Day 4: SYDNEY – Melbourne

Melbourne-ലേക്കുള്ള ഫ്ലൈറ്റ് പിടിക്കാൻ എല്ലാവരും രാവിലെതന്നെ എഴുന്നേറ്റ് റെഡി ആയിട്ടുണ്ട്. പെട്ടിയും കിടക്കയും ഒക്കെ എടുത്തു കാറിൽ വെച്ച് നേരെ എയർപ്പോർട്ടിലേക്ക് വിട്ടു. ഒന്നര മണിക്കൂർ ഉണ്ട് Sydney നിന്നും Melbourne വരെ. പോകുന്ന വഴിക്കുവേണം കാർ തിരിച്ചു കൊടുക്കാൻ. മറ്റുള്ളവരെ ടെർമിനലിന് മുന്നിൽ ഇറക്കി ഞാനും സമീറും കാർ തിരിച്ചു കൊടുക്കാൻ പോയി. ഞങ്ങൾ തിരിച്ചു വന്നു ഒരു കാലിച്ചായയും കുടിച്ചിരുന്നപ്പോഴേക്കും ഫ്ലൈറ്റ് വന്നു. വർത്തമാനം ഒക്കെ പറഞ്ഞു Avalon എയർപോർട്ട് എത്തിയത് അറിഞ്ഞില്ല. ഒരു ബസ്സ്റ്റാന്റിന്റെ അത്രേയുള്ളു അവിടുത്തെ എയർപോർട്ട്. ഡൊമസ്റ്റിക് ആയതുകൊണ്ട് കാര്യമായ ഫോർമാലിറ്റീസ് ഒന്നും ഉണ്ടായില്ല. നേരെ പുറത്തേക്കു ഇറങ്ങി അവിടെ തന്നെയുള്ള റെന്റൽ കാർ ഓഫീസിൽ പോയി Melbourne കറങ്ങികാണാനുള്ള കാർ ഏറ്റുവാങ്ങി. ഞങ്ങളുടെ കൂടെ വർക്ക് ചെയ്തിരുന്ന ശീതൾ ഇപ്പോൾ ഫാമിലി ആയി അവിടെയാണ് താമസം. ഞങ്ങളുടെ ട്രിപ്പിന്റെ കാര്യം ഒക്കെ പറഞ്ഞപ്പോൾ അവിടെ ചെല്ലണം എന്ന് പറഞ്ഞിട്ടുണ്ട്. അവിടെ ടൗണിൽ തന്നെ ആയതുകൊണ്ട് ഞങ്ങൾ നേരെ അങ്ങോട്ടേക്ക് വിട്ടു. പറ്റിയ ഒരു സ്ഥലത്തു വണ്ടി പാർക്ക് ചെയ്തു ഞങ്ങൾ അവരുടെ ഫ്ലാറ്റിലേക്ക് കയറി. കുറച്ചു നേരം അവിടെ വിശേഷങ്ങൾ ഒക്കെ പറഞ്ഞു ഒരു ചായയും കുടിച്ചു അധികം താമസിക്കാതെ ഞങ്ങൾ അവിടുന്നിറങ്ങി.

നേരെ പോകുന്നത് Phillip Island-ലേക്കാണ് അവിടെ ഒരു ബോട്ടിംഗ് ഉണ്ട് പിന്നെ ഒരു പെൻഗ്വിൻ ഷോയും. കുറച്ചു നേരത്തെ ഡ്രൈവിങ്ങിനു ശേഷം ഞങ്ങൾ Phillip Island-ൽ എത്തി. വരുന്ന വഴിക്കു ബ്രേക്ഫാസ്റ്റ് എന്ന കടമ്പയും അങ്ങ് തീർത്തു. നല്ല തണുപ്പും കാറ്റും ഒക്കെ ഉണ്ട് അവിടെ. കടലിനപ്പുറം അന്റാർട്ടിക്ക ആണ് എന്ന് സമീർ പറഞ്ഞു. വെറുതെ അല്ല ഇത്രയും തണുപ്പ്. ഞങ്ങൾ എത്തുമ്പോൾ അധികം ആരും ഇല്ല അവിടെ. കടലിലൂടെ ഒരു ബോട്ടിംഗ് ഉള്ളതിനുള്ള ടിക്കറ്റ്സ് എടുക്കാൻ വേണ്ടി ശശാങ്ക് പോയി. കാലാവസ്ഥ കുറച്ചു മോശം ആയതുകൊണ്ട് കടലിലേക്ക് പോകില്ല, പകരം അതിന്റെ ചെറിയ ഒരു വേർഷൻ ബോട്ടിംഗ് ഉണ്ട് അതിനു പോകാം എന്ന് പറഞ്ഞു. ശശാങ്ക് വന്നപ്പോഴേക്കും വിശാലമായ കാർപാർക്കിങ്ങിൽ കുറെ നേരം ഞങ്ങൾ ഫോട്ടോസ് ഒക്കെ എടുത്തു നിന്നു

കുറച്ചു കഴിഞ്ഞപ്പോഴേക്കും ബോട്ട് റെഡി ആയിട്ടുണ്ട് എന്ന് ശശാങ്ക് വന്നു പറഞ്ഞു. എല്ലാവരും ബോട്ടിലേക്ക് കയറി. ഫ്ലൈറ്റിൽ ഉള്ള പോലെ സേഫ്റ്റി ബ്രീഫിങ്ങ് ഒക്കെ ഉണ്ടായിരുന്നു. നല്ല ചാട്ടം ഒക്കെ ഉണ്ടാകും, അതൊക്കെ താങ്ങാൻ പറ്റുന്നവർ മാത്രം മുൻ സീറ്റുകളിൽ ഇരുന്നാൽ മതി എന്ന് കപ്പിത്താൻ പറഞ്ഞു. നല്ല ധൈര്യം ഉള്ളതുകൊണ്ട് ഞാനും സമീറും മുന്നിലെ സീറ്റിൽ തന്നെ ചാടിക്കയറി ഇരുന്നു. വണ്ടി വിട്ടു കുറച്ചു കഴിഞ്ഞപ്പോഴാണ് കപ്പിത്താൻ പറഞ്ഞതിന്റെ അർഥം മനസ്സിലായത്. നല്ല തിരയും ആട്ടവും തെറിക്കലും എടുത്തെറിയലുകളും ഒക്കെ ഉണ്ട്. പരുപാടി കഴിഞ്ഞു തിരിച്ചു മണ്ണിൽ കാലുകുത്തിയപ്പോഴാണ് ബാലൻസ് ഒക്കെ പോയി എന്നറിയുന്നത്. കുറച്ചു നേരം നിന്ന് അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ തിരിഞ്ഞും മറിഞ്ഞും കുഴപ്പം ഒന്നുമില്ല എന്ന് വരുത്തി ഞങ്ങൾ വീണ്ടും അടുത്ത സ്ഥലം ലക്ഷ്യംവെച്ചു വണ്ടി വിട്ടു.

അടുത്ത സ്ഥലം പെൻഗ്വിൻ ഷോ ആണ്. കുറച്ചു ദൂരമേയുള്ളൂ അങ്ങോട്ടേക്ക്. അവിടെ എത്തിയപ്പോഴേക്കും തണുപ്പ് നല്ല കട്ടി ആയി. സത്യം പറഞ്ഞാൽ ഇത് ഒരു നാച്ചുറൽ ഷോ ആണ്. സാധാരണ ട്രെയിൻ ചെയ്ത മൃഗങ്ങളെ വെച്ചുള്ള ഷോ അല്ല. പെൻഗ്വിനുകൾ കടലിൽ നിന്നും ആണ് വരുന്നത്. കരയിലുള്ള കൂട്ടിലേക്ക്‌ രാത്രി ആകുമ്പോൾ വരും, ഫാമിലി ഒക്കെ കരയിലാണ്. കടപ്പുറത്തേക്ക് നടക്കുന്ന വഴിക്കു കുറച്ചു കങ്കാരുവിനെ കണ്ടു. ചെറുതാണെങ്കിലും ഇവിടെ വന്നിട്ട് ആദ്യമായാണ് ഒരെണ്ണത്തിനെ നേരിട്ട് കാണുന്നത്. സീറ്റ് കിട്ടാതിരിക്കേണ്ട എന്ന് കരുതി വേഗം തന്നെ കുറച്ചു ഫോട്ടോസ് എടുത്തു ഞങ്ങൾ കടപ്പുറത്തേക്ക് നടന്നു. പെൻഗ്വിനുകളുടെ ഫോട്ടോസ് ഒന്നും എടുക്കാൻ പാടില്ല. ഒരു അമ്മച്ചി അവിടെ വലിയ ഒരു ടവറിന്റെ മുകളിൽ ഇരുന്നു ബൈനോക്കുലർ വഴി പെൻക്വിനുകൾ വരുന്നത് നോക്കുന്നുണ്ട്. കടപ്പുറത്തു ഇത് കാണാൻ ബെഞ്ച് ഒക്കെ സെറ്റ് ആക്കി വെച്ചിട്ടുമുണ്ട്. ഓപ്പൺ എയർ ആയതിനാൽ നല്ല തണുപ്പും. ഒരു 2 മണിക്കൂറോളം അവിടെ തണുപ്പത്ത് ഇവരെയും നോക്കി ഇരുന്നു. കുറെ ഇരുട്ടി കഴിഞ്ഞപ്പോൾ കുറച്ചു കുഞ്ഞു പെൻഗ്വിനുകൾ കുണുങ്ങി കുണുങ്ങി കരയിലേക്ക് വന്നു കയറി. നേരം അപ്പോഴേക്കും കുറെ ഇരുട്ടിയതു കൊണ്ട് ബാക്കിയുള്ള മാമന്മാരും, കുടുംബക്കാരും ഒക്കെ ഇനി കരയിലേക്ക് വരുന്നത് കാത്തുനിൽക്കാതെ ഞങ്ങൾ തിരിച്ചു നടന്നു. തിരികെ ചെന്നിട്ടു വേണം കാർ തിരിച്ചു കൊടുക്കാൻ.

അങ്ങനെ തിരിച്ചു വന്നു തണുപ്പിന് ഒരു ആശ്വാസത്തിനായി ഒരു കട്ടൻ കാപ്പിയും കുടിച്ചു ഞങ്ങൾ നേരെ തിരിച്ചു Melbourne-ൽ ബുക്ക് ചെയ്തിട്ടുള്ള റൂമിലേക്ക് വണ്ടി വിട്ടു. നാളെ ഇനി ഡ്രൈവിംഗ് ഒന്നും ഇല്ല. ഒരു Great Ocean Road ട്രിപ്പ് ബുക്ക് ചെയ്തിട്ടുണ്ട്. അത് ഒരു ബസ്സിലാണ് പോകുന്നത്. അതുകൊണ്ടു നാളെ എനിക്ക് സുഖമായി കാഴ്ച്ചകൾ കാണാം. ഇന്നത്തെ താമസം ഒരു ഫ്ലാറ്റിലാണ്. 48th നിലയിൽ ആണ് റൂം. രാത്രിയിൽ നല്ല വ്യൂ ആണ് റൂമിൽ നിന്നും നോക്കിയാൽ. യാത്രാ ക്ഷീണം കാരണം കുറച്ചു നേരത്തെ വിശേഷങ്ങൾ ഒക്കെ പറഞ്ഞു എല്ലാവരും ഉറങ്ങാൻ പോയി. ഞാൻ പതിവ് പോലെ സോഫാ ബെഡിലേക്കും.

[തുടരും]

Leave a Reply