DAY 4: HAUGAR – Þrúðvangur, Iceland

പുതപ്പിനടിയിൽ ചുരുണ്ടു കൂടി കിടന്നുറങ്ങിയിരുന്ന ഞാൻ രാവിലെ നേരത്തെ തന്നെ എഴുന്നേറ്റു. കണ്ണ് തിരുമ്മി ജനലിലൂടെ പുറത്തേക്കു നോക്കുമ്പോൾ നേരം വെളുത്തു വരുന്നതേ ഉണ്ടായിരുന്നുള്ളു. വീണ്ടും പുതപ്പിനടിയിലേക്കു വലിഞ്ഞു കേറാൻ മനസ്സ് പറയുന്നുണ്ടായിരുന്നെങ്കിലും ഒരു Sunrise ക്യാമറയിൽ പകർത്താം എന്ന് കരുതി ചാടി എഴുന്നേറ്റു വേഗം പോയി കുളിച്ചു ഫ്രഷ് ആയി. ഒരു കാപ്പിയും ഉണ്ടാക്കി ഡൈനിങ്ങ് റൂമിലെ ജനാലയിലൂടെ സൂര്യൻ ഉദിച്ചു വരുന്നതും നോക്കി ക്യാമറ ഞാൻ അവിടെ സെറ്റ് ആക്കി വെച്ചു. ഭൂമി ശാസ്‌ത്രപരമായി കുറച്ചു ഗവേഷണം ഒക്കെ നടത്തി ക്യാമറ ഒക്കെ വെച്ച് കഴിഞ്ഞപ്പോഴാണ് കിഴക്കും പടിഞ്ഞാറും ഒന്നും ഇവിടെ ശരിയാവില്ല എന്ന നഗ്ന സത്യം മനസ്സിലാക്കിയത്. എന്തായാലും ഏകദേശം ഒരു കണക്ക് വെച്ച് ഒരു timelapse ഷൂട്ട് ചെയ്യാൻ ഞാൻ റെഡി ആയി ഇരുന്നു.

ജനലരികത്തു ക്യാമറയുമായി എന്തോ ചെയ്യുന്ന കണ്ടു വന്ന ചാക്കോ വല്ല ഡിങ്കോൾഫിക്കേഷൻ ആണോ എന്ന് കരുതി ഓടി എന്റെ അടുത്തുവന്നു. ഒരു മസാല പ്രതീക്ഷിച്ചു വന്ന ചാക്കോ സൂര്യോദയം കണ്ടു ചെറുതായി നിരാശനായെങ്കിലും അതൊന്നും പുറത്തു കാണിക്കാതെ വാ നമുക്ക് ഇന്നത്തെ റൂട്ട് സെറ്റ് ആക്കാം എന്നും പറഞ്ഞു എന്നെ വിളിച്ചു. കാപ്പിയും എടുത്തു ഞാനും ചാക്കോയും കൂടി അന്നത്തേക്കുള്ള റൂട്ട് പ്ലാനിംഗ് സെഷനിലേക്ക് തിരിഞ്ഞു. മറ്റുള്ളവർ ഒക്കെ എഴുന്നേറ്റു വന്നു നോക്കുമ്പോൾ ഞാനും ചാക്കോയും കാര്യമായി എന്തോ പ്ലാനിംഗ് ആണെന്ന് കരുതി ഒന്ന് വന്നു എത്തിനോക്കി പൊയ്ക്കൊണ്ടിരുന്നു. അവിടെയുള്ള സ്ഥലങ്ങളുടെ പേരുപോലും നേരെ ചൊവ്വേ വായിക്കാൻ പറ്റാതെ കിളിപോയി ഇരിക്കുകയാണെന്നുള്ള സത്യം പിന്നീട് ട്രിപ്പ് കഴിഞ്ഞപ്പോഴാണ് എല്ലാവരോടും തുറന്നു പറയുന്നത്. റൂട്ട് പ്ലാനിംഗ് ഒക്കെ ഒരുവിധം കഴിച്ചിലാക്കി ഞാൻ എഴുന്നേറ്റു പോയി അവിടുത്തെ അമ്മച്ചി ഉണ്ടാക്കി വെച്ച ബ്രേക്ഫാസ്റ്റ് കുറച്ചു ഒരു പ്ലേറ്റിലാക്കി. വിശപ്പിന്റെ ആണോ എന്നറിയില്ല, നല്ല കിടിലൻ ഫുഡ്, ഒരു റൗണ്ട് കൂടെ പോയി എടുത്തു അതും വലിച്ചു വാരി കഴിച്ചു പെട്ടി പാക്ക് ചെയ്യാൻ ഞാനും ചാക്കോയും റൂമിലേക്ക് പോയി. പെട്ടിയെല്ലാം എടുത്തു പുറത്തേക്കുള്ള വാതിൽ തുറന്നപ്പോഴാണ് എത്രത്തോളം മഞ്ഞാണ് കഴിഞ്ഞ രാത്രി പെയ്തത് എന്ന് മനസ്സിലായത്. കണ്ടു നിൽക്കാൻ നല്ല രസം ഉണ്ടങ്കിലും പെട്ടി ഒന്നും ഉരുട്ടി കൊണ്ട് പോകാൻ പറ്റാത്തതിനാൽ തട്ടി പുറത്തു കെട്ടി നേരെ കാറിൽ കൊണ്ട് വെച്ചു. നേരെ പോകുന്നത് Thingvellir National Park-ലേക്കാണ്. പതിവ് പോലെ ഗൂഗിൾ മാപ്പ്സ് ദേവതയെ മനസ്സിൽ ധ്യാനിച്ച് ഡെസ്റ്റിനേഷൻ സെറ്റ് ചെയ്തു വണ്ടി എടുത്തു.

ഏകദേശം ഒരു മണിക്കൂർ നേരത്തെ ഡ്രൈവിങ്ങിനു ശേഷം നാഷണൽ പാർക്കിൽ എത്തി. അവിടെ പാർക്കിങ്ങിന് ചെറിയ ഒരു ചാർജ് ഉണ്ട്. ഞാനും ചാക്കോയും കൂടി വണ്ടികളുടെ ഒക്കെ നമ്പർ എഴുതിയെടുത്ത് അവിടെ ഉള്ള ഒരു പാർക്കിംഗ് ടിക്കറ്റ് കൗണ്ടർ പോയി എല്ലാ വണ്ടികൾക്കും പാർക്കിംഗ് ടിക്കറ്റ് എടുത്തു. അപ്പോഴേക്കും എല്ലാവരും തൊപ്പിയും ജാക്കറ്റും ഒക്കെ ഇട്ടു റെഡി ആയി വന്നു. അധികം ഒന്നും കാണാൻ ഇല്ല ഇവിടെ, മുഴുവൻ മഞ്ഞു മൂടി കിടക്കുകയാണ്. വെള്ളച്ചാട്ടം ഒക്കെ ഉണ്ടെങ്കിലും അതും തണുത്തുറഞ്ഞു കിടക്കുകയാണ്. ആകെ മൊത്തം ഒരു ഡ്രാക്കുള വൈബ് ആണ്. സമ്മർ സീസൺ വരുകയാണെങ്കിൽ കുറച്ചു കൂടി കളർഫുൾ ഫീൽ കിട്ടും. കുറച്ചു നേരം ഒക്കെ അവിടെ കറങ്ങി നടന്നു ഫോട്ടോസ് ഒക്കെ എടുത്തു എല്ലാവരും തിരിച്ചു പാർക്കിംഗ് സ്ഥലത്തു എത്തി. അധികം ദൂരേക്ക് പോകുന്നത് കുറച്ചു റിസ്ക് ആണ്. മൊത്തം വഴിതെറ്റി ഒക്കെ പോകാൻ ചാൻസ് ഉണ്ട്. ഇടക്ക് മഞ്ഞു പെയ്താൽ നടന്ന വഴി ഒക്കെ മഞ്ഞു മൂടി പോകും. എല്ലാവരെയും തട്ടി കൂട്ടി തലയെണ്ണം ഒക്കെ എടുത്തു അടുത്ത സ്റ്റോപ്പ് ആയ Geysir Hot Springs കാണാൻ വണ്ടിയെടുത്തു.

Hot Spring എന്ന് കേട്ടപ്പോ വല്ല കൊല്ലന്റെ ആലയിലേക്കായിരിക്കും പോകുന്നത് എന്നാണ് ആദ്യം കരുതിയത്. സംഭവം നല്ല ചൂട് വെള്ളം ഭൂമിക്കടിയിൽ നിന്നും വരുന്ന ഒരു പ്രതിഭാസം ആണ്. ഇവിടെ ഒരുപാട് ഇതുപോലുള്ള ഹോട്ട് സ്പ്രിങ്സ് ഉണ്ട്. ഇടയ്ക്കിടയ്ക്ക് അതിൽ നിന്നും വെള്ളം പുറത്തേക്ക് തെറിക്കുകയും ചെയ്യും. അത് കൊണ്ട് അധികം അടുത്തേക്ക് പോകാതിരിക്കാൻ കയർ ഒക്കെ വെച്ച് കെട്ടി വെച്ചിട്ടുണ്ട്. കുറച്ചു നേരത്തെ ഡ്രൈവിംഗ് ഉള്ളു അവിടെ എത്താൻ. അത്യാവശ്യം കുറച്ചു ആളും ബഹളവും ഒക്കെയുള്ള ഒരു സ്ഥലം ആണ്. കുറച്ചു കടകളും റെസ്റ്റോറന്റുകളും ഒക്കെ ഉണ്ട് അവിടെ. എല്ലാവരെയും അവിടെ ഇറക്കി ഞാനും ചാക്കോയും കൂടി വണ്ടി പാർക്ക് ചെയ്യാൻ പോയി. തിരിച്ചു നടന്നു വരുന്ന വഴിക്ക് ഒരു കാപ്പിയും വാങ്ങി കൈയ്യിൽ പിടിച്ചു. നല്ല തണുപ്പത്ത് ഇങ്ങനെ ഒരു കാപ്പി കൈയ്യിൽ പിടിക്കാൻ തന്നെ ഒരു സുഖം ആണ്. എല്ലാവരും മുന്നിൽ നടന്നു പോകുന്നത് താഴെ റോഡിൽ നിന്ന് ഞങ്ങൾ കണ്ടു. ഞങ്ങളും മറ്റുള്ളവരുടെ അടുത്തേക്ക് നടന്നു തുടങ്ങി. വീട്ടിൽ ബീഫ് കറി വെക്കുമ്പോൾ കുക്കറിൽ നിന്നും വിസിൽ പോകുന്ന പോലെ ഹോട്ട് സ്പ്രിങ്ങിൽ നിന്നും ഇടക്കിടക്ക് വെള്ളം മുകളിലേക്ക് തെറിക്കുന്ന ഒച്ച കേൾക്കാം. കുറച്ചു നേരം അവിടെ കറങ്ങി നടന്നു ഫോട്ടോസ് ഒക്കെ എടുത്തു തിരിച്ചു അവിടെ തന്നെയുള്ള ചെറിയ കടകളിലേക്ക് എല്ലാവരും ഷോപ്പിംഗിനായി തിരിച്ചു. കാര്യമായ ഷോപ്പിംഗ് ഒന്നും ഇല്ലാത്തതുകൊണ്ട് ഞാൻ ഏലയ്‌ദയുടെ കൂടെ കൂടി. ചെറിയ ഒരു ലഞ്ച് കൂടെ അവിടെ നിന്നും എല്ലാവരും കഴിച്ചിലാക്കി. സാമ്പത്തികമായി കുറച്ചു ചിലവ് കൂടിയ സ്ഥലം ആണ് ഐസ്‌ലാൻഡ്. അവിടെ കാര്യമായ ഒന്നും ഉല്പാദിപ്പിക്കുന്നില്ല എന്നുള്ളത് തന്നെയാണ് അതിന്റെ കാരണം. എല്ലാ സാധനങ്ങളും മറ്റു രാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യണം. ചാക്കോയുടെ തള്ള് കേട്ടുകൊണ്ടിരുന്ന ഞാൻ അടുത്ത സ്റ്റോപ്പ് ആയ Gullfoss Waterfall ലൊക്കേഷൻ അപ്പോഴേക്കും ഗൂഗിൾ മാപ്പിൽ സെറ്റ് ചെയ്തു.

ഇവിടുത്തെ ഒരു പ്രധാനപ്പെട്ട ടൂറിസ്റ്റ് സ്ഥലം ആണ് Gullfoss Waterfall, പല കാലാവസ്ഥയിലും പല രൂപങ്ങൾ ആണ് ഇവിടെ. ഇപ്പോൾ നല്ല മഞ്ഞുള്ള സമയം ആയതിനാൽ മിക്കവാറും സ്ഥലങ്ങൾ എല്ലാം മഞ്ഞു മൂടി കിടക്കുകയാണ്. Gullfoss Waterfall ഒട്ടും വ്യത്യസ്തമായിരുന്നില്ല. ആകെ മൊത്തം തണുത്തുറഞ്ഞു കിടക്കുന്നതു കാണാം. പിന്നീട് ഇന്റർനെറ്റ് നോക്കിയപ്പോഴാണ് സമ്മർ ടൈമിൽ കുറച്ചു കൂടി ഭംഗിയുള്ളതായി തോന്നിയത്. രണ്ടു കാലാവസ്ഥയും രണ്ടുതരത്തിലുള്ള ഒരു അനുഭവും ആണ് നമുക്ക് തരുന്നത്. കുറച്ചുകൂടി അഡ്വെഞ്ചറസ് ആയി യാത്ര തോന്നണമെങ്കിൽ വിന്റർ സമയത്തു തന്നെ പോകണം. വണ്ടികൾ എല്ലാം ഞങ്ങൾ പാർക്ക് ചെയ്തു വെള്ളച്ചാട്ടത്തിന്റെ അടുത്തേക്ക് നടന്നു. നേരത്തെ പറഞ്ഞ പോലെ ചാടാൻ വെള്ളം ഒന്നും ഇല്ല. വീട്ടിലെ പഴയ ഫ്രിഡ്ജിനുള്ളിലെ ഫ്രീസർ തുറന്നു നോക്കുന്നത് പോലെ എല്ലാം ഐസ് ആയി കിടക്കുന്നു.

ഇനി നേരെ പോകുന്നത് വേറെ രണ്ടു വെള്ളച്ചാട്ടം കാണാൻ ആണ്. Skógafoss പിന്നെ Seljalandsfoss. അവിടുന്ന് നേരെ ഇന്നത്ത രാത്രി ബുക്ക് ചെയ്തിട്ടുള്ള Welcome Riverside Guesthouse ലേക്കും. അധികം ദൂരമൊന്നും ഇല്ലെങ്കിലും പോകുന്ന വഴിയിൽ നല്ല ഫോട്ടോ എടുക്കാൻ പറ്റിയ സ്ഥലങ്ങൾ ഒക്കെ നിർത്തി നിർത്തിയാണ് അവസാനം ഗസ്റ്റ്ഹൗസ് എത്തുന്നത്. അപ്പോഴേക്കും ഇരുട്ടായി തുടങ്ങിയിരുന്നു. വിന്റർ കൂടി ആയതുകൊണ്ട് നേരത്തെ തന്നെ ഇരുട്ട് വീഴും. കടകളും ഒക്കെ നേരത്തെ തന്നെ അടക്കുകയും ചെയ്യും. എന്തെങ്കിലും ഒക്കെ വാങ്ങണമെങ്കിലും നേരത്തെ വാങ്ങി വെക്കുന്നതാണ് നല്ലത്. എന്തായാലും കറങ്ങി തിരിഞ്ഞു ഗസ്റ്റ്ഹൗസ് എത്തി. എല്ലാവർക്കും ഉപയോഗിക്കാൻ ഉള്ള പൊതുവായ ഒരു കിച്ചൻ ആണ് അവിടെ ഉള്ളത്. വേറെ ഗസ്റ്റ് ആരും ഇല്ലാത്തതിനാൽ മൊത്തം ഞങ്ങളുടെ ടീമിന് തന്നെ ഉപയോഗിക്കാൻ പറ്റി. തിരക്കാകുന്നതിനു മുൻപ് ഞാൻ പോയി ഒരു മാഗ്ഗി ഉണ്ടാക്കി വിശപ്പ് ഒന്ന് ശമിപ്പിച്ചു. അത്യാവശ്യം ഒരു വെടിക്ക് ഉള്ള കോൺഫ്‌ളക്‌സ് പിന്നെ കുറച്ചു ബിസ്ക്കറ്റ് ഒക്കെ പെട്ടിയിൽ എപ്പോഴും സ്റ്റോക്ക് ഉണ്ട്. എന്തായാലും ഡിന്നർ ഒക്കെ കഴിഞ്ഞു എല്ലാവരും കൂടി വട്ടം കൂടി അന്നത്തെ വിശേഷങ്ങൾ ഒക്കെ പങ്കുവെച്ചു. തിരികെ എന്റെ റൂമിലേക്ക് പോകുന്ന വഴിക്ക് പുറത്തേക്കു ആരും കാണാത്ത ഒന്നു ഇറങ്ങി അവിടെ അടുത്തുള്ള ഒരു പുഴയുടെ സൈഡിൽ പോയി കുറച്ചു നേരം തെളിഞ്ഞ നീലാകാശം നോക്കി ഞാൻ നിന്നു. തണുപ്പ് കാരണം അധികം നേരം നിൽക്കാനും പറ്റുന്നില്ല. ഇനി ഇവിടെ കിടന്നു മരവിക്കേണ്ട എന്ന് കരുതി ഞാൻ റൂമിലേക്കു തിരിച്ചു വന്നപ്പോൾ ചാക്കോ നാളത്തേക്കുള്ള തെയ്യാറെടുപ്പ് തുടങ്ങിട്ടുണ്ടായിരുന്നു. നല്ല ക്ഷീണം ഉള്ളതുകൊണ്ട് ചാക്കോയെ അധികം വെറുപ്പിക്കാതെ ഒരു ഗുഡ് നൈറ്റ് പറഞ്ഞു ഞാൻ കിടന്നു.

[തുടരും]

Leave a Reply