Day 2: Reykjavík – Ólafsvík, Iceland

പേജിന്റെ തലക്കെട്ട് കണ്ട് എന്നെ ചീത്തപറയാൻ നിൽക്കേണ്ട. ഇവിടെ ഇങ്ങനെ ഒക്കെയാണ്. വലിയ പാടാണ് ഓരോ സ്ഥലങ്ങളുടെയും പേര് വായിച്ചെടുക്കാൻ. പിന്നെ ഗൂഗിൾ ചേച്ചി ഉണ്ടായിരുന്നത് കൊണ്ട് രക്ഷപെട്ടു. Iceland-ൽ വലതു വശം ചേർന്നാണ് വണ്ടി ഓടിക്കേണ്ടത്. ആദ്യമായിട്ടാണ് ഇങ്ങനെ ഒരു പരീക്ഷണം. ചാക്കോ കാറിന്റെ ചാവി കൈയ്യിൽ തന്നപ്പോൾ ചെറുതായി ഒന്ന് പരുങ്ങിയെങ്കിലും ടെൻഷൻ ഒന്നും പുറത്തു കാണിക്കാതെ ഞാൻ ഡ്രൈവിംഗ് സീറ്റിലേക്ക് കയറി ഇരുന്നു. അത്യാവശ്യം വേണ്ട സ്വിച്ചുകളും മറ്റു സെറ്റപ്പുകളും ഒക്കെ മനസ്സിലാക്കി, ഡ്രൈവിങ്ങിന്റെ ആദ്യാക്ഷരങ്ങൾ പഠിപ്പിച്ചു തന്ന വാപ്പിച്ചിയെ മനസ്സിൽ ധ്യാനിച്ച് വലതു കൈകൊണ്ടു ഗിയർ ലിവർ ഡ്രൈവിംഗ് മോഡിലേക്ക് മാറ്റി മുന്നോട്ട് എടുത്തു. അടുത്ത വ്യൂ പോയിന്റ് എത്താൻ കാത്തുനിന്നില്ല. ചാക്കോ ഫ്ലാറ്റ്!. വണ്ടി നേരെ വിട്ടത് Búðakirkja black chruch കാണാൻ ആണ്. പേരുപോലെ തന്നെ ചെറിയ ഒരു കറുത്ത പെയിന്റ് ഒക്കെ അടിച്ച ഒരു പള്ളി. ചുറ്റും മഞ്ഞുമൂടി കിടക്കുന്നതിനിടയിൽ ഈ കറുപ്പ് ഒരു അഴകായി അങ്ങനെ എടുത്തു നിൽപ്പുണ്ട്. കൂടാതെ മലനിരകൾ നിറഞ്ഞു നിൽക്കുന്ന ബാക്ക്ഗ്രൗണ്ട്, സംഭവം കൊള്ളാം. മഞ്ഞു നല്ല കട്ടിക്ക് തന്നെ വീണു കിടപ്പുണ്ട്. എല്ലാവർക്കും ഒരു പുതു അനുഭവം എന്നപോലെ ഫോട്ടോയും വിഡിയോയും ഒക്കെ ആയി അവിടെ കുറച്ചു നേരം അങ്ങനെ ചെലവാക്കി. ഞാൻ കൂട്ടത്തിൽ നിന്നും നൈസ് ആയി ഒന്ന് മാറി പള്ളിയുടെ പിന്നാമ്പുറം ഒന്ന് നിരീക്ഷിക്കാൻ തീരുമാനിച്ചു. കുറച്ചു കല്ലറകൾ മാത്രമല്ലാതെ വേറെ ഒന്നും കാണാൻ ഉണ്ടായില്ല. മുട്ട് വരെ മഞ്ഞുമൂടി കിടക്കുന്നതുകൊണ്ടു പലപ്പോഴും അപകടം ഉണ്ടാകാൻ സാധ്യത ഉണ്ട്. എത്രത്തോളം ആഴം ഉണ്ടെന്നു പറയാൻ പറ്റില്ല. ചിലപ്പോ വല്ല ചാണാക്കുഴിയിലും ആയിരിക്കും വീഴുന്നത്. അതുകൊണ്ട് കൂടുതൽ റിസ്ക് എടുക്കാത്ത ഞാൻ തിരികെ ഗ്രൂപ്പിന്റെ കൂടെ കൂടി. അധികം ജനസംഖ്യ ഇല്ലാത്ത ഒരു രാജ്യമാണ് Iceland. റോഡും മറ്റു സ്ഥലങ്ങളും ഒക്കെ മിക്കവാറും വിജനമായി ആണ് കിടക്കുന്നത്. ആകെ മൊത്തം 3.5 ലക്ഷം ആളുകളെ അവിടെ ഉള്ളു. ഒന്ന് താരതമ്യപ്പെടുത്തി നോക്കിയാൽ Iceland-റ്റെ പകുതിയിൽ താഴെ മാത്രം വലിപ്പമുള്ള നമ്മുടെ കേരളത്തിന്റെ ജനസംഖ്യ 3.4 കോടിയാണ്. അതുകൊണ്ട് Iceland പൗരത്വം കിട്ടാൻ വലിയ ഫോർമാലിറ്റി ഒന്നും ഇല്ല. അവിടെയുള്ള ഒരു നോർഡിക് കുട്ടിയെ കല്യാണം കഴിച്ചാൽ സംഭവം ഓക്കേ. 😉

അത്യാവശ്യം ഇൻസ്റ്റാഗ്രാമിൽ ഇടാനുള്ള ഫോട്ടോസ് ഒക്കെ എടുത്തു എല്ലാവരും തിരിച്ചു കാറിലേക്ക് കയറി. അടുത്ത സ്റ്റോപ്പ് ഒരു ബീച്ചിലേക്കാണ് Djúpalónssandur. അതെ അങ്ങനെ തന്നെയാണ് ഇത് വായിക്കേണ്ടത്. Fire and Ice, Iceland-ന്റെ ഇങ്ങനെ ഒരു ചെല്ലപ്പേര് നേരത്തെ പറഞ്ഞിരുന്നെല്ലോ. ഇവിടെ കാണുന്ന മിക്ക കുന്നുകളും അഗ്നിപർവ്വതങ്ങൾ ആണ്. പലതും ആക്റ്റീവ് ഒന്നും അല്ല. ലാവ ഒഴുകി ഉണ്ടായ പാറകൾ ആയതുകൊണ്ട് മരങ്ങളും ഒക്കെ വളരെ കുറവാണ്. എങ്ങോട്ടു നോക്കിയാലും കടലുപോലെ മഞ്ഞുമൂടി കിടക്കുന്നതു കാണാം. ബീച്ച് അധികം ദൂരമൊന്നും ഇല്ല, പെട്ടന്ന് തന്നെ അവിടെ എത്തി. കടലിനോടു അടുക്കുന്തോറും നല്ല തണുപ്പും കാറ്റും ഒക്കെ ഉണ്ട്. ഗ്ലൗസ് ഇപ്പൊ ഫുൾ ടൈം കയ്യിൽ തന്നെ ഉണ്ട്. നാട്ടിൽ എപ്പോൾ കടപ്പുറത്തു പോയാലും ഒന്ന് കാലു നനയ്ക്കാതെ തിരിച്ചു വരാറില്ല. ഇവിടെ കാലു നനയ്ക്കാൻ പോയിട്ട് അടുത്തേക്ക് തന്നെ പോകാൻ ചെറിയ ഒരു പേടി തോന്നുന്നുണ്ട്. തീരമാലകൾ വിചാരിച്ചതിലും നല്ല കട്ടിയാണ്. കൂടാതെ നല്ല കറുത്ത മണ്ണും, ലാവ പാറകൾ പൊടിഞ്ഞുണ്ടായ പോലുള്ള കറുത്ത ചെറിയ പാറ കഷ്ണങ്ങളുമാണ് ബീച്ച് മുഴുവനും. ഒരു ഡ്രാക്കുള മൂവി ഫീൽ ഉണ്ട്. ഹൊറർ പണ്ടേ താല്പര്യം ഇല്ലാത്തതുകൊണ്ട് ഞാൻ പതുക്കെ ബീച്ചിൽ നിന്നും കാർപാർക്കിങ്ങിലേക്കു നടന്നു. ഇടയ്ക്കു Vatnshellir Cave കാണാൻ പരിപാടി ഉണ്ടായിരുന്നെങ്കിലും കൊറോണ ആയതുകൊണ്ടാണോ എന്നറിയില്ല, അത് അടച്ചിട്ടിരുന്നു.

ഇവിടുത്തെ ഡ്രൈവിങ്ങ് ഒരു കണക്കിന് കുറച്ചു ബോറിങ്ങ് ആണ്. രണ്ടു വശത്തും നോക്കാത്ത ദൂരത്തോളം മഞ്ഞുവീണു നിറഞ്ഞു കിടക്കുന്നുണ്ട്. പക്ഷെ ബോറിങ്ങ് മാറ്റാൻ ഇടയ്ക്കു നല്ല കാറ്റ് വീശും, ശ്രദ്ധിച്ചില്ലെങ്കിൽ വണ്ടി അടക്കം തെന്നി കൈവിട്ടു പോകും. അതുകൊണ്ടായിരിക്കും കാറിന്റെ ടയറിൽ ചെറിയ ആണി പിടിപ്പിച്ചിട്ടുണ്ട്. ഇടയ്ക്കു നിറുത്തി കാഴ്ചകൾ കാണാനും ഫോട്ടോസ് ഒക്കെ എടുക്കാനും ഒരുപാട് വ്യൂ പോയിന്റുകൾ ഉണ്ട്. പതിവ് പോലെ ഈ ട്രിപ്പിലെയും ലീഡിങ് കാർ ഞങ്ങളുടേതാണ്. ഇവിടുത്തെ റോഡിൽ കണ്ട മറ്റൊരു പ്രത്യേകത ട്രാഫിക് ലൈറ്റുകളെക്കാളും കൂടുതൽ റൌണ്ട് എബൗട്ടുകളാണ്. വണ്ടികളുടെ എണ്ണം കുറവായതു കൊണ്ട് ഇതാണ് കുറച്ചുകൂടി ഇഫക്റ്റീവ് ആയ മാർഗ്ഗം.

ഇടയ്ക്കു ഒരു റെസ്റ്റോറന്റിൽ നിന്നും ഫുഡ്ഡും കഴിഞ്ഞു വഴിയിൽ കണ്ട വ്യൂ പോയിന്റിൽ ഒക്കെ നിറുത്തി നിറുത്തി അവസാനം ഇന്നത്തെ സ്റ്റേ ബുക്ക് ചെയ്തിട്ടുള്ള Við Hafið Guesthouse എത്തി. ഒരു ബീച്ചിന്റെ തൊട്ടുമുന്നിൽ തന്നെയുള്ള ഒരു ഹോട്ടൽ ആണ്. എനിക്കും ചാക്കോയ്ക്കും ഇന്ന് ഒരു മുറി ആണ്. ഇന്ന് രാത്രി Northern Lights കാണാൻ പോകാൻ ചെറിയ ഒരു പ്ലാൻ ഉണ്ടെങ്കിലും, കാര്യമായ ആക്ടിവിറ്റി മൊബൈൽ അപ്പിക്കേഷനിൽ നോക്കിയപ്പോൾ കാണിക്കുന്നില്ല. എന്നാലും രണ്ടും കല്പിച്ചു രാത്രി പോകാം എന്ന് തീരുമാനിച്ചു. എല്ലാവരും റൂമുകളിൽ ഒക്കെ പോയി ഫ്രഷ് ആയി വന്നപ്പോഴേക്കും ഞാൻ ഒരു ചായ ഉണ്ടാക്കാൻ തീരുമാനിച്ചു ബാഗിൽ നിന്നും പുതുതായി വാങ്ങിയ ചില്ലു ഗ്ലാസ് എടുത്തു കൊണ്ട് വന്നു. ഹോട്ടലിന്റെ കിച്ചണിൽ നിന്നാൽ കടലിലേക്ക് നല്ല വ്യൂ ഉണ്ട്. കടലിലേക്കും നോക്കി നിന്ന് എന്റെ ചായ കുടിച്ചു നിക്കുമ്പോൾ ഇലയ്ദ വന്നു. എന്റെ കൂടെ കാറിൽ ഉള്ള കുട്ടിയാണ്. ഞാനും ചാക്കോയും ഇലയ്ദയും, പിന്നെ ലിങ് എന്ന് വേറെ ഒരാളുമാണ് ഞങ്ങളുടെ കാറിൽ ഉള്ളത്. ഞാൻ ആരെയോ വായും നോക്കി നിൽക്കുകയാണ് എന്ന് കരുതി വന്നതാണ്. എന്താ നോക്കുന്നത് എന്ന് ചോദിച്ചപ്പോൾ, അവിടെ കടലിൽ ഒരു തിമിംഗലം കിടന്നു മറിയുണ്ടായിരുന്നു എന്ന് ഒരു തള്ള് തള്ളി. പാവം കുറച്ചു നേരം കണ്ണുചിമ്മാതെ തിമിംഗലം വരുന്നതും നോക്കി അവിടെ നിന്നു. കുറച്ചു നേരത്തെ നിപ്പ് കണ്ടപ്പോൾ പാവം തോന്നി ഞാൻ സത്യം തുറന്നു പറഞ്ഞു. ഭാഗ്യം വയലെന്റ് ആയില്ല, എന്തായാലും തിമിംഗലത്തെ നോക്കി നിന്ന നേരം കൊണ്ട് ഞങ്ങൾ നല്ലതുപോലെ പരിചയപെട്ടു.

എന്തായാലും കത്തിയടി ഒക്കെ കഴിഞ്ഞു ഫ്രഷ് ആകാൻ ഞാൻ റൂമിലേക്ക് പോയി. എനിക്കുള്ള ഡിന്നർ ഇന്ന് ഇൻസ്റ്റന്റ് നൂഡിൽസ് ആണ്, അത്കൊണ്ട് വലിയ പണി ഒന്നും ഇല്ല. കുറച്ചു തിളച്ച വെള്ളം ഒഴിച്ചാൽ സാധനം റെഡി. കുളി ഒക്കെ കഴിഞ്ഞു ഫ്രഷ് ആയി കുറച്ചു നേരം താഴെ കടലോരത്തെ പാറപ്പുറത്ത് പോയി അവിടെ ഇരുന്നു. ഇനി തിമിംഗലം എങ്ങാനും വന്നാലോ?

ഡിന്നർ ഒക്കെ കഴിഞ്ഞു വന്നപ്പോഴേക്കും സമയം നല്ല പോലെ ഇരുട്ടി. എല്ലാവരും റെഡി ആയി Northern Lights കാണാൻ ഇറങ്ങി. വണ്ടി എടുത്തു നേരെ Skarðsvík Beach ലക്ഷ്യമാക്കി വിട്ടു. നല്ല മഞ്ഞുവീഴ്ച ഉണ്ട്. കൂടെ കാറ്റും, ഒപ്പംതിനൊപ്പം നല്ല തണുപ്പും. മെയിൻ റോഡിൽ നിന്നും ഒരു ചെറിയ ഉൾവഴിയിലേക്കു വണ്ടി കേറിയപ്പോഴേ ഒരു പന്തികേട് തോന്നിയതാണ്. എന്തായാലും വണ്ടി വിട്ടു. അധികം പോകേണ്ടിവന്നില്ല പിന്നാലെ വന്നിരുന്ന കാർ ഒരെണ്ണം മഞ്ഞിൽ പൂണ്ടു. നല്ല കട്ട തണുപ്പത്ത് എല്ലാവരും കൂടി കുറെ നേരം അങ്ങോട്ടും ഇങ്ങോട്ടും ഇട്ടു തള്ളിയിട്ടും വണ്ടി താഴ്ന്നു പോയതെല്ലാതെ ഒരു അനക്കവും ഉണ്ടായില്ല. അവസാനം Tow ട്രക്ക് വിളിച്ചു വണ്ടി വലിച്ചെടുക്കേണ്ടി വന്നു. പാതിരാത്രിക്ക് ഒറ്റപ്പെട്ട സ്ഥലത്തു വെച്ച് ഇങ്ങനെ ഒരു അനുഭവം, ഒരു എക്സ്പീരിയൻസ് ആയിരുന്നു. എല്ലാം കഴിഞ്ഞപ്പോഴേക്കും ഇനിയും മുന്നോട്ടു പോകേണ്ട എന്ന തീരുമാനത്തിൽ ചാക്കോ എത്തി. റോഡ് ഇനി അങ്ങോട്ടേക്ക് എന്താ അവസ്ഥ എന്ന് അറിയില്ലല്ലോ. അങ്ങനെ ഇന്നത്തെ Northern lights കാണാം എന്നുള്ള പ്ലാൻ പൊളിഞ്ഞു പാളീസായി. ഇനിയും കുറച്ചു ദിവസം കൂടിയുണ്ടല്ലോ നമുക്ക് കാണാം എന്ന ഉറപ്പോടെ ചാക്കോ എല്ലാവർക്കും ഒരു പ്രതീക്ഷ കൊടുത്തു.

തിരിച്ചു ഹോട്ടലിൽ എത്തിയപ്പോഴേക്കും വണ്ടി തള്ളി എല്ലാവരും ഒരു പരുവം ആയിട്ടുണ്ടായിരുന്നു. ഹോട്ടലിന്റെ അകത്തേക്ക് കയറുന്നതിനു മുൻപ് കുറച്ചു നേരം തണുത്ത കാറ്റ് ആസ്വദിക്കാൻ ഞാൻ അവിടെ കടപ്പുറത്തെ പാറപ്പുറത്തു കയറി നിന്നു. ഞാൻ ഒറ്റക്ക് നിക്കുന്നത് കണ്ടു ഇലയ്ദയും പാറപ്പുറത്തേക്ക് വലിഞ്ഞു കയറാൻ ശ്രമിക്കുന്നുണ്ടായിരുന്നു. പാവം വെറുതെ കിടന്നു കഷ്ടപ്പെടേണ്ട എന്ന് കരുതി ഞാൻ എന്റെ കൈ നീട്ടി ഓളെ വലിച്ചു കയറ്റി പാറപ്പുറത്തിട്ടു. കാർ മഞ്ഞിൽ പൂണ്ടു പോയ കഥയും പറഞ്ഞു കുറച്ചു നേരമേ നിന്നുള്ളൂ, തണുപ്പ് കാരണം ആകെ മരവിച്ചു തുടങ്ങി. ഞങ്ങൾ രണ്ടുപേരും തപ്പി തടഞ്ഞു ഒരു കണക്കിന് ഹോട്ടലിന്റെ അകത്തു കയറിപറ്റി. അവിടെ ഹാളിൽ എല്ലാവരും ഇതേ വിശേഷം പറഞ്ഞു നിൽപ്പുണ്ട്. എല്ലാവർക്കും കൂടി ആയി ഒരു ഒറ്റ ഗുഡ് നൈറ്റ് പറഞ്ഞു ഞാൻ നേരെ എന്റെ റൂമിലേക്ക് കയറി.

[തുടരും]

Leave a Reply