Day 5: Great Ocean Road

Australia-യിൽ റോഡ് ട്രിപ്പ് പ്ലാൻ ചെയ്യുന്ന എല്ലാവരും അവരുടെ ലിസ്റ്റിൽ ഇടുന്ന ഒരു ഐറ്റം ആണ് “Great Ocean Road”. 243 KM നീളമുള്ള Torquay മുതൽ Allansford വരെ കടലിനോടു ചേർന്നു കിടക്കുന്ന ഒരു ഹൈവേ. ഒന്നാം ലോക യുദ്ധത്തിൽ മരണപ്പെട്ട പട്ടാളക്കാർക്ക് വേണ്ടിയുള്ള ഒരു സ്മാരകമായി പട്ടാളക്കാർ തന്നെ പണിത റോഡ് ആണിത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ യുദ്ധ സ്മാരകമായും കണക്കാക്കപ്പെടുന്നത് ഈ റോഡ് ആണ്. ഞങ്ങളുടെ യാത്ര ഇന്ന് കാറിൽ അല്ല, ഒരു ടൂർ കമ്പനിയുടെ പാക്കേജ് എടുത്തിട്ടുള്ളതിനാൽ അവരുടെ തന്നെ ബസ്സിൽ ആണ് കറക്കം മുഴുവനും. ഞങ്ങളെ കൊണ്ടുപോകാനുള്ള ഷട്ടിൽ ബസ് നോക്കി ഹോട്ടലിന്റെ വാതിൽക്കൽ രാവിലെ തന്നെ റെഡിയായി എല്ലാവരും നിന്നു. ഷട്ടിൽ ബസ്സിൽ ടൂർ കമ്പനികളുടെ ബസ്സുകൾ ഒക്കെ നിരത്തി ഇട്ടിരിക്കുന്ന സ്ഥലം വരെ നമ്മളെ കൊണ്ടുപോകും. ടിക്കറ്റിൽ പറഞ്ഞിട്ടുള്ള ബെർത്ത് 4-ൽ ഞങ്ങളുടെ ബസ് വന്നു കിടപ്പുണ്ട്. ഭൂമിദേവിയെ മനസ്സിൽ ധ്യാനിച്ചു കവടി ഒന്ന് നിരത്തി ഞാൻ എല്ലാവരോടുമായി പറഞ്ഞു, ബസ്സിന്റെ ഇടതു ഭാഗത്തെ സീറ്റുകളിൽ ഇരിക്കാം. അതാകുമ്പോൾ യാത്രയിലുടനീളം കടൽ കാണാൻ കഴിയും എന്ന്. എല്ലാവരും എന്റെ കഴിവിനെ അഭിനന്ദിച്ചു ഇടതുഭാഗത്തുള്ള സീറ്റുകൾ കയ്യടക്കി വെച്ചു. കുറച്ചു കഴഞ്ഞപ്പോൾ നമ്മുടെ ഡ്രൈവർ വന്നു സ്വയം പരിചയപ്പെടുത്തി (പേരു ഞാൻ മറന്നു പോയി). ബസ്സിൽ പാലിക്കേണ്ട കുറച്ചു കാര്യങ്ങൾ പറഞ്ഞു കൂട്ടത്തിൽ യാത്രയുടെ മൊത്തത്തിലുള്ള ഒരു വിവരണവും. പതിവിലും വ്യത്യസ്തമായി ഇന്ന് വേറെ വഴിയിലൂടെയാണ് അങ്ങോട്ട് പോകുന്നത്. തിരിച്ചു വരുമ്പോഴായിരിക്കും Great Ocean Road വഴി വരുന്നത്. തിരക്ക് കുറക്കാൻ ഇതാണ് നല്ലതു എന്നുപറഞ്ഞു എല്ലാവരെയും ആശ്വസിപ്പിച്ചു. കവടി നിരത്തി ഭൂമിശാസ്ത്രം പറഞ്ഞു ഇടതു വശത്തെ സീറ്റുകൾ എടുക്കാൻ പറഞ്ഞ എന്നെ എല്ലാവരും ഒരുമിച്ചു ഒരു നോട്ടം നോക്കി. ഒരു വളിച്ച ചിരി മാത്രമേ എന്റെ കൈയ്യിൽ മറുപടി കൊടുക്കാൻ ഉണ്ടായിരുന്നുള്ളു.

എന്തായാലും യാത്ര തുടങ്ങി സിറ്റിയിലെ തിരക്കുകൾ കഴിഞ്ഞു വിശാലമായ പുൽമേടുകൾ കണ്ടുതുടങ്ങി. ഇന്ന് വണ്ടി ഓടിക്കേണ്ടല്ലോ എന്ന് കരുതി കുറച്ചു നേരം ഉറങ്ങാം എന്നു പ്ലാൻ ചെയ്തിരുന്നെങ്കിലും വഴിയിലെ കാഴ്ചകളും ലാൻഡ്‌സ്‌കേപ്പുകളും ഒക്കെ കണ്ടു അങ്ങനെ ഇരുന്നു. യാത്രയിലുടനീളം നമ്മുടെ ഡ്രൈവർ ഈ യാത്രയുടെ ചരിത്രവും മറ്റു കഥകളും ഒക്കെ സ്‌പീക്കറിലൂടെ വിവരിച്ചു തരുന്നുണ്ട്. ഇടക്ക് രണ്ടുമൂന്നു ബ്രേക്കുകൾ ഒക്കെ എടുത്തു ഞങ്ങൾ ആദ്യത്തെ സ്പോട്ട് ആയ “12 Apostles” എത്തി. കടലിൽ തൂണ് പോലെ രൂപപ്പെട്ടിട്ടുള്ള Lime stone പാറകളാണിത്. 12 എണ്ണം ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ ആകെ ൭ എണ്ണം മാത്രമേ ഇപ്പോൾ കാണാനുള്ളൂ. ബാക്കിയെല്ലാം കടലെടുത്തു പോയി എന്ന് പറഞ്ഞു കേട്ടു. ഇനിയും കുറെ വർഷങ്ങൾ കൂടി കഴിഞ്ഞാൽ ഇത് എല്ലാം കടലെടുത്തു പോകാനുള്ളതാണ്. കാണാൻ ആഗ്രഹം ഉള്ളവർ ഉടനെ തന്നെ പോകുന്നത് നന്നായിരിക്കും. നല്ല വ്യൂ ആണ് അവിടെയെല്ലാം. കുറച്ചു നടന്നു വേണം ശരിക്കുള്ള വ്യൂ പോയിന്റിൽ എത്താൻ. നടക്കാൻ മടിയുള്ളവർക്ക് ഹെലികോപ്റ്ററിൽ കയറി ഇതുമൊത്തം കറങ്ങി കാണാം. ഡ്രൈവറോട് ചോദിച്ചു 400$ ആണെന്ന് അറിഞ്ഞു. നടക്കുന്നതായിരിക്കും നല്ലതെന്നു തോന്നി. കാലാവസ്ഥയും നല്ല തണുപ്പുള്ളതാണ്, കടപ്പുറമായതു കൊണ്ട് നല്ല ശക്തൻ കാറ്റും ഉണ്ട്.

അടുത്ത സ്റ്റോപ്പ് ഒരു കടലിടുക്ക് ആണ്. അവിടെ അടുത്തുതന്നെയാണ് അതും. ഒരു ചെറിയ റൊമാൻസ് കഥ ഒക്കെ ഉണ്ട് ആ കടലിടുക്കിന്. 1878-ൽ യൂറോപ്പിൽ നിന്നും ഓസ്ട്രേലിയയിലേക്കു വന്നിരുന്ന ഒരു കപ്പൽ അപകടത്തിൽ പെട്ടു തകർന്നുപോയി. അതിൽ നിന്നും രക്ഷപെട്ട 19 വയസുള്ള Tom ഈ കടലിടുക്കിലാണ് നീന്തി കയറിയത്. കൂടെ കപ്പലിൽ ഉണ്ടായിരുന്ന പാവാടക്കാരി ആയ Eva-യെ ടോം കടലിലെ തിരകളിൽ നിന്നും രക്ഷിച്ചെടുത്തു. Tom മലമുകളിൽ കയറി നാട്ടുകാരെ ഒക്കെ വിളിച്ചുകൂട്ടി ഒരു തിരച്ചിൽ ഒക്കെ നടത്തിയെങ്കിലും വേറെ ആരെയും ജീവനോടെ രക്ഷിക്കാൻ പറ്റിയില്ല. ഈ സംഭവത്തോടെ Tom ഒരു ഹീറോ ആയെങ്കിലും, കുറെ വർഷങ്ങൾക്കു ശേഷം Tom-ന്റെ വിവാഹ ആലോചന Eva നിഷ്കരുണം തള്ളിക്കളയുകയായിരിക്കുന്നു. ഇതൊക്കെ നമ്മുടെ ഡ്രൈവർ ചേട്ടൻ പറഞ്ഞുതന്നതാണ്. തള്ളിയതാണോ ആവോ, എന്തായാലും ചരിത്രമുറങ്ങുന്ന ആ കടപ്പുറത്തേക്ക് ഞങ്ങൾ ഇറങ്ങി.

കുറച്ചു മാറിയുള്ള London Bridge ആണ് അടുത്ത സ്റ്റോപ്പ്. പാലം എന്നൊക്കെ പേരുണ്ടെങ്കിലും അങ്ങോട്ടേക്ക് പോകാൻ പറ്റില്ല. ചിലപ്പോൾ മറ്റുള്ള പാറക്കെട്ടുകൾ കടലെടുത്ത്‌ പോയത് പോലെ ഇതും കടലെടുത്തു പോയതായിരിക്കും. ഫുട്ബോൾ കളിക്കാൻ പാകത്തിന് നല്ല പറന്നു വിശാലമായി കിടക്കുന്ന ഒരു പാറപ്പുറം. എല്ലാം നേരത്തെ പറഞ്ഞതുപോലെ ഉള്ള Lime stone പാറകൾ ആണ്. അതുകൊണ്ടാണ് കാലപ്പഴക്കം കൊണ്ട് ഇതെല്ലം കടലെടുത്തു പോകുന്നത്. കൂടുതൽ ആലോചിച്ചു തല പുണ്ണാക്കാൻ നിന്നില്ല. കുറച്ചു നേരം കറങ്ങി ഫോട്ടോസ് ഒക്കെ എടുത്തു തിരിച്ചു ബസ്സിലേക്ക് നടന്നു. എല്ലാ സ്ഥലത്തും കുറച്ചു സമയമേ അനുവദിച്ചിട്ടുള്ളു. ടൈമിങ്ങ് ഒക്കെ കറക്റ്റ് ആയിരിക്കണം എന്ന് നമ്മുടെ ഡ്രൈവർക്കു നല്ല നിർബന്ധമുണ്ട്.

കടപ്പുറത്തെ കറക്കം ഒക്കെ കഴിഞ്ഞപ്പോഴേക്കും നേരം കുറെ ആയി. നമ്മുടെ ഡ്രൈവർ ചേട്ടൻ ബസ്സ് നേരെ ഒരു ചെറിയ ടൗണിലേക്ക് വിട്ടു. അവിടെയാണ് ലഞ്ച് പരുപാടി. നല്ല ഫിഷ് & ചിപ്പ്സ് കിട്ടും എന്ന് പറഞ്ഞു ഒരു റെസ്റ്റോറന്റ് പറഞ്ഞുതന്നു. കൂട്ടത്തിൽ ആരും ഇറച്ചിയും മീനും ഒന്നും കഴിക്കാത്തതുകൊണ്ട് ഞങ്ങൾ എല്ലാവരും വേറെ എന്തെങ്കിലും കിട്ടുമോ എന്നറിയാൻ അവിടെ ഒന്ന് കറങ്ങി നടന്നു. ഒരു കടയിൽ കയറി അനേഷിച്ചപ്പോൾ വെജിറ്റേറിയൻ ബർഗർ ഒക്കെ ഉണ്ട്. എല്ലാവരും ഓരോന്ന് പറഞ്ഞു, മെനു നോക്കിയപ്പോൾ നല്ല ഓസ്‌ട്രേലിയൻ ബീഫ് ബർഗർ ഒരെണ്ണം കണ്ടു. മലയാളിയും ബീഫും നല്ല കോമ്പിനേഷൻ ആണെല്ലോ. എന്റെ വികാരങ്ങളെ നിയന്ത്രിക്കാൻ എനിക്ക് കഴിഞ്ഞില്ല. രണ്ടും കൽപ്പിച്ചു ഞാൻ ഒരെണ്ണം ഓർഡർ ചെയ്തു. കൂടെയുള്ള ബീഫ് കഴിക്കാത്തവരുടെ കൂടെ ഇരുന്ന് അവർക്കു ഒരു ഫീലിങ്ങ് ആകേണ്ട എന്ന് കരുതി ഞാൻ വേറെ ടേബിളിൽ പോയി ഇരുന്നു. എന്താ മാറിയിരിക്കണേ എന്ന് ചോദിച്ചപ്പോൾ ഇത് ബീഫ് ആണെന്നുള്ള നഗ്ന സത്യം ഞാൻ വെളിപ്പെടുത്തി. അതിനെന്താ ഒരുമിച്ചു ഇരിക്കാം എന്നുപറഞ്ഞു എന്നോട് അവരുടെ കൂടെ കൂടാൻ പറഞ്ഞു. സത്യത്തിൽ ഇതിൽ ഒന്നും ഒരു കാര്യവും ഇല്ല എന്ന് മനസ്സിലായി. ശശാങ്കിന് നല്ല വിശപ്പുണ്ടായിരുന്നു എന്ന് തോനുന്നു. നല്ല പോലെ തട്ടി കയറ്റുന്നുണ്ടായിരുന്നു.

ഫുഡിങ്ങ് ഒക്കെ കഴിഞ്ഞു കുറച്ചു നേരം അവിടെ കറങ്ങി നടന്നു ഞങ്ങൾ നേരെ ബസ്സ് കയറി. ഇനി തിരിച്ചു Melbourne-ലേക്കാണ് പോകുന്നത്. ഇടയ്ക്കു ചെറിയ കുറച്ചു ടൗണിലൊക്കെ സ്റ്റോപ്പുകൾ ഉണ്ട്. Great Ocean Road വഴി ഞങ്ങൾ തിരിച്ചുള്ള യാത്ര തുടങ്ങി. ഒരു വശത്തു ആർത്തിരമ്പുന്ന കടലും മറുവശത്തു കാടും മലയും കുന്നും പുൽമേടുകളും ഒക്കെ ഉണ്ട്. വഴിയിൽ ഒരു സ്ഥലത്തു നിറുത്തി എല്ലാവരും ഒരു ചായ ബ്രേക്ക് എടുത്തു. ഞാൻ പതിവ് പോലെ ഒരു കട്ടൻ കാപ്പി വാങ്ങി വന്നപ്പോഴേക്കും മറ്റുള്ളവർ ഐസ്ക്രീം ഒക്കെ വാങ്ങി കഴിക്കുന്നുണ്ട്. ഇടയ്ക്കു ഒരു സ്ഥലത്തു വെച്ച് Koala-യെ കണ്ടു. കുറച്ചു പാടുപെട്ടാണെങ്കിലും ശശാങ്ക് ഒരു ഫോട്ടോ എടുത്തു. ഡ്രൈവർ ചേട്ടൻ ബസ്സ് നിറുത്തി തന്നതുകൊണ്ട് നടു ഒന്ന് നിവർത്താനും പറ്റി. നേരം കുറച്ചു ഇരുട്ടിയെങ്കിലും ഞങ്ങൾ തിരിച്ചു റൂമിൽ എത്തി. എല്ലാവരും നല്ല പോലെ ക്ഷീണിച്ചിട്ടുണ്ട്. കുറച്ചു നേരം അന്നത്തെ ഫോട്ടോസ് ഒക്കെ കണ്ടു മണ്ടത്തരങ്ങൾ ഒക്കെ പറഞ്ഞു അന്നത്തെ ദിവസവും അങ്ങനെ തീർന്നു.

നാളെയാണ് എന്റെ ജീവിതത്തിലെ വിവാദമായ ആ ദിവസം. ഇത് വരെ ഞാൻ ചെയ്യാതെ ഒരു കടുംകൈ.

[തുടരും]

3 comments

  1. I can’t read Malayalam, but love the pictures that tell your story 😊
    Wish I had paid more attention when my late amama was trying to teach me how to read. She was an English & Malayalam teacher in Kollam before moving to Malaysia in 1938.

Leave a Reply