Day 6: Melbourne – Singapore

മനുഷ്യൻ ഉണ്ടായകാലം മുതൽ തന്നെ അവന്റെ ഉള്ളിലുണ്ടായിരുന്ന ആഗ്രഹം ആണ് പറക്കുക എന്ന്. ചെറുപ്പത്തിൽ ഞാനും ആഗ്രഹിച്ചിരുന്നു പറക്കണമെന്ന്. പറക്കാൻ കഴിയില്ലെങ്കിലും ഇന്ന് ഞങ്ങൾ Sky Diving ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിനുള്ള ധൈര്യം എവിടുന്നായി എന്ന് ചോദിച്ചാൽ എനിക്കറിയില്ല. ട്രിപ്പ് പ്ലാൻ ചെയ്യുന്ന സമയത്ത് താല്പര്യം ഉണ്ടോ എന്ന് ശശാങ്ക് ചോദിച്ചു. വേറെ എവിടെയോ വായുംനോക്കി ഇരുന്നിരുന്ന ഞാൻ സമ്മതവും മൂളി. അങ്ങനെ ഞാനും ശശാങ്കും, ജാൻവിയും, നവീനും കൂടി ചാടാൻ തീരുമാനിച്ചു. സമീർ ആദ്യമേതന്നെ ഇല്ല എന്നുപറഞ്ഞതുകൊണ്ടു സമീറും നേഹയും വേറെ ഒരു പരിപാടി ആണ് പ്ലാൻ ചെയ്‌തിരിക്കുന്നത്‌. രാത്രി തിരിച്ചു സിംഗപ്പൂരിലേക്ക് ഫ്ലൈറ്റും ഉണ്ട്. രണ്ടു വഴിക്കു പോകുമെങ്കിലും വൈകുന്നേരം Southern Cross Station-ൽ ഒരുമിച്ചു കൂടാം എന്നും പറഞ്ഞു ഞങ്ങൾ ഇറങ്ങി. നേരെ പോകുന്നത് Skydive Melbourne-ലേക്കാണ്. അധികം വൈകാതെ അവരുടെ തന്നെ ഷട്ടിൽ ബസ് വന്നു ഞങ്ങളെയും പൊക്കി നേരെ അവരുടെ ഓഫീസിലേക്ക് വിട്ടു. കുറച്ചു ഫോർമാലിറ്റീസ് ഒക്കെ ഉണ്ട് അവിടെ. എന്തെങ്കിലും അസുഖം ഉണ്ടോ, ഉയരം പേടി ഉണ്ടോ, അങ്ങനെയുള്ള കുറച്ചു ചോദ്യങ്ങൾക്കു ശേഷം എന്തെങ്കിലും പറ്റിയാൽ കമ്പനിക്കു ഒരു ഉത്തരവവാദിത്തവും ഉണ്ടാകില്ല എന്നുള്ള പേപ്പറിൽ കൂടി ഒപ്പിട്ടു കൊടുക്കണം. അങ്ങനെ എല്ലാ പരിപാടിയും കഴിഞ്ഞു അതിനുള്ള ക്യാഷും കൊടുത്തു കഴിഞ്ഞപ്പോൾ ഞങ്ങൾക്കുള്ള ജമ്പ്‌ സ്യൂട്ട് കൊണ്ടുതന്നു. നല്ല തണുപ്പുള്ള സമയം ആണ് കൂടാതെ കാറ്റും ഉണ്ട്. കാലാവസ്ഥ അനുകൂലം ആണെങ്കിൽ മാത്രമേ ചാട്ടം ഉണ്ടാകു എന്ന് പറഞ്ഞു. 15,000 അടി മുകളിൽ നിന്നുമാണ് ചാട്ടം. ആകെ മൊത്തം രണ്ടു മൂന്ന് മിനിറ്റ് പരിപാടി ഉള്ളു. ആദ്യത്തെ 30 സെക്കന്റ് 200 കിലോമീറ്റർ വേഗത്തിൽ ആയിരിക്കും എന്നൊക്കെ ബ്രീഫിങ്ങ് നടത്തുന്ന ചങ്ങാതി അവിടെ നിന്ന് പറയുന്നുണ്ട്. പണ്ടേ ഇങ്ങനെയുള്ള ചോദ്യങ്ങൾ പരീക്ഷക്ക് വരുമ്പോളൊക്കെ നൈസ് ആയിട്ട് കറക്കി കുത്താറാണ് പതിവ്. എന്തായാലും കാറ്റൊന്നു കുറയുന്നത് വരെ ഞങ്ങൾ നാലുപേരും അവിടെ ഞങ്ങളുടെ നമ്പറും പ്രതീക്ഷിച്ചു നിന്നു. അധികം താമസിക്കാതെ ഞങ്ങൾക്കുള്ള ഗ്രീൻ ലൈറ്റ് കത്തി. ഇത് വരെ ഫ്രെയ്മിൽ ഇല്ലാതിരുന്ന 4 പേരും കൂടി അവിടേക്കു വന്നു. നിങ്ങളുടെ ബഡ്ഡീസ് ആണ് എന്നും പറഞ്ഞു അവർ സ്വയം പരിചയപ്പെടുത്തി. ഓരോരുത്തരും ഓരോ ആളുടെ കൂടെ വേണം ചാടാൻ. അവുടെ കൈയ്യിൽ ആണ് പാരച്ചൂട്ടും മറ്റും ഉള്ളത്. നമുക്ക് ആകെ അരയിൽ കെട്ടി തന്നിട്ടുള്ള ലൈഫ് ജാക്കറ്റ് മാത്രമേയുള്ളു. അതും കടലിൽ വീണാലെ ഉപകാരം ഉള്ളു. വരുന്നിടത്തു വെച്ച് കാണാം എന്നും പറഞ്ഞു ഞങ്ങൾ അവരുടെ വണ്ടിയിൽ തന്നെ അടുത്തുള്ള ഒരു കുഞ്ഞു എയർപോർട്ട് ലക്ഷ്യമാക്കി വിട്ടു.

അവിടെ ഞങ്ങൾക്കുള്ള ഒരു ചെറിയ വിമാനം കിടപ്പുണ്ട്. കേറുന്നതിനു മുൻപായിത്തന്നെ എന്റെ ബഡ്ഡി എന്റെ ടെൻഷൻ ഒക്കെ ഒന്ന് കുറക്കാൻ കുറച്ചു തമാശകളും വിശേഷങ്ങളും ഒക്കെ ചോദിച്ചു മൊത്തത്തിൽ സീൻ ഒന്ന് ഉഷാറാക്കി. അവിടെ ചെന്നിട്ടാണ് നമുക്ക് ഇടാനുള്ള ബെൽറ്റും മറ്റു ഹാർനെസ്സും ഒക്കെ തരുന്നത്. എല്ലാം വലിച്ചു വാരി അവിടേം ഇവിടേം ഒക്കെ കൊളുത്തി വെച്ച് പുള്ളിക്കാരൻ ഒന്നും കൂടി ഒന്ന് ഉറപ്പുവരുത്തി. നേരെ വിമാനത്തിനകത്തേക്ക്. ഇരിക്കാൻ കസേര ഒന്നും ഇല്ല, നിലത്താണ് ഇരിക്കുന്നത്. ഞങ്ങൾ എല്ലാവരും അവരവരുടെ ബഡ്ഡീസിന്റെ കൂടെ ഇരിപ്പായി. ഡോർ എന്ന് പറയാൻ ഒന്നും ഇല്ല, കടയുടെ ഷട്ടർ ഇടുന്ന പോലെ ഒരു ഷീറ്റ് വലിച്ചു താഴെ കൊളുത്തി വെച്ചു. വിമാനം ഒന്ന് പറന്നു പൊന്തിയപ്പോഴേക്കും എന്റെ ബെൽറ്റ് ഒക്കെ നമ്മുടെ ബഡ്ഡിയുടെ ബെൽറ്റുമായി കൊളുത്തി വീണ്ടും ഒരു റൗണ്ട് ടെസ്റ്റിംഗ് കൂടി നടത്തി. അങ്ങനെ പറന്നു ഞങ്ങൾ 15,000 അടി മുകളിൽ എത്തി. റെഡി അല്ലെ എന്ന് എല്ലാവരോടും ചോദിച്ചു. ശബ്ദം പുറത്തേക്കു വരുന്നില്ല. തലയാട്ടി ഞാൻ ഓക്കേ എന്ന് പറഞ്ഞു. എന്റെ ബഡ്ഡി എന്നെയും കൊണ്ട് നിരങ്ങി നിരങ്ങി വിമാനത്തിന്റെ ഷട്ടർ പൊക്കി അവിടെ പോയി ഇരുന്നു. ഇത്രെയും നേരം നിലത്തു കാൽ ഉറപ്പിച്ചു ഇരുന്നിരുന്ന എന്റെ കാൽ ഇപ്പോൾ വിമാനത്തിന്റെ പുറത്താണ്. പടച്ചോനെ.. ഇനി ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല. ഓൻ എന്നെയും കൊണ്ട് ഒരു ചാട്ടം. നേരത്തെ പറഞ്ഞ 200KM അപ്പോഴാണ് എത്രത്തോളം ഉണ്ടെന്നു മനസ്സിലാകുന്നത്. 2 സെക്കന്റ് എടുത്തുള്ളൂ എനിക്ക് പേടി മറന്നു Sky Diving ആസ്വദിക്കാൻ. രണ്ടു തട്ട് മേഘങ്ങൾക്കിടലിലൂടെ ചീറി പാഞ്ഞു ഞങ്ങൾ താഴെയുള്ള Melbourne സിറ്റി സ്‌കേപ്പ് ആസ്വദിച്ചു. അധികം താമസിപ്പിച്ചില്ല പാരച്യൂട് തുറന്നു. ആരോ പിടിച്ചു വലിച്ച പോലെ ഞങ്ങൾ ഒരു സഡ്ഡൻ ബ്രേക്ക് ഇട്ടു. കണ്ണിലേക്കു കാറ്റാടി കൊള്ളാതിരിക്കാൻ വേണ്ടി തന്നെ ഒരു പ്ലാസ്റ്റിക്കിന്റെ ഒരു ഗ്ലാസ് സ്പീഡ് കുറഞ്ഞതും ചങ്ങാതി ഊരി വാങ്ങിച്ചു. പിന്നെ കാറ്റിൽ പറന്നു വീഴുന്ന അപ്പൂപ്പൻ താടി പോലെ ഒഴുകി ഒഴുകി ഞങ്ങൾ താഴെയുള്ള പുൽമേട്ടിൽ വന്നു ലാൻഡ് ചെയ്തു. താഴെ എത്തിയതും വലിയ ഒരു ടാസ്ക്ക് വിജയകരമായി പൂർത്തീകരിച്ചതിന്റെ സന്തോഷത്തിൽ ആയിരുന്നു ഞങ്ങൾ എല്ലാവരും. അപകടങ്ങൾ ഒന്നും കൂടാതെ ഒരു ടീമിനെ കൂടി താഴെ എത്തിച്ച നിർവൃതിയിൽ ബഡ്ഡീസും. ദിവസവും അഞ്ചും ആറും പ്രാവശ്യം ചാടുന്ന അവർക്ക് ഇതൊരു പുതുമയെല്ലെങ്കിലും നമ്മുടെ സന്തോഷത്തിൽ അവരും പങ്കു ചേർന്നു. തിരിച്ചു ഓഫീസിൽ എത്തിയപ്പോഴേക്കും ഞങ്ങളുടെ ധീരതയ്കുള്ള അവാർഡ് റെഡി ആക്കി വെച്ചിട്ടുണ്ടായിരുന്നു. നേരം കുറച്ചു വൈകി വന്നതിനാൽ പണ്ട് കോളേജിൽ നിന്നും ഡിഗ്രി സർട്ടിഫിക്കറ്റ് നേരിട്ട് വാങ്ങാൻ പറ്റിയില്ലെങ്കിലും ഇന്ന് ഇവിടെവെച്ചു ഈ സർട്ടിഫിക്കറ്റ് കൈപറ്റി ഞാൻ ആ കടം അങ്ങ് വീട്ടി.

ഞങ്ങളെയും കാത്തു വർഷ അവിടെ നിൽപ്പുണ്ടായിരുന്നു. പിന്നെ കുറെ നേരം എല്ലാവരും അവരവരുടെ അനുഭവങ്ങൾ പങ്കുവെക്കുന്ന തിരക്കിലായിരുന്നു. ഇനി നേരെ പോയി ഉച്ചയൂണ് കഴിക്കണം. ഒരു ലക്ഷ്യബോധവും ഇല്ലാതെ ഞങ്ങൾ അവിടുന്ന് നേരെ ഒരു റെസ്റ്റോറന്റ് നോക്കി ഇറങ്ങി. അടുത്ത് കണ്ട ഒരു സ്ഥലത്തു നിന്നും ഫുഡ്ഡും കഴിഞ്ഞു ബാക്കിയുള്ള സമയം കുറച്ചു കറങ്ങാം എന്ന് കരുതി നേരെ സിറ്റിയിലേക്ക് വിട്ടു. സമയം അധികം ആയിട്ടില്ലെങ്കിലും കടകൾ ഒക്കെ അടച്ചു തുടങ്ങിയിട്ടുണ്ട്. കുറച്ചു നേരം കറങ്ങി നടന്നു ഞങ്ങൾ നേരെ Yara River പോയി അവിടെ പാർക്കിൽ കുറച്ചു നേരം ഇരുന്നു. ചാട്ടം കഴിഞ്ഞപ്പോഴേക്കും എല്ലാവരുടെയും എനർജി ഒക്കെ തീർന്നിട്ടുണ്ടായിരുന്നു. മാത്രമെല്ല ഇനി അധികം വൈകാതെ എയർപോർട്ടിൽ പോകേണ്ടതാണ്. കുറച്ചു നേരം അവിടെ പാർക്കിൽ ഇരുന്ന ശേഷം ഞങ്ങൾ നേരെ Southern Cross Station ലക്ഷ്യമാക്കി നടന്നു. അവിടെ ഒരു ലോക്കറിൽ ആണ് ലഗ്ഗേജ് ഒക്കെ വെച്ചിരിക്കുന്നത്.

കുറച്ചു കഴിഞ്ഞപ്പോഴേക്കും സമീറും നേഹയും അവരുടെ ട്രെയിൻ യാത്ര ഒക്കെ കഴിഞ്ഞു അവിടെ തിരിച്ചെത്തി. എല്ലാവരും ലഗ്ഗേജ് ഒക്കെ എടുത്തു നേരെ എയർപോർട്ട് ലക്ഷ്യമാക്കി നീങ്ങി. എല്ലാവർക്കും കയറാൻ പറ്റിയ ഒരു വലിയ ക്യാബ് വിളിച്ചു ഞങ്ങൾ നേരെ എയർപോർട്ട് എത്തി. ബോർഡിങ്ങ് പാസ് ഒക്കെ എടുത്തു എല്ലാവരും ടെർമിനലിന്റെ അകത്തേക്ക് കയറി നേരെ ഗേറ്റിന്റെ അടുത്ത് പോയി ഇരുന്നു. കറങ്ങി നടക്കാൻ ഒന്നും ആർക്കും ആരോഗ്യം ഇല്ല എന്ന് മനസ്സിലായി. എല്ലാവർക്കും സ്കൈ ഡൈവിംഗ് വിശേഷങ്ങൾ ആണ് പറയാനുള്ളത്. സംസാരത്തിനിടയിൽ വൈകിട്ടത്തേക്കുള്ള ഫുഡും വാങ്ങി, അതും കഴിച്ചു ഞങ്ങളുടെ ഫ്ലൈറ്റ് നോക്കി അവിടെയിരുന്നു. ശശാങ്കിനു പതിവ് പോലെ നല്ല വിശപ്പ് ഉണ്ടായിരുന്നു എന്ന് തോന്നുന്നു. ഇന്നത്തെ ബർഗറും അടിച്ചു കയറ്റുന്നുണ്ട്.

വളരെ കുറച്ചു ദിവസമേ ഉണ്ടായിരുന്നുള്ളുവെങ്കിലും കുറെ നല്ല നിമിഷങ്ങളും ഒരുപാട് ഓർമകളും സമ്മാനിച്ച ഞങ്ങളുടെ ഓസ്‌ട്രേലിയൻ യാത്ര ഇവിടെ അവസാനിക്കുന്നു. ഫ്ലൈറ്റിൽ കയറിയിട്ടില്ലെങ്കിലും അടുത്ത ട്രിപ്പിനെ കുറിച്ചുള്ള പ്ലാനിങ്ങ് ഇപ്പോഴേ തുടങ്ങിക്കഴിഞ്ഞു.

Leave a Reply