Day 3: ÓLAFSVÍK – Haugar, Iceland

തലേദിവസം മഞ്ഞിൽ പൂണ്ടുപോയ കാർ തള്ളിയതിന്റെ ആയിരിക്കണം രാവിലെ എഴുന്നേറ്റപ്പോൾ ചെറിയ ഒരു മേലുവേദനയുണ്ട്. എന്നാലും അതൊന്നും കാര്യമാക്കാതെ എഴുന്നേറ്റു പോയി ഒരു കട്ടൻ കാപ്പി ഉണ്ടാക്കി വീണ്ടും ജനൽ വാതിലിലൂടെ കടലിലേക്കു നോക്കി കുറച്ചു നേരം അങ്ങനെ നിന്നു. കാപ്പി ആസ്വദിക്കുന്നതിന്റെ ഇടയിൽ ഏലയ്‌ദ വന്നു ഒരു ഗുഡ് മോർണിംഗ് പറഞ്ഞു. ഫ്രീ ആയിട്ട് കിട്ടിയതല്ലേ ഞാനും ഒരെണ്ണം തിരിച്ചു പറഞ്ഞു. ഏലയ്‌ദയുടെ കൈയ്യിലും ഉണ്ട് ഒരു കാപ്പി, ഞങ്ങൾ രണ്ടുപേരും അവിടെ നിന്ന് വിശേഷങ്ങൾ ഒക്കെ പറഞ്ഞു കാപ്പി തീർത്തപ്പോഴേക്കും ഓരോരുത്തരായി റെഡി ആയി വന്നു. താമസിക്കേണ്ട എന്ന് കരുതി ഞാൻ വേഗം ഫ്രഷ് ആകാൻ പോയി. ഇന്ന് രണ്ടു മൂന്ന് വ്യൂ പോയിന്റുകൾ കാണാൻ ആണ് പരിപാടി. ആദ്യം പോകുന്നത് Kirkjufell Mountain കാണാൻ ആണ്. എല്ലാവരും വന്നു റെഡി ആയി ചാക്കോയുടെ ചുറ്റും വട്ടം കൂടി ഇന്നത്തെ പ്ലാൻ എല്ലാം വിശദമായി കേട്ട് നിൽപ്പുണ്ട്. അതിനു ശേഷം ഒരു റോക്ക് ഫോർമേഷൻ ആണ് കാണാൻ പോകുന്നത്. അവിടുന്ന് നേരെ Borgarnes, ലഞ്ച് അവിടെ ആണ് പരിപാടി. പിന്നീട് ഒരു lighthouse, പിന്നെ അധികം ഇരുട്ടുന്നതിനു മുൻപ് ഇന്നത്തെ താമസം പറഞ്ഞുവെച്ചിരിക്കുന്ന Guesthouse Hvítá എത്തണം. ഏകദേശം ഒരു 330KM ഉണ്ട് ഇന്നത്തെ ഡ്രൈവിംഗ്.

ചാക്കോയുടെ പ്ലാനിങ് എല്ലാവരും മനഃപാഠമാക്കി നിൽക്കുന്ന നേരം കൊണ്ട് ഞാൻ പോയി എന്റെ സാധനങ്ങൾ എല്ലാം പാക്ക് ചെയ്തു സെറ്റ് ആയി. പെട്ടിയും കിടക്കയും എല്ലാം കാറുകളിൽ ലോഡ് ചെയ്തു ഗൂഗിൾ മാപ്പിൽ Kirkjufell ലൊക്കേഷൻ സെറ്റ് ചെയ്തു ഞങ്ങൾ വണ്ടി വിട്ടു. ഒരു Fish Tail സ്റ്റൈലിൽ ഉള്ള ഒരു മലയാണ് Kirkjufell. കുറച്ചു നേരത്തെ സീനിക് ഡ്രൈവിങ്ങിനു ശേഷം ഞങ്ങൾ Kirkjufell എത്തി. വണ്ടി എല്ലാം പാർക്ക് ചെയ്തു കഴിഞ്ഞു പുറത്തേക്കിറങ്ങി, കട്ട തണുപ്പ്. കൈയ്യിൽ ഉണ്ടായിരുന്ന ഒരു wind breaker jacket കൂടി എടുത്തു ഇട്ടു. മുഖവും കൂടി മറച്ചുകഴിഞ്ഞപ്പോൾ ഒരു ആശ്വാസം കിട്ടി. ഇടയ്ക്കു നല്ല കാറ്റ് വീശും, മുഖം ഒന്ന് മറക്കുന്നത് നല്ലതാണ്. ഇല്ലെങ്കിൽ തിരികെ എത്തുമ്പോൾ ആർക്കും ആളെ മനസ്സിലാകില്ല. കരിഞ്ഞു ഉണങ്ങി ഒരു പരുവം ആയിട്ടുണ്ടാകും. വേറെ കുറച്ചു ആൾക്കാർ Kirkjufell മലയുടെ മുകളിൽ കയറാൻ ആണെന്ന് തോന്നുന്നു, അവിടേക്ക് നടന്നു പോകുന്നത് കണ്ടു. സമയം ഉണ്ടായിരുന്നെങ്കിൽ ഒന്ന് കേറാമായിരുന്നു എന്ന് ചാക്കോ പറയുന്നുണ്ടായിരുന്നു. Kirkjufell മലയുടെ അടുത്ത് തന്നെ ഒരു വെള്ളച്ചാട്ടവും ഉണ്ട്. അധികം വലുതെല്ലെങ്കിലും ഒന്ന് കാണാൻ വേണ്ടി നടന്നു. കാറ്റ് നല്ല പോലെ തന്നെ വീശുന്നുണ്ട്. വെള്ളച്ചാട്ടം മുഴുവനും തണുത്തുറഞ്ഞു മഞ്ഞുപിടിച്ചു ഇരിക്കുന്നു. സമ്മർ സീസണിൽ വന്നാൽ ശരിക്കും വെള്ളച്ചാട്ടം കാണാൻ കഴിയും. എന്തായാലും വെള്ളച്ചാട്ടത്തിന്റെ താഴേക്ക് ഇറങ്ങി എല്ലാവരും കുറെ ഫോട്ടോസ് ഒക്കെ എടുത്തു. ബാക്ക്ഗ്രൗണ്ട് ആയി Kirkjufell മല നല്ല ഒരു ഫോട്ടോ ഫ്രെയിം ആണ്. രണ്ടെണ്ണം ഞാനും എടുത്തു. ഇൻസ്റ്റാഗ്രാമിൽ ഇടാം.

ഫോട്ടോസ് ഒക്കെ എടുത്തു കുറച്ചു നേരം അവിടെ കറങ്ങി നടന്നു തിരികെ വണ്ടി എടുത്തു നേരെ Gerðuberg Cliffs ലക്ഷ്യമാക്കി വിട്ടു. കുറച്ചു ദൂരം ഉണ്ട് ഡ്രൈവ് ചെയ്യാൻ. എന്റെ വിദഗ്ധമായ ഡ്രൈവിംഗ് പാടവം കൊണ്ട് ഇടക്കുവെച്ചു ഒന്ന് വഴിതെറ്റി പോയെങ്കിലും വലിയ കുഴപ്പം ഇല്ലാതെ ഞങ്ങൾ Gerðuberg Cliffs എത്തി. Iceland മിക്ക സ്ഥലങ്ങളും അഗ്നിപർവ്വതങ്ങൾ ആണെല്ലോ, Gerðuberg Cliffs ഇത് പോലെ ഉള്ള ഒരു റോക്ക് ഫോർമേഷൻ ആണ്. ആരോ പറഞ്ഞു പണിയിച്ച പോലെ കുറെ കരിങ്കൽ തൂണുകൾ അടുക്കി വെച്ച പോലെ ആണ് അതിന്റെ നിൽപ്പ്. കുറച്ചു നേരം അതിന്റെ ഭംഗി ആസ്വദിച്ചു എല്ലാവരും അവിടെ കറങ്ങി നടന്നു. അധികം ആളും ബഹളവും ഒന്നും ഇല്ലാത്ത ഒരു സ്ഥലമാണ്. സോഡ കുടിക്കാൻ ഒരു പെട്ടിക്കട പോലും അവിടെയില്ല.

കറക്കം ഒക്കെ കഴിഞ്ഞപ്പോഴേക്കും എല്ലാവരും അവശത ആയി എന്ന് തോന്നുന്നു. ലഞ്ച് പ്ലാൻ ചെയ്തിരിക്കുന്ന Borgarnes ലെക് വണ്ടി എടുക്കാൻ ചാക്കോ ഉത്തരവിട്ടു. ചെറിയ ഒരു ടൗൺ ആണ് Borgarnes. അവിടെ സൂപ്പർമാർക്കറ്റും, പെട്രോൾ പമ്പും, കുറച്ചു ചെറിയ കടകളും, പിന്നെ ആൾ താമസവും ഒക്കെ ഉണ്ട്. വണ്ടിയിൽ ഫുൾ ടാങ്ക് പെട്രോൾ അടിക്കുന്ന നേരം മറ്റുള്ളവർ അടുത്തുള്ള റെസ്റ്റോറന്റിൽ ലഞ്ച് കഴിക്കാൻ കയറി. പെട്രോൾ ഒക്കെ അടിച്ചു ഞങ്ങളും ലഞ്ച് കഴിക്കാൻ കയറി. നല്ല വിശപ്പുണ്ട്. എല്ലാ കടകളിലും കാർഡ് വെച്ച് പേയ്മെന്റ് നടത്താം. നേരത്തെ തന്നെ ഒരു ട്രാവൽ കാർഡ് ഞാൻ വാങ്ങി അതിൽ കുറച്ചു യൂറോ സേവ് ചെയ്തു വെച്ചത് കൊണ്ട് അതിന്റെ ടെൻഷൻ ഇല്ല. Iceland-ൽ അവരുടെ സ്വന്തം കറൻസി ആയ Icelandic Krone കൂടാതെ Euro വെച്ചും നമുക്ക് സാധനങ്ങൾ വാങ്ങാം. പക്ഷെ ബാക്കി തരുന്നത് Icelandic Krone-ൽ ആയിരിക്കും. Youtrip എന്ന ഒരു ട്രാവൽ കാർഡ് ആണ് ഞാൻ ഉപയോഗിച്ചിരുന്നത്. ഏകദേശം 8 വ്യത്യസ്ഥ കറൻസി നമുക്ക് അതിൽ കിട്ടും. പോകുന്ന രാജ്യത്തിന്റെ കറൻസി അനുസരിച്ചു അതിൽ ക്യാഷ് ടോപ് അപ്പ് ചെയ്‌താൽ മതി. മൊബൈൽ ആപ്പ്ളിക്കേഷൻ ഉള്ളതിനാൽ കാർഡ് അഥവാ കളഞ്ഞു പോയാലും നമുക്ക് ബ്ലോക്ക് ചെയ്യാൻ പറ്റും. ഫുഡ് മെനു നോക്കി ഞാൻ ഒരു Fish and Chips ഓർഡർ ചെയ്തു, കൂടെ നല്ല ചൂട് ഒരു കട്ടൻ കാപ്പിയും. എല്ലാവരും കൂടി ഇരുന്നു തമാശകളും വിശേഷങ്ങളും ഒക്കെ പറഞ്ഞു ലഞ്ച് അങ്ങനെ തീർന്നു. വിശേഷങ്ങൾ വീണ്ടും തുടങ്ങിയപ്പോൾ പതിവ് പോലെ ചാക്കോയ്ക്ക് ഒരു സിഗ്നൽ കൊടുത്തു ഞാൻ അടുത്തുള്ള ടൗൺ ഒന്ന് ചുറ്റി കാണാൻ ഇറങ്ങി. ചാക്കോയ്ക്ക് കൊടുത്ത സിഗ്നൽ കണ്ട ഏലയ്‌ദ എന്റെ ദുരുദ്ദേശ്യം മനസ്സിലാക്കി എന്റെ പിന്നാലെ കൂടി. ഒറ്റക്കുള്ള വായനോട്ടം മുടങ്ങിയതിൽ ഒരു വിഷമം തോന്നിയെങ്കിലും ഓളെയും കൂടെ കൂട്ടി ഞാൻ ഒന്ന് പുറത്തേക്ക് ഇറങ്ങി.

എല്ലാവരുടെയും വിശപ്പും ക്ഷീണവും ഒക്കെ മാറിയെന്ന് തോന്നുന്നു. ചാക്കോയുടെ മെസ്സേജ് വന്നു മൊബൈലിൽ. ഞാനും ഏലയ്‌ദയും തിരിച്ചു ഗ്രൂപ്പിന്റെ കൂടെ കൂടി. നേരെ പോകുന്നത് Old Akranes Lighthouse കാണാൻ ആണ്. പേര് പോലെ തന്നെ ഒരു ലൈറ്റ്ഹൗസ് ആണ്. കുറച്ചു ദൂരമേയുള്ളൂ അങ്ങോട്ടെങ്കിലും വഴി ചെറുതാണ്. ഇടക്കിടക്ക് ചെറിയ ടൗണുകളും കാണാം. കൊറോണ വന്നു തുടങ്ങിയ സമയം ആയതിനാൽ ആണെന്ന് തോന്നുന്നു, അധികം തിരക്ക് ഒന്നും ഇല്ല. വണ്ടികൾ എല്ലാം പാർക്കിംഗ് ബേയിൽ നിറുത്തി എല്ലാവരും ലൈറ്റ്ഹൗസ് കാണാൻ ഇറങ്ങി. പണ്ടേ ഇങ്ങനെ ആണ്, കടപ്പുറത്തു ചെന്നാൽ പിന്നെ അവിടുന്ന് പോരാൻ തോന്നാറില്ല. ആ പതിവ് ഇവിടെയും തെറ്റിയില്ല. നല്ല തണുപ്പും നല്ല കാറ്റും ഒക്കെ ഉണ്ടെങ്കിലും കടലിന്റെ ഇരമ്പൽ ആസ്വദിച്ചു നിന്നു. കുറെ വൈകിയാണ് എല്ലാവരും അവിടെ നിന്നും ഇന്നത്തെ സ്റ്റേ ആയ Guesthouse Hvítá ലക്ഷ്യമാക്കി വീണ്ടും വണ്ടി എടുത്തത്.

ഉച്ചക്ക് ഭക്ഷണം കഴിക്കാൻ കയറിയ Borgarnes ടൗൺ വഴി തന്നെയാണ് തിരിച്ചു പോകുന്നത്. ഇന്ന് വൈകിട്ട് പൊട്ടിക്കാനുള്ള ഡ്രിങ്ക്സ് കുപ്പി വാങ്ങാൻ ചാക്കോ പോയ നേരം ഞങ്ങൾ എല്ലാവരും വീണ്ടും ഓരോ കട്ടൻകാപ്പി കുടിക്കാൻ അതേ റെസ്റ്റോറന്റിൽ കയറി. ചാക്കോ കുപ്പിയുമായി വന്നപ്പോഴേക്കും എല്ലാവരും റെഡി ആയിട്ടുണ്ടായിരുന്നു. അധികം ദൂരം ഒന്നും ഇല്ല ഗസ്റ്റ്ഹൗസിലേക്ക്. എന്നാലും മെയിൻ റോഡിൽ നിന്നും ഒരു ചെറിയ ഇടവഴിക്കു വണ്ടി തിരിക്കാൻ ഗൂഗിൾ ചേച്ചി പറഞ്ഞത് കേട്ട്, ഏറ്റവും മുന്നിൽ പോയിരുന്ന ഞാൻ കാർ ഇടവഴിയിലേക്ക് തിരിച്ചു. നോക്കെത്താദൂരത്തോളം പരന്ന വിശാലമായ മഞ്ഞുമൂടി കിടക്കുന്ന ഒരു സ്ഥലം. ഇത് തന്നെ ആണോ ശരിക്കുള്ള വഴി എന്ന് ഒരു സംശയം തോന്നിയെങ്കിലും, ഇതുവരെ കൊണ്ടെത്തിച്ച ഗൂഗിൾ ചേച്ചിയിൽ ഞാൻ പൂർണ വിശ്വാസം അർപ്പിച്ചു മുന്നോട്ടു തന്നെ പോയി. കുറച്ചു നേരത്തെ ടെന്ഷന് ശേഷം ദൂരെ ഒറ്റപ്പെട്ടു നിൽക്കുന്ന ഞങ്ങളുടെ ഗസ്റ്റ്ഹൗസ് കാണാൻ പറ്റി. ഒരു അത്യാവശ്യത്തിനു വിളിച്ചാൽ പോലും ആരും കേൾക്കാനില്ല എന്നുള്ളത് എനിക്ക് ഒരു അത്ഭുതം ആയിരുന്നു. ഒരു അമ്മച്ചി ആണ് അവിടുത്തെ കാര്യങ്ങൾ ഒക്കെ നോക്കുന്നത്. അമ്മച്ചി മാത്രമേ ഉള്ളു അവിടെ. ഗസ്റ്റ് ആയിട്ട് ഞങ്ങളുടെ ടീമും. വേറെ ആരും തന്നെ അവിടെ ഗസ്റ്റ് ഇല്ല. അത്കൊണ്ട് കിച്ചനും, മറ്റു സൗകര്യങ്ങളും എല്ലാം ഞങ്ങൾക്ക് മാത്രം ആയി ഉപയോഗിക്കാം. നല്ല വൃത്തിയുള്ള ഒരു ഗസ്റ്റ്ഹൗസ് ആയിരുന്നു. മാത്രമല്ല പുറത്തേക്കു നോക്കിയാൽ നോക്കെത്താദൂരത്തോളം മഞ്ഞുമൂടിയ പുൽത്തകിടും. എനിക്ക് കിട്ടിയ റൂമിൽ നിന്നുള്ള വ്യൂ തന്നെ മനസ്സിന് കുളിരു തരുന്ന ഒന്നായിരുന്നു.

എല്ലാവരും നീണ്ട ഒരു യാത്ര കഴിഞ്ഞതിന്റെ ക്ഷീണം മാറാൻ ഒന്ന് ഫ്രഷ് ആകാൻ പോയി. ഞാൻ പതിവ് പോലെ പുറത്തേക്ക് ഒന്ന് കറങ്ങാൻ ഇറങ്ങി. അടുത്തൊന്നും ഒരു മനുഷ്യകുഞ്ഞു പോലും ഇല്ലാത്തതുകൊണ്ട് ഗസ്റ്റ്ഹൗസ് ചുറ്റും വെറുതെ ഒന്ന് നടന്നു. അധികം ദൂരേക്ക് പോകാൻ നിന്നില്ല, വല്ല ചാണാക്കുഴിയിലും മഞ്ഞു വീണു കിടന്നു അതിലെങ്ങാനും വീണാൽ വിളിച്ചാൽ പോലും ആരും കേൾക്കില്ല. കറക്കം ഒക്കെ കഴിഞ്ഞു മരവിച്ചു റൂമിൽ എത്തിയപ്പോഴേക്കും എല്ലാവരും ഡിന്നർ കഴിക്കാനുള്ള ഒരുക്കത്തിൽ ആയിരുന്നു. ഡിന്നർ ഇന്ന് എല്ലാവരും സ്വയം ഉണ്ടാക്കി കഴിക്കലാണ്. ഞാൻ എന്റെ ന്യൂഡിൽസ് എടുത്തു കൊണ്ടുവന്നു കുറച്ചു തിളച്ച വെള്ളവും ഒഴിച്ച് ഒരെണ്ണം കഴിച്ചു. കൂടെ ഒരു കട്ടൻ കാപ്പിയും. ഡിന്നർ കഴിഞ്ഞു ചാക്കോ പോയി വാങ്ങി വെച്ചിരുന്ന കുപ്പി ഒക്കെ എടുത്തു വന്നപ്പോഴേക്കും എല്ലാവരും ഒന്ന് ഉഷാറായി. കുറെ നേരം അവിടെ ഇരുന്നു വിശേഷങ്ങളും തമാശകളും ഒക്കെ പങ്കുവെച്ചു. ട്രിപ്പിലെ ഏറ്റവും രസകരമായ സമയം ആണ് ഈ കത്തിയടി. എല്ലാവരും പരസ്പരം നല്ല പോലെ പരിചയപെടും. എന്തായാലും വിശേഷങ്ങൾ ഒക്കെ പറഞ്ഞു എല്ലാവരോടും ഒരു ഗുഡ് നൈറ്റ് പറഞ്ഞു ഒന്നുകൂടി ഒന്ന് പുറത്തേക്കു ഇറങ്ങി രാതിയിലെ ആ നീലാകാശം നോക്കി കുറച്ചു നേരം ഞാൻ നിന്നു.

[തുടരും]

Leave a Reply