെ, ഞാൻ അത് വരുന്നതും വായിനോക്കി അങ്ങനെ നിന്നു. ട്രെയിനിനകത്തും വലിയ തിരക്കൊന്നും ഇല്ല. ഒരു കമ്പാർട്ട്മെന്റ് മൊത്തം ഞങ്ങൾക്ക് എഴുതിത്തന്നത് പോലെ, വേറെ ആരും ഉണ്ടായില്ല. എന്തായാലും രണ്ടു നിലയുള്ളതല്ലേ, ഞങ്ങൾ എല്ലാവരും മുകളിലത്തെ നിലയിൽ കയറി. സ്റ്റേഷൻ വിട്ടു ട്രെയിൻ അങ്ങനെ സിറ്റി ലക്ഷ്യമാക്കി നീങ്ങി.

ഒരു മുക്കാൽ മണിക്കൂർ എടുത്തിട്ടുണ്ടാകും, ഞങ്ങൾ സിറ്റിയിൽ എത്തി. ട്രെയിൻ ഇറങ്ങിയതും ഞാൻ പോയി ഒരു കട്ടൻ കാപ്പി വാങ്ങി. കൂടെ സമീറും നവീനും ഓരോന്ന് വാങ്ങി. കാപ്പിയും കുടിച്ചു സിഡ്‌നിയിലെ മെയിൻ ടൂറിസ്റ്റ് സ്പോട്ട് ആയ Opera House-ലെക് നടന്നു. Sydney Harbour Bridge-ഉം അവിടെ നിന്നാൽ നന്നായി കാണാം. അത്യാവശ്യം നല്ല തണുപ്പും കൂടെ നല്ല കാറ്റും ഉണ്ട്. കുറച്ചുദൂരമേ നടക്കാൻ ഉള്ളുവെങ്കിലും ഫോട്ടോസ് ഒക്കെ എടുത്തു എല്ലാത്തിനേം തട്ടി കൂട്ടി അവസാനം അവിടെ എത്തിയപ്പോൾ ഒരു നേരം ആയി. എല്ലാവരും കൂടി Opera House-ന്റെ മുന്നിൽ ഒരു ജമ്പ് ഷോട്ട് എടുക്കാം എന്ന് പറഞ്ഞു കുറെ നേരമായി ചാടുന്നത് കണ്ടു, അവിടെ ഉണ്ടായിരുന്ന കുറെ പേരും കൂടി ഞങ്ങളുടെ കൂടെ ഫോട്ടോക്ക് പോസ് ചെയ്തു. കുറെ നേരം അവിടെ കറങ്ങി നടന്നു ഫോട്ടോസ് ഒക്കെ എടുത്തു. അവിടെ അടുത്തുതന്നെയുള്ള ഒരു റെസ്റ്റോറൻറ്റിൽ നിന്നും ഞങ്ങൾ ലഞ്ചും കഴിച്ചു നേരെ അടുത്ത സ്ഥലം അനേഷിച്ചു നടന്നു.

ഉച്ചയൂണും കഴിഞ്ഞു ഞങ്ങൾ വീണ്ടും സിറ്റിയിലേക്ക് ഇറങ്ങി. ഗൂഗിൾ മാപ്‌സ് നോക്കി അടുത്തുള്ള സ്ഥലങ്ങൾ എന്തൊക്കെ ഉണ്ടെന്നു നോക്കി. സിഡ്നി ടവർ പോകാം എന്ന് തീരുമാനിച്ചു. കുറച്ചു നടക്കാൻ ഉണ്ടെങ്കിലും വഴിനീളെ ഫോട്ടോസ് ഒക്കെ എടുത്തു വായുംനോക്കി അവസാനം സിഡ്നി ടവറിന്റെ അടുത്ത് എത്തി. ഇടയ്ക്കു കാണുന്ന ചെറിയ കടകളിൽ ഒക്കെ കയറി വെറുതെ ഒരു വിൻഡോ ഷോപ്പിങ്ങും നടത്തി. ടവറിൽ കേറണമെങ്കിൽ ചെറിയ ഒരു ഫീസ് ഉണ്ട്. പിന്നെ കുറച്ചു സമയവും ഉണ്ട്. അതുകൊണ്ട് തൽകാലം ടവറിന്റെ മുകളിൽ കേറാൻ ഉള്ള പരുപാടി ഉപേക്ഷിച്ചു അടുത്ത സ്ഥലം നോക്കി നടന്നു. അതിന്റെ അടുത്തുതന്നെ St Mary’s Cathedral കണ്ടു. നല്ല വലിയ ഒരു പള്ളിയാണ്. നേരെ അങ്ങോട്ട് വച്ചുപിടിച്ചു. അപ്പോഴേക്കും നവീനും വർഷവും നടന്നു ഒരു പരുവം ആയിട്ടുണ്ട്. അവർ ഇന്ന് രാവിലെ എത്തിയതെല്ലേ ഉള്ളു. മാത്രമെല്ല നല്ല യാത്ര ക്ഷീണവും ഉണ്ട്. അവർ രണ്ടുപേരും റൂമിന്റെ കീയും വാങ്ങി ഒരു ഉബർ കാർ വിളിച്ചു നേരെ റൂമിലേക്ക് പോയി. ഞങ്ങൾ ബാക്കിയുള്ളവർ പള്ളി കാണാനും. വെയിൽ ഒക്കെ താഴ്ന്നു തുടങ്ങിയിട്ടേ ഉള്ളു. പള്ളിയുടെ അകത്തും കയറി കുറച്ചു ഫോട്ടോസ് ഒക്കെ എടുത്തു. നല്ല വിശാലമായ പള്ളിയാണ്. പള്ളിയിൽ നിന്നും ഇറങ്ങി തിരിച്ചു നടക്കുമ്പോൾ ഒരു കട്ടൻ കാപ്പി കുടിക്കാനുള്ള മോഹം വീടും ഉടലെടുത്തു. ഒന്ന് വട്ടം കറങ്ങി നോക്കിയപ്പോൾ റോഡിന്റെ അപ്പുറത്തു ഒരു Starbucks കോഫി ഷോപ് കണ്ടു. എല്ലാവരും നടന്നു അവശരായതിനാൽ കുറച്ചു നേരം അവിടെ ഇരിക്കാമെന്നു പറഞ്ഞു. ഓരോ കാപ്പിയും ഓർഡർ ചെയ്തു എടുത്ത ഫോട്ടോസ് ഒക്കെ നോക്കി കുറച്ചു നേരം ഞങ്ങൾ അവിടെ റസ്റ്റ് എടുത്തു.

കാപ്പികുടിക്കുന്നതിനിടയിൽ ശശാങ്ക് അടുത്ത സ്ഥലം തപ്പി എടുത്തു. Darling Harbour ആണ് സ്ഥലം. പേരുകേട്ടപ്പോൾ എല്ലാവർക്കും ഇന്ററസ്റ്റ് ആയി. ഒന്നര കിലോമീറ്റർ നടക്കാനുണ്ട് എന്ന് പറഞ്ഞെങ്കിലും നല്ല തണുപ്പും കാറ്റും ഒക്കെ ഉള്ളതുകൊണ്ട് എല്ലാവരും ഓക്കേ പറഞ്ഞു. ജോലി കഴിഞ്ഞു പോകുന്ന ടൈം ആയതിനാൽ അപ്പോഴേക്കും സിറ്റി ഏരിയ നല്ല തിരക്കായി. ഫൂട്ട്പാത്തിലും ഒക്കെ നല്ല ആൾക്കൂട്ടം ഉണ്ട്. കുറച്ചു നേരം നടന്നു ഞങ്ങൾ അവസാനം Darling Harbour എത്തി. പ്രതീക്ഷിച്ച ഒരു ഡാർലിംഗ് ഫീൽ ഉണ്ടായില്ലെങ്കിലും നല്ല വൃത്തിയുള്ള ഒരു ഹാർബർ. അതിന്റെ ഓരം ചേർന്നു റെസ്റ്റോറന്റുകളും, ബാറുകളും, ഷോപ്പിംഗ് മാളും ഒക്കെ ഉണ്ട്. കുറച്ചുനേരം അവിടെ ഇരുന്നു കാറ്റു കൊണ്ടുകഴിഞ്ഞു നേരെ ഞങ്ങൾ റൂമിലേക്ക് തിരിച്ചു പോകാൻ തീരുമാനിച്ചു. വന്നപോലെ ട്രെയിൻ പിടിച്ചു പോകാമെന്നു പറഞ്ഞു നേരെ ട്രെയിൻ സ്റ്റേഷൻ തപ്പി നടന്നു. Town Hall സ്റ്റേഷനിൽ നിന്നും Riverwood സ്റ്റേഷൻ വരെ ആണ് പോകേണ്ടത്. ഇടയ്ക്കു Subway റെസ്റ്റോറൻറ്റിൽ കയറി രാത്രിയിലേക്കുള്ള ഡിന്നറും വാങ്ങി ഞങ്ങൾ നേരെ റൂമിലേക്ക് പോയി.

ഇന്നത്തെ കറക്കം ഒക്കെ കഴിഞ്ഞു എല്ലാവരും റൂമിൽ തിരിച്ചു എത്തിയപ്പോഴേക്കും നടന്നു കാൽ ഒരു പരുവം ആയിട്ടുണ്ടായിരുന്നു. ഇനി നാളെ എനിക്കും സമീറിനും നേരത്തെ എഴുന്നേറ്റു റെന്റൽ കാർ എടുക്കാൻ പോകേണ്ടതാണ്. Blue Mountains ആണ് നാളത്തെ ഡെസ്റ്റിനേഷൻ.

[തുടരും]

One comment

Leave a Reply