Day 3: Sydney – Blue Mountains

ഇന്ന് രാവിലെ നേരത്തെ തന്നെ എഴുന്നേറ്റു. കഴിഞ്ഞ ദിവസം നടന്നു ക്ഷീണിച്ചതുകാരണം പാമ്പിനെ കുറിച്ചൊന്നും ഓർക്കാൻ പോലും സമയം ഉണ്ടായിരുന്നില്ല. ഞാൻ കുളിച്ചു റെഡി ആയപ്പോഴേക്കും സമീറും റെഡി ആയി വന്നു. ഞങ്ങൾ രണ്ടുപേർക്കും എയർപോർട്ട് വരെ പോയി അവിടുന്ന് റെന്റൽ കാർ എടുക്കാനുള്ളതാണ്. മറ്റുള്ളവരോട് റെഡിയായി ഇരിക്കാൻ പറഞ്ഞു ഞങ്ങൾ ഒരു ഉബർ വിളിച്ചു നേരെ കാർ എടുക്കാൻ പോയി. കാറിന്റെ ചുറ്റും ഒന്ന് നടന്നു തട്ടലും മുട്ടലും ഒന്നും ഇല്ല എന്നുറപ്പു വരുത്തി ഞങ്ങൾ ഫോർമാലിറ്റീസ് ഒക്കെ തീർത്തു രണ്ടു കൈയും നീട്ടി താക്കോൽ ഏറ്റുവാങ്ങി. ആദ്യമായിട്ടാണ് വേറെ ഒരു രാജ്യത്ത് കാർ ഓടിക്കുന്നത്. അതിന്റെ ഒരു ടെൻഷൻ ഉണ്ടായിരുന്നെങ്കിലും അധികം നേരം വേണ്ടി വന്നില്ല കാറും, റോഡും മനസ്സിലാകാൻ. റെന്റൽ ഓഫീസിലെ കുറച്ചു ചടങ്ങുകൾ എല്ലാം കഴിഞ്ഞു അധികം വൈകാതെ അന്നത്തെ ദിവസത്തെ യാത്രക്കുള്ള കാറുമായി ഞങ്ങൾ തിരിച്ചു റൂമിൽ എത്തി. നല്ല അനുസരണയുള്ള കുട്ടികൾ, ഞങ്ങൾ വന്നപ്പോഴേക്കും എല്ലാവരും റെഡി ആയി ഇരിപ്പുണ്ട്. എനിക്കും സമീറിനും ഉള്ള ബ്രെഡും ചായയും ഒക്കെ റെഡിയാക്കി വെച്ചിട്ടുമുണ്ട്. കുറച്ചു ന്യുട്ടല്ല തേച്ചു രണ്ടു ബ്രെഡ്‌ ഞാനും അകത്താക്കി. അങ്ങനെ Blue Mountains ലക്ഷ്യമാക്കി ഞങ്ങൾ വണ്ടി എടുത്തു.

എന്റെ കൂടെ ആദ്യമായിട്ടാണ് കാറിൽ ഇവരെല്ലാവരും യാത്ര ചെയ്യുന്നത്. നല്ല രീതിയിൽ എല്ലാവർക്കും പേടിയുണ്ടെന്നു എനിക്ക് മനസ്സിലായി. അധികം പരിചയം ഇല്ലാത്തതുകൊണ്ടും ഇവരുടെ ടെൻഷൻ ഒന്ന് മാറി കിട്ടാനും കുറച്ചു പതുക്കെ ആണ് തുടങ്ങിയത്. അധികം ദൂരം പോകേണ്ടിവന്നില്ല, ഹൈവേ കേറിയപ്പോഴേക്കും എല്ലാവരുടെയും ടെൻഷൻ കുറച്ചു കുറഞ്ഞു. പതുക്കെ എല്ലാവരും ക്യാമറയും പാട്ടും ഒക്കെയായി യാത്ര ആസ്വദിച്ചുതുടങ്ങി. ഏകദേശം 100KM ഉണ്ട് Katumba എന്ന സ്ഥലത്തേക്ക്. അവിടെ ആണ് Blue Mountain കാണാൻ പോകുന്നത്. അവിടെ എത്താറായപ്പോഴേക്കും കാലാവസ്ഥ ആകെ മാറി തുടങ്ങി. പതുക്കെ പതുക്കെ മഞ്ഞു കണ്ടുതുടങ്ങി. റോഡിലും, വഴിയോരത്തു നിർത്തി ഇട്ടിരിക്കുന്ന കാറിന്റെ മുകളിലും ഒരു വശത്തുകൂടി കടന്നു പോകുന്ന റെയിവേ പാളത്തിലും ഒക്കെ മഞ്ഞുവീണു മൂടി കിടക്കുന്നു. നല്ല രസമുള്ള കാഴ്ചയായിരുന്നെങ്കിലും എന്നോട് അധികം നോക്കേണ്ട, ഫോട്ടോസ് എടുത്തു പിന്നെ കാണിച്ചുതരാം എന്ന് പറഞ്ഞു ശശാങ്ക് കുറച്ചു ഫോട്ടോസ് എടുത്തു.

വലിയ അല്ലലൊന്നും ഇല്ലാതെ ഞങ്ങൾ വിചാരിച്ച സ്ഥലത്തുതന്നെ എത്തിച്ചേർന്നു. വണ്ടി പാർക്കുചെയ്യാനും ഫ്രീ ആയിരുന്നു അവിടെ. അങ്ങനെ അതിന്റെ ഒരു ടെൻഷനും മാറിക്കിട്ടി. നേരെ Scenic World-ന്റെ ഉള്ളിലേക്ക് കയറി. പുറത്തു നല്ല തണുപ്പുള്ളതിനാൽ കേറിയപ്പോൾ തന്നെ ഞാൻ അവിടുത്തെ കോഫി ഷോപ്പിൽ നിന്നും ഒരു കട്ടൻ കാപ്പി വാങ്ങി. രാവിലെ ആയതുകൊണ്ട് അധികം തിരക്കായിത്തുടങ്ങിയിട്ടില്ല. ടിക്കറ്റ് കാണിച്ചു കൈയ്യിൽ കെട്ടാനുള്ള ഒരു ബാൻഡും കൈപ്പറ്റി എല്ലാവരും കാഴ്ച്ചകൾ കാണാൻ ഇറങ്ങി. അവിടെയുള്ള റൈഡിൽ ഒക്കെ കയറാൻ ഈ ബാൻഡ് കാണിച്ചാൽ മതി. കുറച്ചു ദൂരെ ആയി Blue Mountains കാണാം. ആകെ മൊത്തം ഒരു നീല മയം. അതായിരിക്കും ഇങ്ങനെ ഒരു പേര് കിട്ടിയത് എന്ന് ഞാൻ ഊഹിച്ചു. തൊട്ടപ്പുറത്തായി Three Sisters എന്ന പേരിൽ 3 തൂണ് പോലെയുള്ള പാറക്കെട്ടുകളും കാണാം. അതിന്റെ ഇടയിലായി ഒരു പാലവും ഉണ്ട്. സൂക്ഷിച്ചു നോക്കിയാൽ അത് കാണാം. കോഫി ഷോപ്പിലെ ടേബിളിൽ ആരോ ഉണ്ടാക്കിവെച്ചിരുന്ന ഒരു snow man-ന്റെ ഫോട്ടോയും എടുത്തു കുറെ നേരം ഞങ്ങൾ എല്ലാവരും അവിടെ ആ കാഴ്ച്ചകളും കണ്ടു നിന്നു.

മൂന്ന് റൈഡ് ഉണ്ട് ഇവിടെ. ഒരു റോപ്പ് വേ വഴി നേരെ അപ്പുറത്തെ മലയിലേക്കു പോകാം. പിന്നെ ലോകത്തിലെ തന്നെ ഏറ്റവും ചെങ്കുത്തായ ട്രെയിൻ പാളം. ഏതാണ്ട് 53 ഡിഗ്രി ചെരിവ് ഉണ്ടെന്നാണ് അവിടെ എഴുതി വെച്ചിരിക്കുന്നത്. അതിൽ കയറി നേരെ താഴേക്ക് പോകാം. തിരിച്ചു അതിലോ അല്ലെങ്കിൽ വേറെ ഒരു റോപ്പ് വേ വഴി തിരിച്ചു മുകളിലേക്ക് വരാം. റോപ്പ് വേ വഴി മറുകരയിൽ പോയാൽ കാട്ടിലൂടെ കുറച്ചു നടക്കാനുള്ള സൗകര്യം ഉണ്ട്. തണുപ്പിന്റെ ആണോ എന്നറിയില്ല, ഇതിനിടയിൽ എന്റെ കൈ മരവിച്ചു അനക്കാൻ പറ്റുന്നില്ല. കുറേനേരമായി ഞാൻ ഇരുന്നു പരുങ്ങുന്നത് കണ്ടു വർഷ കാര്യം ചോദിച്ചു. കാര്യം അവതരിപ്പിച്ചപ്പോൾ, വർഷ കൈയ്യിൽ ഉണ്ടായിരുന്ന ഒരു ഹീറ്റ് പാച്ച് എടുത്തു തന്നു. അത് കൈയ്യിൽ ഓടിച്ചപ്പോൾ കുറച്ചു ആശ്വാസം ഉണ്ട്.കൂടുതൽ റിസ്ക് എടുക്കേണ്ട എന്ന് കരുതി അവിടെയുള്ള ഷോപ്പിൽ നിന്നും ഒരു ഗ്ലൗസ് കൂടി വാങ്ങി.

റോപ്പ് വേ വഴി അപ്പുറത്തെ മലയിൽ പോയി അവിടെ ഉള്ള ചെറിയ വഴിയിലൂടെ ഞങ്ങൾ താഴെയുള്ള ഒരു വെള്ളച്ചാട്ടം കാണാൻ ഇറങ്ങി. ചെറിയ ഇടവഴിയിൽ രണ്ടു ഭാഗത്തുമായി നിന്നിരുന്ന ചെടിയിലെല്ലാം മഞ്ഞു വീണു കിടപ്പുണ്ട്. വെയിൽ കൂടി വരുന്തോറും മഞ്ഞും മാഞ്ഞു തുടങ്ങിയിട്ടുണ്ട്. കുറച്ചു കൂടി നേരത്തെ വരാമായിരുന്നു എന്നു തോന്നി. കുറച്ചു നടന്നു താഴെ വെള്ളച്ചാട്ടത്തിന്റെ അടുത്ത് എത്തി. അധികം വെള്ളം ഒന്നും ഇല്ലാത്തതുകൊണ്ട് അവിടെ ഒക്കെ ഇറങ്ങി നടക്കാൻ കഴിഞ്ഞു. അവിടെ കുറേനേരം കറങ്ങി നടന്നു ഞങ്ങൾ വന്ന റോപ്പ് വേ വഴി തിരിച്ചു വന്നു. ട്രെയിനിലും മറ്റുള്ള എല്ലാ റൈഡിലും ഒക്കെ ഒന്ന് കേറിയിറങ്ങി അവിടെ മൊത്തം കണ്ടു തീർത്തു. അവിടുന്ന് നേരെ അടുത്ത സ്ഥലമായ Three Sisters-ന്റെ അടുത്തേക്ക് വിട്ടു. അതിൽ ഒരു പാലം ഉണ്ടെന്നു പറഞ്ഞിരുന്നില്ലേ, അതിൽ ഒന്നു കയറാം എന്ന് കരുതി. റോഡ് സൈഡിൽ ഉള്ള ഓപ്പൺ സ്പേസിൽ കാർ പാർക്ക് ചെയ്തു അവിടെയുള്ള വ്യൂ പോയിന്റിൽ കുറച്ചു നേരം നിന്നു ഫോട്ടോസ് ഒക്കെ എടുത്തു. Honeymoon Bridge എന്നാണ് ആ പാലത്തിനു പേരിട്ടിരിക്കുന്നത്. ചെറിയ ഒരു വഴിയിലൂടെ കുറച്ചു സ്റ്റെപ്പ് ഒക്കെ ഇറങ്ങി വേണം പാലത്തിലേക്ക് പോകാൻ. കുറച്ചു റിസ്കുള്ള പണി ആയതുകൊണ്ട് അധികം ആരും അങ്ങോട്ടേക്ക് പോകുന്നില്ല. അതുകൊണ്ടുതന്നെ വലിയ തിരക്കും ഉണ്ടായില്ല. സമീറിന് സ്റ്റെപ്പ് ഇറങ്ങാൻ ഒരു പേടി തോന്നിയതുകൊണ്ട് അവിടെ മുകളിൽ തന്നെ നിന്നു. പാലത്തിൽ കയറിയതും നല്ല ശക്തൻ കാറ്റ്. കൈവരിയിൽ പിടിക്കാതെ നിൽക്കാൻ വലിയ പാടാണ്. ഒരു തരത്തിൽ അപ്പുറം എത്തിപ്പെട്ടു. സമീർ മുകളിൽ ഉണ്ട്, കൈപൊക്കി ഫോട്ടോസ് എടുക്കാൻ സിഗ്നൽ കൊടുത്തു. കണ്ടോ ആവോ, എന്തായാലും തിരിച്ചു വന്നപ്പോൾ കുറച്ചു ഫോട്ടോസ് കാണിച്ചു തന്നു.

അങ്ങനെ Scenic World കാഴ്ച്ചകൾ ഒക്കെ കഴിഞ്ഞു ഞങ്ങൾ തിരിച്ചു റൂമിലേക്ക് പോകാൻ തീരുമാനിച്ചു. ഇടയിൽ ഒരു ചെറിയ ഒരു ടൗൺ കണ്ടപ്പോൾ അവിടെ ഒന്ന് ചവിട്ടി. വൈകുന്നേരത്തെ ഒരു കാപ്പി അവിടെനിന്നും കുടിക്കാം എന്നുതീരുമാനിച്ചു. ചെറുതാണെങ്കിലും നല്ല ഒരു ടൌൺ സെന്റർ. അത്യാവശ്യം കുറച്ചു കടകളൂം കുറച്ചു വീടുകളൂം ഒക്കെ ഉണ്ട്. മെയിൻ ആയിട്ട് ടൂറിസ്റ്റുകളെ ആണ് ലക്‌ഷ്യം വച്ചിരിക്കുന്നത് എന്ന് സാധനങ്ങളുടെ വില കണ്ടപ്പോൾ മനസ്സിലായി. ടൗൺ എത്തിയപ്പോൾ എല്ലാവരും ഓരോ ഓരോ വഴിക്കു പോയി. കുറച്ചു അധികാരത്തോടെ 30 മിനിറ്റിനുള്ളിൽ എല്ലാവരും തിരിച്ചു കാറിന്റെ അടുത്ത് റിപ്പോർട്ട് ചെയ്യണമെന്ന് ഞാൻ ഓർഡർ ഇട്ടു. കിട്ടിയ നേരം കൊണ്ട് ഓഫീസിൽ കൂടെ വർക്ക് ചെയ്യുന്ന നിലൂഫ പെണ്ണ് പറഞ്ഞ Lamington കേക്ക് അനേഷിച്ചു ഞാൻ അടുത്തുകണ്ട ബേക്കറിയിൽ കയറി. തിരിച്ചു ചെല്ലുമ്പോൾ കൊണ്ട് ചെല്ലണം എന്നാണ് പറഞ്ഞു വിട്ടിരിക്കുന്നത്. അധികം ദിവസം വെച്ചാൽ കേടുവരുമെന്നുള്ളതിനാൽ അവിടെ നിന്നും ഒരു പീസ് കേക്ക് വാങ്ങി ഞാൻ അപ്പോൾ തന്നെ ഒരു കട്ടൻ കാപ്പിയും കൂട്ടി അടിച്ചു. കുറച്ചു നേരം അവിടെ ഒക്കെ വായുംനോക്കി നിന്നപ്പോഴേക്കും എല്ലാവരും തിരിച്ചു എത്തി. വണ്ടി വീണ്ടും റൂം ലക്ഷ്യമാക്കി വിട്ടു.

വഴിയിൽ Penrith എന്ന സ്ഥലത്തു വെച്ച് ഡിന്നറും കഴിഞ്ഞു ഞങ്ങൾ തിരിച്ചു റൂമിൽ എത്തി. വന്നു കയറിയപ്പോൾ തന്നെ, കുഴപ്പങ്ങൾ ഒന്നും ഇല്ലാതെ ഇവിടെ വരെ കൊണ്ട് വന്നതിനു എല്ലാവരും മാറി മാറി താങ്ക്സ് പറഞ്ഞു. അപ്പോഴേക്കും എന്റെ കൈയ്യിലെ വേദന കുറച്ചു കട്ടിയായി. ഞെരമ്പു ഒക്കെ തടിച്ചു വന്നു തുടങ്ങി. കൈ വേദന എടുക്കുന്നു എന്ന് പറഞ്ഞപ്പോൾ വർഷ പോയി കുറച്ചു വെള്ളം ഉപ്പിട്ട് ചൂടാക്കി കൊണ്ടുതന്നു. കുറച്ചു നേരം ഉപ്പിലിട്ടു വെക്ക് എന്ന ഭാവത്തോടെ ചൂട് വെള്ളം എന്റെ നേരെ നീട്ടി. കുറച്ചു കഴിഞ്ഞും വലിയ മാറ്റം ഒന്നും കാണാതായപ്പോൾ കൈയ്യിൽ ഉണ്ടായിരുന്ന ഒരു ഓയിൽ എടുത്തു വർഷ ഒരു മസ്സാജ് ഓഫർ ചെയ്തു. ചെറിയ ഒരു നാണം ഒക്കെ വന്നെങ്കിലും വേദന കണക്കിലെടുത്തു ഞാൻ എന്റെ കൈ മസ്സാജ് സെഷനു വേണ്ടി ഡോണെറ്റ് ചെയ്തു. ഉടനെ തന്നെ സമീറും, ശശാങ്കും കൈ വേദന എന്ന് പറഞ്ഞു വന്നു. ചെറിയ ഒരു തിരുമ്മൽ ഒക്കെ കഴിഞ്ഞു ഒരു ടവൽ ചൂടുവെള്ളത്തിൽ മുക്കി കൈയ്യിൽ കെട്ടി അന്നത്തെ വിശേഷങ്ങൾ പറഞ്ഞും ഫോട്ടോസും ഒക്കെ നോക്കിയും കുറെ നേരം അങ്ങനെ തീർന്നു. സംസാരം ഒക്കെ കഴിഞ്ഞപ്പോഴേക്കും കൈ ഓക്കേ ആയി. എന്തായാലും കൈ ശെരിയായതിന്റെ ആശ്വാസത്തിൽ എല്ലാവരും ഗുഡ് നൈറ്റ് പറഞ്ഞു അവരവരുടെ റൂമിലേക്ക് പോയി. ഞാൻ എന്റെ സോഫ ബെഡിലേക്കും.

[തുടരും]

Leave a Reply